മുംബൈ: ദേശീയപാതാ ടാറിങ് അതിവേഗം പൂര്‍ത്തിയാക്കി ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡ്‌സില്‍ ഇടംപിടിച്ച് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ(എന്‍.എച്ച്.എ.ഐ). മഹാരാഷ്ട്രയിലെ അമരാവതിക്കും അകോളയ്ക്കും ഇടയിലുള്ള 75 കിലോമീറ്റര്‍ ദേശീയപാതയുടെ ടാറിങാണ് 105 മണിക്കൂര്‍ 33 മിനിറ്റുകൊണ്ട് പൂര്‍ത്തിയാക്കിയത്.
എന്‍.എച്ച്.എ.ഐയുടെ ഈ അഭിമാനനേട്ടം കേന്ദ്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്റ് ഹൈവേ വകുപ്പുമന്ത്രി നിതിന്‍ ഗഡ്കരി ട്വിറ്ററിലൂടെ പങ്കുവെച്ചു. ദേശീയപാത 53ലെ അമരാവതിക്കും അകോളയ്ക്കും ഇടയിലുള്ള 75 കിലോമീറ്റര്‍ ഒറ്റവരിപ്പാതയാണ് ബിറ്റുമിനസ് കോണ്‍ക്രീറ്റ് ഉപയോഗിച്ച് ടാര്‍ ചെയ്തത്. ജൂണ്‍ മൂന്നാംതീയതി രാവിലെ 7.27ന് ആരംഭിച്ച പ്രവൃത്തി ജൂണ്‍ ഏഴാം തീയതി വൈകുന്നേരം അഞ്ചുമണിക്ക് പൂര്‍ത്തിയായി.
രാജ്യത്തിന്റെ ധാതുസമ്പന്നമായ മേഖലയിലൂടെ കടന്നുപോകുന്ന ഈ പാത, വന്‍നഗരങ്ങളായ കൊല്‍ക്കത്ത, റായ്പുര്‍, നാഗ്പുര്‍, അകോള,ധൂലെ, സൂറത്ത് തുടങ്ങിയവയെ ബന്ധിപ്പിക്കുന്നതാണ്. ഇതിനു മുമ്പ് അതിവേഗ നിര്‍മാണം പൂര്‍ത്തിയാക്കിയെന്ന റെക്കോഡ് ഖത്തറിലെ പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗുലിനായിരുന്നു സ്വന്തം.
2019 ഫെബ്രുവരി 27നായിരുന്നു ഇത്. ഏകദേശം 242 മണിക്കൂര്‍ (10 ദിവസം) കൊണ്ട് 25 കിലോമീറ്റര്‍ റോഡ് നിര്‍മിച്ചായിരുന്നു അവര്‍ ഗിന്നസില്‍ ഇടം നേടിയത്. അല്‍ ഖോര്‍ എക്‌സ്പ്രസ് വേയുടെ ഭാഗമായ റോഡ് ആയിരുന്നു ഈ നേട്ടത്തിന് അവരെ അര്‍ഹരാക്കിയത്. പത്തുദിവസം കൊണ്ടായിരുന്നു പ്രവൃത്തി പൂര്‍ത്തിയാക്കിയത്.
നിര്‍മാണരംഗത്തെ പ്രമുഖരായ പുണെയിലെ രാജ്പഥ് ഇന്‍ഫ്രാകോണ്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്. ആധുനിക സാങ്കേതിക വിദ്യയും യന്ത്രങ്ങളുമാണ് നിര്‍മാണത്തിനായി ഉപയോഗിച്ചത്. അസാധാരണ നേട്ടം കൈവരിക്കാന്‍ രാവും പകലും പരിശ്രമിച്ച എന്‍ജിനീയര്‍മാരെയും തൊഴിലാളികളെയും പ്രത്യേകം അഭിനന്ദിക്കുന്നതായും ഗഡ്കരി അറിയിച്ചു.