X

എട്ട് മാസം പ്രായമായ കുഞ്ഞിനെ പീഡിപ്പിച്ച സംഭവം; ആരോഗ്യസ്ഥിതിയില്‍ ആശങ്കയുണ്ടെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ലൈംഗിക പീഡനത്തിന് ഇരയായ എട്ടു മാസം പ്രായമുള്ള കുഞ്ഞിന്റെ ആരോഗ്യസ്ഥിതിയില്‍ ആശങ്കയുണ്ടെന്ന് സുപ്രീംകോടതി. രണ്ട് വിദഗ്ധ ഡോക്ടര്‍മാരെ കുട്ടി ചികിത്സയില്‍ കഴിയുന്ന സ്വകാര്യ ആസ്പത്രിയിലേക്ക് അയക്കാന്‍ ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസി(എയിംസ്)നോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. സാഹചര്യം അനുകൂലമെങ്കില്‍ കുട്ടിയെ എയിംസിലേക്ക് മാറ്റി വിദഗ്ധ ചികിത്സ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. ആസ്പത്രിയില്‍ കഴിയുന്ന കുട്ടിക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്നും കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം പറഞ്ഞത്.

ശരീരത്തിന്റെ പല ഭാഗങ്ങളിലും മുറിവേറ്റ് രക്തം വരുന്ന നിലയില്‍ ഞായറാഴ്ചയാണ് കുട്ടിയെ കണ്ടെത്തിയത്. ആദ്യ ദിനം തന്നെ മൂന്നു മണിക്കൂറോളം നീണ്ട ശസ്ത്രക്രിയക്ക് കുട്ടിയെ വിധേയമാക്കിയിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന കുട്ടിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണെന്നും അടുത്ത രണ്ടു മൂന്നു ദിവസത്തേക്ക് നിര്‍ണായകമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചതായി കൂലിത്തൊഴിലാളി കൂടിയായ കുട്ടിയുടെ പിതാവ് പറഞ്ഞു.
കുട്ടിയെ സന്ദര്‍ശിച്ച് ഇന്നു തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് എംയിസിലെ ഡോക്ടര്‍മാരോട് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ഡോക്ടര്‍മാരെ സഹായിക്കാന്‍ ഡല്‍ഹി ലീഗല്‍ സെല്‍ സര്‍വീസ് അതോറിറ്റിക്കും കോടതി നിര്‍ദേശം നല്‍കി.

ബന്ധുവായ യുവതിയെ നോക്കാന്‍ ഏല്‍പ്പിച്ച് മാതാപിതാക്കള്‍ പുറത്തുപോയ സമയത്താണ് കുട്ടി പീഡനത്തിനിരയായത്. നോക്കാല്‍ ഏല്‍പ്പിച്ച യുവതിയുടെ മകനാണ് കുട്ടിയെ പീഡിപ്പിച്ചത്. ഇയാളെ അന്നുതന്നെ പൊലീസ് പിടിയിലാവുകയും കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു. കുറ്റവാളിക്ക് വധശിക്ഷ നല്‍കണമെന്ന് കുട്ടിയുടെ പിതാവ് ആവശ്യപ്പെട്ടു. തന്റെ സഹോദരന്റെ മകനാണെന്നത് പരിഗണിക്കുന്നില്ല. വീടിനുള്ളില്‍ ഇങ്ങനെ പ്രവര്‍ത്തിക്കുന്ന ഒരാള്‍ പുറത്ത് എത്ര വലിയ കുറ്റങ്ങള്‍ ചെയ്യുമെന്നും പിതാവ് ചോദിച്ചു.

chandrika: