X

മഞ്ഞപ്പിത്തത്തെ നേരിടാന്‍ ജാഗ്രത; കോഴിക്കോട് 80 പേര്‍ക്ക് സ്ഥിരീകരിച്ചു

കോഴിക്കോട്:തലക്കുളത്തൂര്‍ പഞ്ചായത്തില്‍ 23 പേര്‍ക്ക് കൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതോടെ കാലവര്‍ഷത്തോടനുബന്ധിച്ചുണ്ടാകുന്ന പനിരോഗങ്ങളെ നേരിടാന്‍ ജില്ലയില്‍ ജാഗ്രത. ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മഞ്ഞപ്പിത്ത ബാധിതരുടെ നിലവില്‍ 80 കവിഞ്ഞു. രോഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ നേരത്തെ പഞ്ചായത്ത്തല യോഗം ചേര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെട്ട സ്‌ക്വാഡ് രൂപീകരിച്ചിരുന്നു. ശനിയാഴ്ച പുതിയ 23 കേസുകള്‍ കൂടി റിപ്പോര്‍ട്ടു ചെയ്തതോടെ 15 സ്‌ക്വാഡുകളിലായി 40 പേര്‍ 284 വീടുകള്‍ സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ചു. 269 കിണറുകള്‍ ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്തു. 52 കച്ചവട സ്ഥാപനങ്ങളില്‍ ശുചിത്വ പരിശോധന നടത്തി. മഞ്ഞപ്പിത്ത പ്രതിരോധ ബോധവല്‍ക്കരണത്തിനായി വിവിധ ക്ലാസ്സുകള്‍ സംഘടിപ്പിച്ചു. ലഘുലേഖകള്‍ വിതരണം ചെയ്തു. ഹോട്ടല്‍, ബേക്കറി ഉള്‍പ്പെടെ മൂന്ന് കടകള്‍ക്ക് പൊതുജനാരോഗ്യ നിയമ പ്രകാരം നോട്ടീസ് നല്‍കി.സംസ്ഥാന ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലെ ഒആര്‍ടി ഓഫീസര്‍ ഡോക്ടര്‍ മഞ്ജുള ഭായിയുടെ നേതത്വത്തിലുള്ള ടീം നേരത്തെ തലക്കുളത്തൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രം സന്ദര്‍ശിച്ചു സ്ഥിതി വിലയിരുത്തിയിരുന്നു. പകര്‍ച്ചവ്യാധി നിയന്ത്രണ സര്‍വ്വകക്ഷി യോഗത്തില്‍ മന്ത്രി എകെ ശശീന്ദ്രന്‍ സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

രോഗലക്ഷണമുണ്ടെങ്കില്‍ അറിയിക്കണം: ഡി.എം.ഒ

കോഴിക്കോട്: തലക്കുളത്തൂര്‍ പഞ്ചായത്തിലെ 10ാം വാര്‍ഡില്‍ ഒരു ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്തവരില്‍ മഞ്ഞപ്പിത്ത ലക്ഷണം കാണപ്പെട്ട സാഹചര്യത്തില്‍ ആര്‍ക്കെങ്കിലും മഞ്ഞപ്പിത്തരോഗ ലക്ഷണങ്ങള്‍ കാണപ്പെടുകയാണെങ്കില്‍ ജില്ലാ മെഡിക്കല്‍ ഓഫീസി (ആരോഗ്യം) ല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ (ഫോണ്‍ നമ്പര്‍ 04952376063) അറിയിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.ജയശ്രീ വി.അറിയിച്ചു.
ഭക്ഷണപാനീയങ്ങള്‍ കഴിച്ചവര്‍ക്ക് കണ്ണിനും, മൂത്രത്തിനും മഞ്ഞനിറം ,പനി, വിശപ്പില്ലായ്മ, ഛര്‍ദ്ദില്‍, എന്നീ ലക്ഷണങ്ങള്‍ ഉണ്ടോ എന്ന് ശ്രദ്ധിക്കേണ്ടതും, ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തി പരിശോധനയ്ക്ക് വിധേയരാകേണ്ടതുമാണ്. സാധാരണ ഈ അസുഖത്തിന്റെ രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ചാല്‍ 10 മുതല്‍ 50 ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നതാണ് .രോഗലക്ഷണം എത്രയും നേരത്തേ കണ്ടെത്തുകയാണ് പ്രധാനം. പരിഭ്രമത്തിന്റെ ആവശ്യമില്ല.ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നും കൊഴുപ്പു കുറഞ്ഞ, പോഷകസമൃദ്ധമായ ഭക്ഷണവും നിര്‍ദ്ദേശിക്കപ്പെടുന്ന കാലം വരെ കഴിച്ചാല്‍ രോഗം ഗുരുതരമാകാതിരിക്കാനും ഭേദമാകാനും സഹായിക്കുമെന്നും ഇക്കാര്യം രോഗികളും അവരെ പരിചരിക്കുന്നവരും ശ്രദ്ധിക്കണമെന്നും ഡി.എം.ഒ അറിയിച്ചു.

chandrika: