ന്യൂഡല്‍ഹി: പതിനേഴാം ലോക്‌സഭയിലേക്കുള്ള അവസാനഘട്ട ജനവിധി ഇന്ന് നടക്കും. എട്ട് സംസ്ഥാനങ്ങളിലായി 59 ലോക്‌സഭാ മണ്ഡലങ്ങളാണ് ഇന്ന് ബൂത്തിലെത്തുന്നത്. ഇതോടെ ഒരുമാസവും എട്ടു ദിവസവും നീണ്ടുനിന്ന മാരത്തണ്‍ വോട്ടെടുപ്പ് പൂര്‍ത്തിയാകും. മെയ് 23നാണ് മുഴുവന്‍ ലോക്‌സഭാ മണ്ഡലങ്ങളിലേയും വോട്ടെണ്ണല്‍. വിവിധ സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലും 23ന് നടക്കും.
918 സ്ഥാനാര്‍ത്ഥികളാണ് അവസന ഘട്ടത്തില്‍ മത്സരരംഗത്തുള്ളത്. 10.17 കോടി വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിക്കും. പഞ്ചാബിലും ഉത്തര്‍പ്രദേശിലും 13 വീതവും പശ്ചിമബംഗാളില്‍ ഒമ്പതും ബിഹാറിലും മധ്യപ്രദേശിലും എട്ടു വീതവും ഹിമാചല്‍പ്രദേശില്‍ നാലും ജാര്‍ഖണ്ഡില്‍ മൂന്നും ഛണ്ഡീഗഡില്‍ ഒന്നും മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുന്നത്. അവസാന ഘട്ട വോട്ടെടുപ്പ് നടക്കുന്ന 59 സീറ്റുകളില്‍ 30 എണ്ണവും ബി.ജെ.പിയുടെ സിറ്റിങ് സീറ്റുകളാണ്. എന്നാല്‍ ഇത്തവണ പഞ്ചാബിലും യു.പിയിലും ബി.ജെ.പിക്ക് കനത്ത തിരിച്ചടി നേരിടുമെന്നാണ് വിലയിരുത്തല്‍.
പ്രധാനമന്ത്രി നരേന്ദ്രമോദി ജനവിധി തേടുന്ന വരാണസിയാണ് അവസാനഘട്ടത്തിലെ ശ്രദ്ധേയ മണ്ഡലം. കോണ്‍ഗ്രസ് നേതാവ് അജയ് റായ്, എസ്.പി നേതാവ് ശാലിനി യാദവ് എന്നിവരാണ് മോദിയുടെ എതിരാളികള്‍.
യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തട്ടകമായ ഗോരഖ്പൂര്‍ ആണ് മറ്റൊരു ശ്രദ്ധേയ മണ്ഡലം. 2014ല്‍ യോഗി ആദിത്യനാഥ് ജയിച്ച മണ്ഡലത്തില്‍ പക്ഷേ 2017ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി ദയനീയമായി പരാജയപ്പെട്ടിരുന്നു. ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലെത്തിയ ശത്രുഘ്‌നന്‍ സിന്‍ഹ ജനവിധി തേടുന്ന ബിഹാറിലെ പറ്റ്‌ന സാഹിബ് ആണ് മറ്റൊരു ശ്രദ്ധേയ മണ്ഡലം.