ബെംഗളുരു: വോട്ടിങ് യന്ത്രത്തിലെ ക്രമക്കേടുകള്‍ സംബന്ധിച്ച പരാതി വ്യാപകമാകുന്നതിനിടെ വോട്ടിങ് യന്ത്രത്തോടൊപ്പം ഘടിപ്പിക്കുന്ന, വോട്ട് ആര്‍ക്ക് രേഖപ്പെടുത്തി എന്ന രശീത് കാണിക്കുന്ന എട്ട് വിവ്പാറ്റ് യന്ത്രങ്ങള്‍ കര്‍ണാടകയില്‍ തൊഴിലാളികള്‍ താമസിക്കുന്ന ഷെഡ്ഡില്‍ കണ്ടെത്തി.
ഞായറാഴ്ച ബസവനബാഗെവാഡി താലൂക്കിലെ മനാഗുലി ഗ്രാമത്തില്‍ ദേശീയപാതാ തൊഴിലാളികള്‍ക്കു വേണ്ടി നിര്‍മിച്ച താല്‍ക്കാലിക ഷെഡ്ഡിലാണ് യന്ത്രങ്ങള്‍ കണ്ടെത്തിയത്. യന്ത്രങ്ങള്‍ പിടിച്ചെടുത്തതായും ഇവിടെ താമസിച്ചിരുന്ന തൊഴിലാളിക്കെതിരെ കേസെടുത്തതായും പൊലീസ് പറഞ്ഞു. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വിവ്പാറ്റ് യന്ത്രങ്ങള്‍ കണ്ടെത്തിയ കാര്യം കര്‍ണാടക മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ സഞ്ജീവ് കുമാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. വിവ്പാറ്റ് പെട്ടികള്‍ തൊഴിലാളികള്‍ വസ്ത്രം സൂക്ഷിക്കാന്‍ വേണ്ടി ഉപയോഗിച്ചു വരികയായിരുന്നുവെന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.
കര്‍ണാടക തെരഞ്ഞെടുപ്പില്‍ തോറ്റ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അബ്ദുല്‍ ഹമീദ് മുഷ്‌റിഫ്, വോട്ടിങ് യന്ത്രത്തില്‍ ക്രമക്കേട് ആരോപിച്ച് കേസ് നല്‍കിയ വിജയ്പുര മണ്ഡലത്തിലാണ് സംഭവം. മുഷ്‌റിഫ് വിവ്പാറ്റ് യന്ത്രങ്ങള്‍ കണ്ടെത്തിയ സ്ഥലം സന്ദര്‍ശിച്ചിട്ടുണ്ട്.