X
    Categories: indiaNews

12ാം ഡോസ് വാക്‌സിന്‍ എടുക്കാനെത്തിയ 84 കാരന്‍ പിടിയില്‍

പറ്റ്‌ന: 11 തവണ വാക്‌സിനെടുത്തെന്ന അവകാശവാദവുമായി ബിഹാറിലെ 84 വയസുകാരന്‍. 12-ാം തവണ വാക്‌സിനെടുക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിക്കപ്പെട്ടതോടെയാണ് ഇയാള്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. മധേപുര ജില്ലയിലെ ഒറൈ ഗ്രാമത്തിലുള്ള ബ്രഹ്മദേവ് മണ്ഡല്‍ എന്നയാളാണ് കഥാനായകന്‍. ഇത്രയധികം തവണ അധികൃതരെ കബളിപ്പിച്ച് എങ്ങനെയാണ് ഇയാള്‍ വാക്‌സനെടുത്തതെന്നാണ് ഉദ്യോഗസ്ഥരുടെ ആലോചന.

‘എനിക്ക് വാക്‌സിനില്‍ നിന്ന് വളരെയധികം പ്രയോജനം ലഭിച്ചു. അതിനാലാണ് ഞാന്‍ അത് ആവര്‍ത്തിച്ച് എടുക്കുന്നത്- തപാല്‍ വകുപ്പില്‍ നിന്ന് വിരമിച്ച ജീവനക്കാരനായ മണ്ഡല്‍ പ്രതികരിച്ചു. 2021 ഫെബ്രുവരി 13നാണ് അദ്ദേഹം തന്റെ ആദ്യ ഡോസ് എടുത്തത്. മാര്‍ച്ച്, മെയ്, ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ ഓരോ തവണ വീതവും കുത്തിവെച്ചു. സെപ്റ്റംബറില്‍ മൂന്ന് തവണയാണ് കുത്തിവയ്പ്പ് നടത്തിയതത്രേ. ഡിസംബര്‍ 30നകം പൊതു ആരോഗ്യ കേന്ദ്രത്തില്‍ വെച്ച് 11 ഡോസുകളെടുക്കാന്‍ മണ്ഡലിന് കഴിഞ്ഞു. സര്‍ക്കാ ര്‍ ഒരു അത്ഭുതകരമായ കാര്യം ചെയ്‌തെന്നാണ് വാക്‌സിനെ കുറിച്ച് ഇയാള്‍ പറയുന്നത്.
വാക്‌സിനെടുക്കാനായി തന്റെ ആധാര്‍ കാര്‍ഡും ഫോണ്‍ നമ്പറും എട്ട് തവണ സമര്‍പ്പിച്ച മണ്ഡല്‍ ബാക്കി മൂന്നെണ്ണത്തില്‍ തന്റെ വോട്ടര്‍ ഐഡി കാര്‍ഡും ഭാര്യയുടെ ഫോണ്‍ നമ്പറും ഉപയോഗിച്ചതായാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്. മുതിര്‍ന്ന പൗരനെന്ന പരിഗണനയില്‍ വാക്‌സിന്‍ കേന്ദ്രങ്ങളില്‍ അനുവദിക്കുന്ന മുന്‍ഗണന ദുരുപയോഗിച്ചായിരുന്നു ഇയാളുടെ തട്ടിപ്പെന്നാണ് പ്രാഥമിക നിഗമനം.

Test User: