ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി
വിദേശ രാജ്യങ്ങളിലെ ജയിലുകളില്‍ കഴിയുന്നത് 8278 ഇന്ത്യക്കാരെന്ന് കേന്ദ്ര സര്‍ക്കാര്‍. 81 രാജ്യങ്ങളില്‍ ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന 156 തടവുകാരും വിചാരണ തടവുകാരും ഉള്‍പ്പെടെയാണിത്. പാര്‍ലമെന്റില്‍ ഞാന്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കവെയാണ് കേന്ദ്ര വിദേശകാര്യ സഹ മന്ത്രി വി മുരളീധരന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ ജയിലുകളില്‍ കഴിയുന്നത് ജി.സി.സി രാജ്യങ്ങളിലാണ്.
ഇതില്‍ യുഎഇയില്‍ ആണ് ഏറ്റവും കൂടുതല്‍ പേര്‍ തടവില്‍ കഴിയുന്നത്. 1480 ഇന്ത്യക്കാര്‍ ഇവിടെ തടവില്‍ കഴിയുന്നുണ്ട്. ഇതില്‍ അഞ്ചു പേര്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടവരാണ്. സഊദി അറേബ്യയില്‍ 1392 പേരും കുവൈത്തില്‍ 28 ജീവപര്യന്തം തടവുകാര്‍ ഉള്‍പ്പെടെ 458 ഇന്ത്യക്കാരുണ്ട്. 473 പേര്‍ ഖത്തര്‍ ജലിലുണ്ട്. 163 പേര്‍ ബഹ്റൈനിലും 7 പേര്‍ ഇറാനിലും മൂന്ന് പേര്‍ ഇറാഖിലും 68 ഇന്ത്യക്കാര്‍ ഒമാനിലെ ജയിലിലുമുണ്ട്.
ഇതിന് പുറമെ ഇന്ത്യയുടെ അയല്‍രാജ്യങ്ങളില്‍ 2000ത്തോളം പേര്‍ തടവില്‍ കഴിയുന്നു. അയല്‍ രാജ്യങ്ങളിലെ കണക്കില്‍ നേപ്പാളിലാണ് കൂടുതല്‍. ഇവിടെ 1112 പേരാണ് തടവിലുള്ളത്. ഒരു ജീവപര്യന്തം തടവുകാരനുള്‍പ്പെടെ പാകിസ്താനില്‍ 701 ഇന്ത്യക്കാരും ചൈനയില്‍ 13 ജീവപര്യന്തം തടവുകാരുള്‍പ്പെടെ 195 പേരും ബംഗ്ലാദേശില്‍ 50 പേരും ഭൂട്ടാനില്‍ 70 പേരും ശ്രീലങ്കയില്‍ 16 പേരും മ്യാന്‍മറില്‍ 39 ഇന്ത്യക്കാരും ജയിലില്‍ കഴിയുന്നു. അമേരിക്കയിലെ വിവിധ ജയിലുകളില്‍ 252 ഇന്ത്യക്കാര്‍ കഴിയുന്നുണ്ട്. ബ്രിട്ടനില്‍ 373 പേരും. സിംഗപ്പൂരില്‍ 119 പേരും മലേഷ്യയില്‍ 49 ജീവപര്യന്തം തടവുകാര്‍ ഉള്‍പ്പെടെ 294 ഇന്ത്യക്കാരും തടവില്‍ കഴിയുന്നു. ഫിലിപ്പീനില്‍ 35 പേരുണ്ട്. തായ്ലാന്റില്‍ 23, ഇന്തോനേഷ്യ 20 എന്നിങ്ങനെയാണ് കണക്ക്. ഇന്ത്യന്‍ എംബസികള്‍ ഇത്തരം സംഭവങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ആവശ്യമുള്ളവര്‍ക്ക് നിയമസഹായം നല്‍കാനും ശ്രമിക്കുന്നുണ്ട്.
കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന കണക്കുകള്‍ പ്രകാരം മറ്റു വിദേശ രാജ്യങ്ങളില്‍ കഴിയുന്നവരുടെ കണക്കുകള്‍ ഇപ്രകാരമാണ്. അല്‍ബേനിയ, അര്‍ജന്റീന ഒന്നു വീതം, ഓസ്‌ട്രേലിയ 80, ഓസ്ട്രിയ ആറ്, അസര്‍ബൈജാന്‍ നാല്, ബെലാറസ് 2, ബെല്‍ജിയം 12, കംബോഡിയ 5, കാമറൂണ്‍ 1, കനഡ 23, ചിലെ 1, കോംഗോ 1, ഐവറികോസ്റ്റ് 5, ക്യൂബ 1, സൈപ്രസ് 20, ഡെന്‍മാര്‍ക് 4, ഇക്വഡോര്‍ 3, ഈജിപ്ത് 2, ഫിജി 1, ജോര്‍ജ്ജിയ 12, ജര്‍മ്മനി 76, ഘാന 1, ഗ്രീസ് 22, ഇസ്രാഈല്‍ ആറ്, ജോര്‍ദാന്‍ 11, കെനിയ 1, കിര്‍ഗിസ്താന്‍ 2, ലാവോസ് 2, ലബനന്‍3, മഡഗാസ്‌കര്‍ 11, മലാവി 1, മാലദ്വീപ് 10, മൗറീഷ്യസ് 7, മെക്‌സികോ 1, മൊസാംബിക് 7, നോര്‍ത്ത് മാസിഡോണിയ 3, പരാഗ്വേ 1, പോളണ്ട് 6, പോര്‍ച്ചുഗല്‍ 11, അയര്‍ലന്‍ഡ് 1, ദക്ഷിണ കൊറിയ 8, റൊമാനിയ 3, റഷ്യ 15, സെനഗല്‍ 4, സെര്‍ബിയ 3, സ്ലോവാക്യ 1, സ്ലോവേന്യ 2, ദക്ഷിണാഫ്രിക്ക 4, സ്‌പെയിന്‍ 40, സ്വീഡന്‍ 1, താന്‍സാനിയ 1, ട്രിനിഡാഡ് ആന്റ് ടുബാഗോ 2, വിയറ്റ്‌നാം 1, യമന്‍ 1 എന്നിങ്ങനെയാണ്.
ഇന്ത്യക്കാര്‍ തടവുകളില്‍ കഴിയുന്ന പല വിദേശ രാജ്യങ്ങളും സ്വകാര്യത മാനിച്ച് തടവുകാരുടെ വിശദാംശങ്ങള്‍ നല്‍കുന്നില്ലെന്നും തടവുകാരുടെ സമ്മതത്തോടു കൂടി മാത്രമാണ് ചില രാജ്യങ്ങള്‍ വിവരം നല്‍കുന്നതെങ്കിലും ഇതില്‍ തന്നെ വിശദാംശങ്ങള്‍ വ്യക്തമായി ലഭിക്കുന്നില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. വിദേശ രാജ്യങ്ങളില്‍ കഴിയുന്ന ഇന്ത്യക്കാരുടെ സുരക്ഷയ്ക്കും ജീവനും കേന്ദ്രം ഉന്നത മൂല്യം കല്‍പിക്കുന്നതായും ജയിലുകളില്‍ കഴിയുന്ന ഇന്ത്യക്കാരുടെ കാര്യത്തില്‍ അതാത് രാജ്യങ്ങളിലെ ഇന്ത്യന്‍ മിഷനുകള്‍ ജാഗ്രതയോടെ വീക്ഷിക്കുന്നുണ്ടെന്നും കേന്ദ്രം വ്യക്തമാകമാക്കുന്നു.