ഭോപ്പാല്‍: തുടര്‍ച്ചയായി പെയ്യുന്ന റെക്കോര്‍ഡ് മഴയില്‍ മധ്യപ്രദേശ് പ്രളയ ദുരിതത്തില്‍. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും സംസ്ഥാനത്തെ 12 ജില്ലകളില്‍ പ്രളയ കെടുതി നേരിടുന്നതായാണ് റിപ്പോര്‍ട്ട്. വ്യാഴാഴ്ച മുതല്‍ ആരംഭിത്ത കനത്ത മഴയില്‍ മധ്യപ്രദേശിലെ വിവിധ ഭാഗങ്ങള്‍ വെളളത്തിന്റെ അടിയിലാവുകയും പതിനായിരത്തോളം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. പ്രളയില്‍ കെടുതിയില്‍പെട്ട് എട്ടു പേര്‍ മരിച്ചതായും റിപ്പോര്‍ട്ടുണ്ട്
വ്യാഴാഴ്ച മുതല്‍ ആരംഭിച്ച മഴക്ക് ഇന്നാണ് നേരിയ ശമനം ഉണ്ടായത്. ഇതോടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. ദേശീയ ദുരന്ത നിവാരണ സേന രംഗത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് കരസേനയുടെ സഹായം തേടിയിരിക്കുകയാണ് മധ്യപ്രദേശ്.
വെളളത്തിന്റെ അടിയിലായ ഹോഷങ്കാബാദ്, ഭോപ്പാല്‍, വിദിഷ, ചിന്ദ്വാര, കട്നി തുടങ്ങിയ ജില്ലകളാണ് ഏറ്റവുമധികം കെടുതി നേരിടുന്നത്. ഭോപ്പാലിലെ വൈന്‍ഗംഗാ നദിയിലെ പുതിയ പാലം കനത്ത മഴയെ തുടര്‍ന്നു തകര്‍ന്നു.
വ്യോമസേനയുടെ സഹായത്തോടെ നിരവധിപ്പേരെയാണ് എയര്‍ലിഫ്റ്റ് ചെയ്താണ് ക്യാമ്പിലെത്തിച്ചത്. സോമാല്‍വാഡ ഗ്രാമത്തില്‍ നിന്നുമാത്രം 62 പേരെയാണ് എയര്‍ ലിഫ്റ്റ് ചെയ്തത്.