മാഹി കൊലപാതകങ്ങള്‍
കുടിപ്പക രാഷ്ടീയത്തിന്റെ ഇരകള്‍
തലശ്ശേരി: മാഹിയിലെ സി.പി.എം പ്രവര്‍ത്തകന്‍ കണ്ണിപൊയില്‍ ബാബുവിന്റെയും ബി.എം.എസ് പ്രവര്‍ത്തകന്‍ ഷനോജിന്റെയും കൊലപാതകം കുടിപ്പക രാഷ്ട്രീയത്തിന്റെ തുടര്‍ച്ചയാണെന്നാണ് വിലയിരുത്തല്‍. ഇരുകൊലപാതകത്തിന്റെയും സാഹചര്യം ആറ് വര്‍ഷം മുമ്പുള്ള രാഷ്ട്രീയ കൊലപാതകം തന്നെ. സി.പി.എം പ്രവര്‍ത്തകന്‍ ബാബുവിനു നേരെ രണ്ടു വര്‍ഷം മുമ്പും വധശ്രമം നടന്നിരുന്നു.
2012ല്‍ പന്തക്കലില്‍ സി.പി.എം-ബി.ജെ.പി സംഘര്‍ഷത്തില്‍ രണ്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്നിങ്ങോട്ട് ചെറിയ അക്രമസംഭവങ്ങള്‍ ഇടവേളകളില്‍ അരങ്ങേറിയിരുന്നു. ഇത് കുടിപ്പകയായി ഇരുപാര്‍ട്ടിയിലെയും അണികള്‍ക്കിടയില്‍ പുകയുകയായിരുന്നു.
ശാശ്വത സമാധാനത്തിനായി നിരവധി സമാധാനയോഗങ്ങളും മറ്റും നടത്തിയെങ്കിലും താല്‍ക്കാലിക ആയുസ് മാത്രമേ ആ ശ്രമങ്ങള്‍ക്കൊക്കെ ഉണ്ടായിരുന്നുള്ളു. രണ്ടു വര്‍ഷം മുമ്പ് പയ്യന്നൂരില്‍ സി.പി.എം പ്രര്‍ത്തകനായ ധനരാജിനെ ബി.ജെ.പി സംഘം കൊലപ്പെടുത്തിയപ്പോള്‍ മണിക്കൂറുകള്‍ക്കുള്ളിലാണ് തിരിച്ചടി നല്‍കിയത്. പയ്യന്നൂരിലെ ഓട്ടോ ഡ്രൈവറും ബി.എം.എസ് പ്രവര്‍ത്തകനുമായ രാമചന്ദ്രനെയാണ് സി.പി.എം സംഘം ധനരാജ് വധത്തിന്റെ പകപോക്കലായി മണിക്കൂറുകള്‍ക്കകം വെട്ടി കൊലപ്പെടുത്തിയത്. സമാന രീതിയിലാണ് മാഹിയിലെ കൊലപാതകവും. സി.പി.എം പ്രവര്‍ത്തകന്‍ ബാബുവിന്റെയും ബി.എം.എസ് പ്രവര്‍ത്തകന്‍ ഷനോജിന്റെയും കൊലപാതകള്‍ക്കിടയില്‍ ഏതാണ്ട് അര മണിക്കൂറിന്റെ ഇടവേള മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ബാബുവിനെ കഴുത്തിന് വെട്ടിയാണ് കൊലപ്പെടുത്തിയതെങ്കില്‍ ഷനോജിനെ ഓട്ടോ തടഞ്ഞു നിര്‍ത്തി തലക്കും മുഖത്തുമാണ് വെട്ടിയത്. കണ്ണൂര്‍ ജില്ലയുടെ അതിര്‍ത്തി പ്രദേശമായ ചൊക്ലിയിലും പാറാലും ന്യൂ മാഹിയിലും രാഷ്ട്രീയ സംഘര്‍ഷം അരങ്ങേറുമ്പോള്‍ പോണ്ടിച്ചേരിയുടെ അതിര്‍ത്തി പ്രദേശമായ മാഹി ഭാഗങ്ങളിലും സംഘര്‍ഷം വ്യാപിക്കാറുണ്ട്.
ഈ പ്രദേശത്തെ രണ്ടു പാര്‍ട്ടികളെയും നിയന്ത്രിക്കുന്നത് രാഷ്ട്രീയ പകപോക്കലിന്റെ കണ്ണൂര്‍ രാഷ്ട്രീയം തന്നെയാണ് എന്നതാണ് കാരണം.