കൊണ്ടോട്ടി: സംസ്ഥാനത്ത് വാട്ടര്‍ അതോറിറ്റി ഉത്പാദിപ്പിക്കുന്ന വെള്ളത്തിന്റെ നാല്‍പ്പത് ശതമാനത്തിലധികം വരുമാനമില്ലാത്ത ജലമായി മാറുന്നു. നിയമസഭയില്‍ ടി.വി. ഇബ്രാഹീം എം.എല്‍.എയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് ജല വിഭവ വകുപ്പ് മന്ത്രിയുടെ ഈ വിശദീകരണം. വെള്ളക്കരം ക്രമാധീതമായി ഉയര്‍ത്തിയ വാട്ടര്‍ അതോറിറ്റിക്ക് അതേ സമയം കുടിശിക ഇനത്തില്‍ പിരിഞ്ഞ് കിട്ടാനുള്ളത് ഭീമമായ തുകയാണ്.
കുടിശിക ഇനത്തില്‍ 1591.80 കോടി രൂപയാണ് പിരിഞ്ഞു കിട്ടാനുള്ളത്. ഇതില്‍ ഗാര്‍ഹികം -190.63 കോടി, ഗാര്‍ഹികേതരം-133.09 കോടി (സര്‍ക്കാര്‍ പൊതുമേഖല ഒഴികെ) മറ്റുള്ളവ-79.84കോടി പൊതുമേഖല സ്ഥാപനങ്ങള്‍:10.57 കോടി സര്‍ക്കാര്‍ ഓഫീസുകള്‍: 222.12 കോടി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍: 955.55 കോടി എന്നിങ്ങനെയാണ്. വെള്ളക്കരം കുടിശിക പിരിച്ചെടുക്കുന്നതിന് ശക്തമായ പല നടപടി കളും വാട്ടര്‍ അതോറിറ്റി സ്വീകരിച്ചുവരുന്നുണ്ടെങ്കിലും ഭീമമായ തുക ഇനിയും പിരിഞ്ഞു കിട്ടാനുണ്ട്. കൃത്യമായി ബില്ല് അടക്കാത്ത ഉപഭോക്താക്കള്‍ക്ക് ഡിസ്‌കണക്ഷന്‍ നോട്ടീസ് നല്‍കുകയും അടക്കാത്തപക്ഷം ഡിസ്‌കണക്ഷന്‍ നടത്തുകയും ചെയ്യുന്നുണ്ട്.
അധിക കുടിശ്ശിക വരുത്തിയ ഉപഭോക്താക്കളുടെ കുടിശിക നിവാരണം ചെയ്യുന്നതിന് ആംനസ്റ്റി പദ്ധതിപ്രകാരം വെള്ളക്കരം അടയ്ക്കുന്നതിന് ക്രമീകരണം ചെയ്തു വരുന്നു. സമയബന്ധിതമായി കുടിശിക കൂടാതെ തീര്‍ക്കുന്നതിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വാര്‍ റൂം എല്ലാ സെക്ഷന്‍ സബ് ഡിവിഷന്‍, ഡിവിഷന്‍തലത്തിലും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
ഉപഭോക്താവ് ആവശ്യപ്പെടുന്ന മുറയ്ക്ക് തവണകള്‍ ആയി കുടിശിക അടയ്ക്കുന്നതിന് ക്രമീകരണങ്ങള്‍ ചെയ്തു വരുന്നു. ഓഫീസുകളുടെ സര്‍ക്കാര്‍ കുടിശിക പിരിച്ചെടുക്കുന്നതിന് അതോറിറ്റിയുടെ എല്ലാ ഓഫീസുകളില്‍ നിന്നും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കുടിശ്ശിക തുക അടക്കണമെന്ന് കാണിച്ചു കത്ത് ഇളവുകള്‍ നല്‍കി കുടിശ്ശിക തുക പിരിച്ചെടുക്കാനുള്ള തീവ്ര ശ്രമം നടത്തി വരുന്നു.
യുദ്ധകാലഅടിസ്ഥാനത്തില്‍ തുക പിരിച്ചെടുക്കുന്നതിനു കുടിശികക്ക് വേണ്ടി എല്ലാ ഓഫീസുകളിലും 01/01/2023 മുതല്‍ 31/03/2023 വരെ വാര്‍ റൂമുകള്‍ പ്രവര്‍ത്തിക്കും.
കേരള വാട്ടര്‍ അതോറിറ്റി വിതരണം ചെയ്യുന്ന 40 – 45% വരുമാനരഹിത ജലംആയാണ് കണക്കാക്കുന്നത്. ഇതില്‍ പൈപ്പുകളിലൂടെ മറ്റും ഉള്ള ചോര്‍ച്ച കാരണം ഉണ്ടാകുന്ന നഷ്ടവും (ഭൗതിക നഷ്ടം) മീറ്റര്‍ തകരാര്‍, മോഷണം തുടങ്ങിയ കാരണങ്ങള്‍ കൊണ്ട് ജലത്തിന്റെ ശരിയായ ഉപയോഗം തിട്ടപ്പെടുത്തുവാന്‍ കഴിയാത്തതു മൂലമുള്ള നഷ്ടവും ഉള്‍പ്പെടുന്നു. പൈപ്പ് കണക്ഷനുകളുടെ ചോര്‍ച്ച മൂലം പ്രതിദിന വിതരണത്തിനായി തായ്യാറാക്കുന്ന വെള്ളത്തിന്റെ നഷ്ടം (ഭൗതിക നഷ്ടം) 20-25% വരെയാണ്.
പൈപ്പുകള്‍ പൊട്ടുന്നത് മൂലമുണ്ടാകുന്ന ജലനഷ്ടം ഒഴിവാക്കുന്നതിന് റണ്ണിങ് കോണ്‍ട്രാക്ടര്‍ മുഖേനയും, ബ്ലൂ ബ്രിഗേഡ് സംവിധാനം ഉപയോഗിച്ചും പൊട്ടിയ പൈപ്പിന്റെ ഭാഗങ്ങള്‍ അടിയന്തരമായി മാറ്റി സ്ഥാപിച്ച് ജലനഷ്ടം ഒഴിവാക്കി വരുന്നുണ്ടെന്നാണ് ജല അതോറിറ്റി ഇക്കാര്യത്തില്‍ വിശദീകരിക്കുന്നത്.
വെള്ളക്കരം ഇനത്തില്‍ ഭീമമായ തുക പിരിച്ചെടുക്കാനുണ്ടായിട്ടും സാധാരണക്കാരന്റെ നടുവൊടിക്കുന്ന രീതിയില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് സംസ്ഥാനത്ത് വെള്ളക്കരം കൂട്ടിയിരുന്നു.
നാല് അംഗങ്ങള്‍ ഉള്ള ഒരു കുടുംബത്തിന് പുതിയ നിരക്കനുസരിച്ച് പ്രതിമാസം 120 രൂപയോളം വെള്ളക്കരത്തില്‍ അധികം നല്‍കേണ്ടി വരും. നിലവില്‍ ഏറ്റവും കുറഞ്ഞ നിരക്ക് 1000 ലിറ്ററിന് 4 രൂപ 41 പൈസയാണ്. അത് പത്ത് രൂപ കൂടി 14.41 ആയി മാറിയതും സാധാരണക്കാരന് വന്‍ തിരിച്ചടിയായി.