ഈ അധ്യയന വര്‍ഷത്തെ ആറാം പ്രവൃത്തി ദിനത്തിലെ കണക്കെടുപ്പില്‍ പൊതു വിദ്യാലയങ്ങളില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 84,000 വിദ്യാര്‍ഥികള്‍ കുറഞ്ഞെന്ന് കണ്ടെത്തല്‍. എന്നാല്‍, ജൂലായ് 15നു പ്രസിദ്ധീകരിക്കേണ്ടിയിരുന്ന തലയെണ്ണല്‍ കണക്ക് സര്‍ക്കാര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഈ വര്‍ഷം ഇത്രയേറെ കുട്ടികള്‍ എങ്ങനെ കുറഞ്ഞെന്ന് ആലോചിച്ചു തലപുകയ്ക്കുകയാണ് വിദ്യാഭ്യാസവകുപ്പ്.
കൊവിഡ് വേളയില്‍ പൊതുവിദ്യാലയങ്ങളില്‍ എത്തിച്ചേര്‍ന്ന വിദ്യാര്‍ഥികള്‍ അണ്‍ എയ്ഡഡ് സ്‌കൂളുകളിലേക്ക് മടങ്ങാന്‍ തുടങ്ങിയത് ഒരു കാരണമായി ചൂണ്ടിക്കാട്ടുന്നു. ജനനനിരക്കിലെ കുറവും വിദ്യാര്‍ഥികള്‍ കുറയാനുള്ള കാരണമാവാമെന്ന് വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
കഴിഞ്ഞ അധ്യയനവര്‍ഷത്തെ ആറാം പ്രവൃത്തിദിന കണക്കുകളനുസരിച്ച് ഒന്നുമുതല്‍ പത്തുവരെ ക്ലാസുകളിലായി 38,32,395 കുട്ടികളുണ്ടായിരുന്നു. 3,03,168 കുട്ടികള്‍ ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയിരുന്നു. ഈ വര്‍ഷം എത്രപേര്‍ ഒന്നാം ക്ലാസിലും മറ്റു ക്ലാസുകളിലുമായി ചേര്‍ന്നുവെന്നതിന്റെ വേര്‍തിരിച്ചുള്ള കണക്കുകള്‍ വിദ്യാഭ്യാസവകുപ്പ് വ്യക്തമാക്കിയിട്ടില്ല.
കഴിഞ്ഞവര്‍ഷംമുതല്‍ വിദ്യാര്‍ഥികളുടെ കുറവ് പ്രകടമായിരുന്നു. 2021-22ല്‍ 3.05 ലക്ഷം കുട്ടികള്‍ ഒന്നാം ക്ലാസില്‍ ചേര്‍ന്നെങ്കില്‍ 202223ല്‍ 3.03 ലക്ഷം പേരായി. 2246 കുട്ടികളുടെ കുറവ്. എന്നാല്‍, രണ്ടുമുതല്‍ 10 വരെ ക്ലാസുകളിലായി 1.19 ലക്ഷം കുട്ടികള്‍ പുതുതായിവന്നതിനാല്‍ ഈ കുറവ് പ്രകടമായില്ല. ഈ വര്‍ഷം 84,000 വിദ്യാര്‍ഥികളുടെ കുറവുണ്ടെങ്കിലും ഇത്രയും കുട്ടികള്‍ അണ്‍എയ്ഡഡ് ഉള്‍പ്പെടെയുള്ള സ്‌കൂളുകളിലേക്കു കൂടുമാറിയതാണോ എന്നതിന് വിദ്യാഭ്യാസവകുപ്പില്‍ കണക്കില്ല. അതേസമയം, സി.ബി.എസ്.ഇ. സ്‌കൂളുകളില്‍ അരലക്ഷത്തോളം വിദ്യാര്‍ഥികള്‍ കൂടിയിട്ടുണ്ടെന്നാണ് അനൗദ്യോഗിക വിലയിരുത്തല്‍.
ആധാര്‍ പിഴവുകള്‍ തിരുത്താന്‍ സമയം അനുവദിച്ചതിനാലാണ് ഈ വര്‍ഷത്തെ അന്തിമറിപ്പോര്‍ട്ട് വൈകുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.
കൊവിഡ് വേളയില്‍ രക്ഷിതാക്കള്‍ വരുമാനപ്രതിസന്ധി നേരിട്ടതിനാല്‍ പൊതുവിദ്യാലയങ്ങളില്‍ കുട്ടികളുടെ എണ്ണം വര്‍ധിച്ചിരുന്നു. 202021 വര്‍ഷം ഒന്നാം ക്ലാസില്‍ 2.76 ലക്ഷം പേര്‍ ചേര്‍ന്നത് 202122ല്‍ 3.05 ലക്ഷമായത് അങ്ങനെയായിരുന്നു. ഒന്നാം ക്ലാസില്‍ മാത്രം 28,482 കുട്ടികള്‍ കൂടി.
2022-23ല്‍ ഒന്നാം ക്ലാസില്‍ രണ്ടായിരത്തിലേറെ കുട്ടികള്‍ കുറഞ്ഞെങ്കിലും അഞ്ചാം ക്ലാസില്‍ 32,545 പേരും എട്ടില്‍ 28,791 പേരും പുതുതായി ചേര്‍ന്നു. അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍നിന്നും 24 ശതമാനവും മറ്റു സിലബസുകളിലെ 76 ശതമാനവും കുട്ടികള്‍ പൊതുവിദ്യാലയങ്ങളിലെത്തി
കൊവിഡിനെത്തുടര്‍ന്ന് സി.ബി.എസ്.ഇ. വിദ്യാര്‍ഥികളുടെ എണ്ണം ഏഴരലക്ഷമായി കുറഞ്ഞിരുന്നു. ഇത് കഴിഞ്ഞവര്‍ഷം എട്ടുലക്ഷമായി കൂടി. ഇത്തവണ 40,00050,000 വിദ്യാര്‍ഥികളുടെ വര്‍ധനയുണ്ടെന്നാണ് സി.ബി.എസ്.ഇ. സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്റെ തീരുമാനം.