X

മുഖ്യമന്ത്രിയുടെ കൂടെ ഇരിക്കാന്‍ 82 ലക്ഷം; താരനിര മാതൃകയില്‍ അമേരിക്കയിലെ ലോകകേരള സഭ സമ്മേളനം

യുഎസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന ലോകകേരള സഭ മേഖലാ സമ്മേളനത്തിനായി സംഘാടകസമിതിയുടെ മറവില്‍ വന്‍ തുക പിരിച്ചെടുത്തു. താരനിശ സംഘടിപ്പിക്കുന്ന മാതൃകയില്‍ ഗോള്‍ഡ്, സില്‍വര്‍, ബ്രോണ്‍സ് പാസുകള്‍ നല്‍കിയാണ് സ്‌പോണ്‍സര്‍ഷിപ്പ് സ്വീകരിക്കുന്നത്. ഗോള്‍ഡിന് ഒരു ലക്ഷം ഡോളര്‍ (ഏകദേശം 82 ലക്ഷം രൂപ) സില്‍വറിന് 50000 ഡോളര്‍ (ഏകദേശം 41 ലക്ഷം രൂപ) ബ്രോണ്‍സിന് 25000 ഡോളര്‍ (ഏകദേശം 20.5 ലക്ഷം രൂപ) എന്നിങ്ങനെയാണ് നല്‍കേണ്ടത്.

മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി കെ.എന്‍.ബാലഗോപാല്‍, സ്പീക്കര്‍ എ.എന്‍.ഷംസീര്‍, നോര്‍ക്ക വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണന്‍ എന്നിവരുടെയും സമ്മേളനം നടക്കുന്ന ന്യൂയോര്‍ക്കിലെ ആഡംബര ഹോട്ടലിന്റെയും ചിത്രം സഹിതമുള്ള താരിഫ് കാര്‍ഡ് അമേരിക്കന്‍ മലയാളികളുടെ ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നുണ്ട്.

വലിയ സ്‌പോണ്‍സര്‍ഷിപ് നല്‍കുന്നവര്‍ക്കു സമ്മേളന വേദിയില്‍ അംഗീകാരവും കേരളത്തില്‍നിന്നുള്ള വിഐപികള്‍ക്കൊപ്പമുള്ള ഡിന്നറുമടക്കം ഏറെ വാഗ്ദാനങ്ങളുണ്ട്. ലോകകേരള സഭ സര്‍ക്കാരിന്റെ സംരംഭമായിരിക്കെയാണ്, ആ പേരില്‍ പുറത്തുള്ളവര്‍ പല വാഗ്ദാനം നല്‍കി പണം പിരിക്കുന്നത്. സര്‍ക്കാര്‍ ഈ തുകയുടെ കണക്കെടുക്കുന്നില്ല. സംഘാടകസമിതിയില്‍ സര്‍ക്കാര്‍ പ്രതിനിധിയുമില്ല.

ഈ മാസം 9 മുതല്‍ 11 വരെ ന്യൂയോര്‍ക്കിലെ മാരിയറ്റ് മാര്‍ക്വിസ് ഹോട്ടലിലുമായാണു സമ്മേളനം.
മുഖ്യമന്ത്രിയും ധനമന്ത്രിയും മാത്രമാണു പങ്കെടുക്കുന്നതെന്നിരിക്കെ, മുഖ്യമന്ത്രിയും ഒരു ഡസനിലധികം മന്ത്രിമാരും പങ്കെടുക്കുമെന്നാണു സ്‌പോണ്‍സര്‍മാരെത്തേടി പ്രചരിക്കുന്ന താരിഫ് കാര്‍ഡിലെ വാഗ്ദാനം. ഹോട്ടലിലെ സമ്മേളനത്തിനുശേഷം സമീപത്തുള്ള ടൈം സ്‌ക്വയറിലാണു പൊതുസമ്മേളനം.

ലോകകേരളസഭയിലെ അംഗങ്ങള്‍ക്ക് ഒരുക്കങ്ങള്‍ വിശദീകരിച്ച് ഓര്‍ഗനൈസിങ് സെക്രട്ടറി അയച്ച ഇമെയിലിലും താരിഫ് കാര്‍ഡ് നല്‍കിയിട്ടുണ്ട്. സ്‌പോണ്‍സര്‍മാരെ കണ്ടെത്താന്‍ സഹായിക്കണമെന്നാണ് അഭ്യര്‍ഥന. സമ്മേളനത്തിന്റെ ചെലവു വഹിക്കുന്നതു പ്രാദേശികമായ സംഘാടക സമിതിയാണെന്നും സ്‌പോണ്‍സര്‍ഷിപ്പിലൂടെയാണ്. കേരളത്തില്‍നിന്നുള്ള പ്രതിനിധി സംഘത്തിന്റെ യാത്രാക്കൂലി മാത്രമാണു സര്‍ക്കാരിനു ചെലവ്.

 

webdesk13: