X

മുംബൈയില്‍ ശിവസേനയും ബി.ജെ.പിയും ഒപ്പത്തിനൊപ്പം

മുംബൈ: ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ശിവസേനയും ബി.ജെ.പിയും ഒപ്പത്തിനൊപ്പം. വോട്ടെടുപ്പ് നടന്ന 226 സീറ്റുകളില്‍ 84 സീറ്റില്‍ ശിവസേന വിജയിച്ചപ്പോള്‍ 81 സീറ്റുകളില്‍ ബി. ജെ.പിക്കാണ് വിജയം. വന്‍ തിരിച്ചടി നേരിട്ട കോണ്‍ഗ്രസിന് 31 സീറ്റുകളേ നേടാനായുള്ളൂ. അതേസമയം ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ ഭരണം നിശ്ചയിക്കുന്നതില്‍ കോ ണ്‍ഗ്രസ് നിലപാട് നിര്‍ണായകമാകും.
എന്‍.സി.പി ഒമ്പതും എം. എന്‍.എസ് ഏഴും സീറ്റുകളില്‍ വിജയിച്ചപ്പോള്‍ അസദുദ്ദീന്‍ ഉവൈസിയുടെ നേതൃത്വത്തിലുള്ള എ.ഐ.എം.ഐ.എം മൂന്ന് സീറ്റുകളില്‍ വിജയിച്ചു. മറ്റു കക്ഷികള്‍ ആറ് സീറ്റുകള്‍ സ്വന്തമാക്കി. മറ്റ് അഞ്ച് കോര്‍പ്പറേഷനുകളിലും ബി.ജെ.പി മുന്നേറ്റം കാഴ്ചവെച്ചെങ്കിലും നാഗ്പൂരിലും പിംപ്രി-ചിഞ്ചവാദ് കോര്‍പ്പറേഷനിലും മാത്രമാണ് തനിച്ചു ഭൂരിപക്ഷം നേടാനായത്.കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികളുടെ തകര്‍ച്ചയാണ് ബി.ജെ.പിക്ക് നേട്ടമായി മാറിയത്. 2012ലെ തെരഞ്ഞെടുപ്പില്‍ 52 സീറ്റുണ്ടായിരുന്ന കോ ണ്‍ഗ്രസ് ഇത്തവണ 31 സീറ്റിലേക്ക് ഒതുങ്ങി. എം.എന്‍.എസിനും കനത്ത തിരിച്ചടി നേരിട്ടു.
2012ല്‍ 28 സീറ്റുണ്ടായിരുന്ന സ്ഥാനത്ത് ഇത്തവണ കേവലം ഏഴു സീറ്റിലേക്കാണ് എം. എന്‍. എസ് കൂപ്പു കുത്തിയത്. 75 സീറ്റുണ്ടായിരുന്ന ശിവസേന ഇത്തവണ 84 സീറ്റായി നില മെച്ചപ്പെടുത്തി. 13 സീറ്റുണ്ടായിരുന്ന എന്‍. സി.പിക്ക് ഇത്തവണ ഒമ്പത് സീറ്റിലേ വിജയിക്കാനായുള്ളൂ. സംസ്ഥാന ഭരണത്തിലെ സഖ്യ കക്ഷികളായ ബി. ജെ. പിയും ശിവസേനയും തമ്മില്‍ നേര്‍ക്കുനേര്‍ അങ്കത്തിനിറങ്ങിയതോടെ, തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യ ഘട്ടം മുതല്‍ തന്നെ മറ്റു കക്ഷികള്‍ അപ്രസക്തരായിരുന്നു.

chandrika: