X

ആത്മാഭിമാനത്തിന്റെ 75

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

ഇന്ത്യന്‍ ഭരണഘടനയില്‍ ആര്‍ട്ടിക്കിള്‍ 25 മുതല്‍ 30 വരെയുള്ള ഭാഗങ്ങളാണ് സാമൂഹികമായി പിന്നാക്കംനില്‍ക്കുന്ന മത ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേകമായ അവകാശങ്ങള്‍ ഉറപ്പ്‌നല്‍കുന്നത്. ഏട്ടിലെ പശു പുല്ല് തിന്നാറില്ല എന്ന് പറയാറുള്ളത് പോലെ ഭരണഘടനയില്‍ ആലേഖനം ചെയ്തത്‌കൊണ്ട്മാത്രം ഒരിക്കലും അവകാശങ്ങള്‍ യഥാര്‍ഥ്യമാവില്ല. രാഷ്ട്രീയ സംഘാടനവും നിയമനിര്‍മാണ സഭകളിലെ ഇടപെടലുകളും മാത്രമാണ് കരണീയമെന്ന ചിന്തയില്‍ നിന്നാണ് അഭിമാനകരമായ അസ്തിത്വം എന്ന മഹത്തായ ലക്ഷ്യത്തിനായി 1948 മാര്‍ച്ച് 10ന് മദിരാശിയിലെ രാജാജി ഹാളില്‍ മുസ്‌ലിം ലീഗ് പ്രസ്ഥാനം പിറവികൊണ്ടത്. ബഹുസ്വരതക്കും ജനാധിപത്യത്തിനും ശക്തി പകര്‍ന്നും ഭരണഘടന വിഭാവനം ചെയ്യുന്ന ന്യൂനപക്ഷ അവകാശങ്ങള്‍ക്കായി ഉറക്കെ ശബ്ദിച്ചും ഇന്ത്യന്‍ രാഷ്ട്രീയ ഭൂമികയില്‍ മുസ്‌ലിംലീഗിന്റെ പ്രയാണത്തിന് ഇന്ന് എഴുപത്തിയഞ്ചു വര്‍ഷമാവുകയാണ്.

ഒട്ടേറെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പിറവികൊള്ളുകയും ശൈശവ മൃത്യുവരിക്കുകയും ചെയ്ത രാഷ്ട്രീയ ഗോദയില്‍ പേരിലോ പതാകയിലോ തിരഞ്ഞെടുപ്പ് ചിഹ്നത്തിലോ മാറ്റമില്ലാതെയും ലോക് സഭയിലും രാജ്യസഭയിലും നിയമസഭകളിലും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും അംഗബലം ഉറപ്പിച്ച് തലയെടുപ്പോടെ നിലകൊള്ളാന്‍ എക്കാലവും മുസ് ലിംലീഗിന് സാധ്യമായിട്ടുണ്ട്. സി.എച്ചിലൂടെ മുഖ്യമന്ത്രി പദവി അലങ്കരിച്ച് ഭരണചക്രം തിരിക്കാനും ഇ. അഹമ്മദ് സാഹിബിലൂടെ ഐക്യരാഷ്ട്രസഭയില്‍ രാഷ്ട്രത്തിന്‌വേണ്ടി നിലപാടുകള്‍ പറയാനും അവസരം ലഭിച്ചത് ഏഴര പതിറ്റാണ്ടിലെ ജ്വലിക്കുന്ന അധ്യായങ്ങളാണ്.

പ്രമുഖ സാമൂഹ്യശാസ്ത്രജ്ഞന്‍ അബ്രഹാം മാസ്ലോവിന്റെ ആവശ്യകതാ ശ്രേണി സിദ്ധാന്തം (Maslow’s hierarchy of needs) ഇന്നും പഠന വിഷയമാണ്. മനുഷ്യന്റെ ആവശ്യകതകളെ പിരമിഡിന്റെ രൂപത്തിലാണ് അബ്രഹാം മാസ്ലോവ് അവതരിപ്പിച്ചിട്ടുള്ളത്. പിരമിഡിന്റെ ഏറ്റവും താഴെ വിസ്തൃതിയും വ്യാപ്തിയും കൂടുതലായിരിക്കും. ഏറ്റവും മുകളില്‍ ഇത് രണ്ടും കുറവായിരിക്കും. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം തുടങ്ങിയ പ്രാഥമിക ആവശ്യങ്ങളെ പിരമിഡിന്റെ താഴെ ഭാഗത്തായിട്ടാണ് മസ്ലോവ് അടയാളപെടുത്തിയത്. പ്രാഥമിക കാര്യങ്ങള്‍ കിട്ടിയവരാണ് രണ്ടാം ഘട്ടമായ ഭദ്രതയെ കുറിച്ച് ആലോചിക്കാറുള്ളത്. ഈ രണ്ടു ഘട്ടവും പിന്നിട്ടാല്‍ അടുത്തഘട്ടം സാമൂഹിക കൂട്ടായ്മയിലെ പങ്കാളിത്തവും അഭിമാനിയാവാനുള്ള വെമ്പലുമായിട്ടാണ് ആവശ്യകതാ ശ്രേണിയില്‍ കാണുന്നത്. ഭരണകൂട വിവേചനത്താല്‍ പല സംസ്ഥാനങ്ങളിലും ന്യൂനപക്ഷ ജന വിഭാഗങ്ങള്‍ക്ക് ഒന്നാം ഘട്ടത്തിന്റെ അടുത്തെത്താന്‍ പോലും കഴിഞ്ഞിട്ടില്ല. അവകാശങ്ങള്‍ക്കായി പലരുടെയും ഉമ്മറപ്പടിയില്‍ അവര്‍ കാത്തു കിടക്കുമ്പോള്‍ കേരളത്തിലെ മുസ്‌ലിം ജനവിഭാഗത്തിലെ ഭൂരിപക്ഷവും പിരമിഡിന്റെ മുകള്‍ തട്ടായ ആത്മാഭിമാനത്തിന്റെ പടി കയറിയവരാണ്. അതിനു അവരെ പ്രാപ്തരാക്കിയതില്‍ മുസ്‌ലിംലീഗ് പ്രസ്ഥാനം വഹിച്ച പങ്കിനെപറ്റി സാമൂഹ്യ ചിന്തകരും രാഷ്ട്രീയ നിരീക്ഷകരും പല കുറി അഭിപ്രായം പറഞ്ഞിട്ടുണ്ട്.

സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും പുരോഗതിക്ക് വിദ്യാഭ്യാസം അനിവാര്യമാണ്. ഇന്ത്യയില്‍ ആദ്യത്തെ പണിമുടക്ക് സമരം നടന്നതുപോലും വിദ്യാഭ്യാസത്തിനു വേണ്ടിയാണ്. പാഠം പഠിപ്പിച്ചില്ലെങ്കില്‍ പാടത്തേക്കില്ലെന്ന അയ്യങ്കാളിയുടെ സമരാഹ്വാനം വിദ്യാലയങ്ങളുടെ പടികയറാന്‍ വേണ്ടിയായിരുന്നു. ശ്രീനാരായണ ഗുരു, ചാവറ അച്ഛന്‍, വക്കം മൗലവി തുടങ്ങിയവര്‍ വിദ്യക്കായി നടത്തിയ പോരാട്ടങ്ങള്‍ അവിസ്മരണീയമാണ്. വിദ്യയോട് മുഖം തിരിച്ചു മാറിനിന്ന മുസ്‌ലിം ജനവിഭാഗത്തെ വിദ്യാലയത്തില്‍ എത്തിക്കുന്നതിലും അവരെ ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും ശാസ്ത്രജ്ഞരുമാക്കിമാറ്റുന്നതിലും സീതി സാഹിബും സി. എച്ചും വഹിച്ച പങ്ക് നിസ്തുലമാണ്. എഴുത്തും വായനയും വശമില്ലാത്തവരും ഉപജീവനത്തിനായി കൂലി വേല ചെയ്യുന്നവരും മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടവരുമായ ദാരിദ്രന്മാരോടാണ് കോര്‍ദോവ സര്‍വകലാശാല സൃഷ്ടിച്ച വിദ്യാഭ്യാസ വിപ്ലവത്തെകുറിച്ച് സി.എച്ച് സംസാരിച്ചത്. തങ്ങള്‍ക്ക് കിട്ടാതെപോയ വിദ്യാഭ്യാസം അടുത്ത തലമുറക്ക് കിട്ടണമെന്ന ചിന്ത പടര്‍ത്താന്‍ ആ വാഗ്‌ധോരണികള്‍ക്ക് സാധിച്ചു. മുസ്‌ലിംലീഗിന് അധികാര പങ്കാളിത്തം ലഭിച്ചപ്പോള്‍ അറബിഭാഷ പഠനവും സ്‌കോളര്‍ഷിപ്പും ഏര്‍പ്പെടുത്തിയതും മുന്നേറ്റത്തിനുള്ള ഇന്ധനമായി തീര്‍ന്നു.
സര്‍ക്കാര്‍ ഉദ്യോഗത്തില്‍ സംവരണം ഉറപ്പുവരുത്താന്‍ കഴിഞ്ഞതിലൂടെയും അറബി അധ്യാപക നിയമനവും വഴിയും ആയിരങ്ങള്‍ക്ക് ജോലിയില്‍ പ്രവേശനം ലഭിച്ചതും നാടിന്റെ മുഖ്യധാരയില്‍ ലയിച്ചുചേരാന്‍ സഹായകമായി. സാമ്പത്തിക ഭദ്രത മാത്രമല്ല സാമൂഹിക അംഗീകാരവുംകൂടിയാണ് ഉദ്യോഗമെന്ന അവ ബോധം പകരാനും മുസ്‌ലിംലീഗിന് സാധിച്ചു.

ആരാധനയും വിദ്യാഭ്യാസവും വ്യവസായവും കച്ചവടവും കലയും സാഹിത്യവുമെല്ലാം യാഥാര്‍ഥ്യമാവണമെങ്കില്‍ സുരക്ഷിതത്വവും സമാധാനപരവുമായ അന്തരീക്ഷവും പ്രധാനമാണ്. വര്‍ഗീയ കലാപങ്ങളും വംശീയ അധിക്ഷേപവും ആള്‍ക്കൂട്ട കൊലകളും കേരളത്തിന് പരിചയമില്ല. ബാബരി മസ്ജിദിന്റെ തകര്‍ച്ചയില്‍ രാജ്യമാകെ രക്തം ചിന്തിയപ്പോഴും ഇവിടം ശാന്തമായിരുന്നു. ഉത്തരേന്ത്യന്‍ കാഴ്ചകളായ ഹിന്ദു മുസ്‌ലിം പാനിയും മുസ്‌ലിം ഹിന്ദു ഗള്ളികളും മലയാളികള്‍ക്ക് അന്യമാണ്. വിവിധ മതസ്ഥര്‍ തമ്മില്‍ ആഘോഷങ്ങളില്‍ പങ്കു ചേര്‍ന്നും ഒന്നിച്ചു യാത്രചെയ്തും കച്ചവടത്തില്‍പോലും പാര്‍ട്ണര്‍മാരായുള്ള സഹവര്‍തിത്വം കേരളീയന്റെ മേല്‍വിലാസമാണ്. ബഹുസ്വരതയുടെ പാഠങ്ങള്‍ പകര്‍ന്നും പാര്‍ശ്വവത്കരണത്തിന് വിട്ടു കൊടുക്കാതെയും മത സാഹോദര്യം ഊട്ടിഉറപ്പിക്കുന്നതില്‍ മുസ്‌ലിംലീഗിന്റെ റോളിനെപറ്റി രാഷ്ട്രീയമായി എതിര്‍ചേരിയില്‍പെട്ടവര്‍വരെ പല സന്ദര്‍ഭങ്ങളിലും പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്.

ഫാസിസ്റ്റു ചെയ്തികള്‍ ചൂണ്ടികാട്ടി ആയോധന മുറകള്‍ക്കായി തീവ്രചിന്താ ഗതിക്കാര്‍ മുറവിളി കൂട്ടിയപ്പോഴും വോട്ടാണ് ആയുധം എന്നാണ് മുസ്‌ലിംലീഗ് ആവര്‍ത്തിച്ചത്. ഇതിനെ ഭീരുത്വമായി ചിത്രീകരിച്ചവര്‍ ഒരു ജീവന്‍ പോലും നഷ്ടപെടാതെ ബനാത്ത്‌വാല സാഹിബ് ഫാസിസത്തിന്റെ കൂന്ത മുന തകര്‍ത്തുകൊണ്ട് ആരാധന ഉടമസ്ഥാവകാശ നിയമം നിര്‍മിക്കുന്നതില്‍ വിജയിച്ചത് പുനര്‍വായന നടത്തുന്നത് നന്നാവും.

സ്വന്തം സമുദായത്തിന്റെ അവകാശങ്ങള്‍ ഒരു അണിമണി തൂക്കം ഞങ്ങള്‍ വിട്ടു തരില്ല. മറ്റൊരു സമുദായത്തിന്റെ മുടിനാരിഴ അവകാശങ്ങള്‍ കവരുകയുമില്ല. മുസ്‌ലിംലീഗ് എന്താണെന്ന ചോദ്യങ്ങള്‍ക്ക് സംക്ഷിപ്തമായ ഉത്തരമാണ് സി.എച്ചിന്റെ വാക്കുകള്‍. മുസ്‌ലിംലീഗിന് ഒളിഅജണ്ടകള്‍ ഇല്ലെന്നും മതേതര ജനാധിപത്യമൂല്യങ്ങളില്‍ വെള്ളം ചേര്‍ക്കില്ലെന്നും സമൂഹത്തത്തിനു പൂര്‍ണ ബോധ്യമുള്ളത്‌കൊണ്ടാണ് എല്ലാ ജനവിഭാഗങ്ങളും മുസ്‌ലിംലീഗിന് വോട്ടുനല്‍കാനും അധികാരത്തിന്റെ ഇടനാഴികകളിലേക്ക് കോണിപ്പടി കയറാനും സഹായിക്കുന്നത്. ബാഫഖി തങ്ങള്‍, പൂക്കോയ തങ്ങള്‍, ശിഹാബ് തങ്ങള്‍, ഹൈദരലി തങ്ങള്‍ എന്നിവരുടെ മഹനീയ നേതൃത്വവും സമുദായിക സൗഹാര്‍ദത്തിന് വിള്ളല്‍ വീഴുന്ന ഘട്ടങ്ങളില്‍ അവര്‍ നടത്തിയ ഇടപെടലുകളും ഈ വിശ്വാസ്യതക്ക് ബലമേകി. സമുദായ പുരോഗതിക്കൊപ്പംതന്നെ നാടിന്റെ ഉന്നമനത്തിനും ഉപകരിക്കുന്ന ഒട്ടേറെ ഇടപെടലുകള്‍ക്കും മുസ്‌ലിംലീഗ് കയ്യൊപ്പ് ചാര്‍ത്തിയുട്ടുണ്ട്. ഭൂ പരിഷ്‌ക്കരണം, ഗ്രാറ്റിവിറ്റി നിയമം, കുടുംബശ്രീ പ്രസ്ഥാനം, വനദേശസാത്കാരണം, പ്രവിപേഴ്‌സ് പെന്‍ഷന്‍ നിര്‍ത്തലാക്കല്‍, അക്ഷയ പദ്ധതി, അധികാര വികേന്ദ്രീകരണം, ബാങ്ക്‌ദേശസാത്കരണം, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തുടങ്ങി എത്രയോ പുരോഗമന ആശയങ്ങള്‍ നടപ്പിലാക്കുന്നതിലും നിര്‍ണായക പങ്കാണ് വഹിച്ചത്.

1952 ലെ പ്രഥമ തിരഞ്ഞെടുപ്പില്‍ മദിരാശി അസംബ്ലിയില്‍ മുസ്‌ലിംലീഗിന്റെ അഞ്ചു അംഗങ്ങളുടെ പിന്തുണ കൊണ്ടായിരുന്നു രാജാജി സര്‍ക്കാര്‍ രൂപീകരിച്ചത്. സായുധ സമരം പ്രഖ്യപിച്ചു ജനാധിപത്യത്തെ തകര്‍ക്കാന്‍ ശ്രമിച്ച കമ്യൂണിസ്റ്റുകള്‍ അധികാരത്തില്‍ വരാതിരിക്കാന്‍ വേണ്ടിയാണ് രാജാജിക്ക് നിരുപാധിക പിന്തുണ നല്‍കിയത്. 75 വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സംഭവിച്ച കുഴമറിച്ചിലിന്റെ ഫലമായി ഇന്ന് തമിഴ്‌നാട്ടില്‍ ഫാസിസത്തിന്റെ കടന്നുകയറ്റം തടയിടാന്‍ മുസ്‌ലിംലീഗും ഇടതുപക്ഷവുമെല്ലാം സ്റ്റാലിന്‍ നേതൃത്വം നല്‍കുന്ന ഡി.എം.കെ മുന്നണിയിലാണ്. കഴിഞ്ഞ വര്‍ഷത്തെ റിപ്പബ്ലിക് ദിനത്തില്‍ തമിഴ്‌നാടിന്റെ സാമൂഹ്യ പുരോഗതിക്ക് അടിത്തറ പാകിയ അഞ്ചുപേരെ പരിചയപ്പെടുത്തി സര്‍ക്കാര്‍ അവതരിപ്പിച്ച പ്ലോട്ടില്‍ ഒരാള്‍ മുസ്‌ലിംലീഗിന്റെ സ്ഥാപക പ്രസിഡന്റ് ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബായിരുന്നു. സൂഫിവാര്യനായിരുന്ന ഇസ്മായില്‍ സാഹിബിന്റെ ജന്മനാട്ടില്‍ നടക്കുന്ന പ്ലീനറി സമ്മേളനത്തിന് വൈകാരിക തലമുണ്ട്. മുസ്‌ലിം ലീഗ് പ്രസ്ഥാനം പിറവികൊണ്ട രാജാജി ഹാളിലാണ് സമ്മേളനം നടക്കുന്നത്. രാഷ്ട്രീയ നിരീക്ഷകര്‍ ആറ് മാസത്തെ ആയുസ് പ്രവചിച്ച പ്രസ്ഥാനമാണ് പ്ലാറ്റിനം ജൂബിലി കൊണ്ടാടുന്നത്. വിശാല സഖ്യത്തിനു ആഹ്വാനം ചെയ്തുകൊണ്ടാണ് കോണ്‍ഗ്രസിന്റെ പ്ലീനറിക്ക് തിരശീല വീണത്. തമിഴ്‌നാട് മോഡലില്‍ മതേതര കക്ഷികള്‍ പരസ്പരം വിട്ടുവീഴ്ചക്കു തയ്യാറായാല്‍ ഗാന്ധിയുടെ ഇന്ത്യയെ വീണ്ടെടുക്കാമെന്നും മൂന്നാംമുന്നണി ലക്ഷ്യത്തിന് തടസമാണെന്നും പ്രഖ്യപിക്കുന്ന പ്ലാറ്റിനം ജൂബിലി സമ്മേളനം ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ വേദികൂടിയായി മാറും.

webdesk11: