ന്യൂഡല്‍ഹി: ഇന്ത്യന്‍ പൗരത്വം ലഭിക്കാനായി അപേക്ഷ നല്‍കി കാത്തിരിക്കുന്നവരില്‍ 70 ശതമാനവും പാകിസ്താനികളാണെന്ന് കേന്ദ്രസര്‍ക്കാര്‍. 2021 ഡിസംബര്‍ 14 വരെയുള്ള കണക്കുപ്രകാരം പാകിസ്താനില്‍ നിന്നുള്ള 7306 അപേക്ഷകള്‍ തീര്‍പ്പുകല്‍പ്പിക്കാനായി അവശേഷിക്കുന്നുണ്ടെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ത് റായ് പാര്‍ലമെ ന്റില്‍ അറിയിച്ചു.
ഇന്ത്യന്‍ പൗരത്വത്തിനായുള്ള അപേക്ഷകള്‍ സംബന്ധിച്ച പി.വി അബ്ദുള്‍ വഹാബ് എംപിയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. ഇന്ത്യന്‍ പൗരത്വം ലഭിക്കാനായി 10,635 അപേക്ഷകളാണ് കേന്ദ്രസര്‍ക്കാരിന് മുന്നിലുള്ളത്. ഇതില്‍ ഏകദേശം 70 ശതമാനത്തോളവും (7306) പാകിസ്താനികളാണ്. അഫ്ഗാനിസ്താന്‍ (1152), ശ്രീലങ്ക (223), അമേരിക്ക (223), നേപ്പാള്‍ (189), ബംഗ്ലാദേശ് (161) എന്നിങ്ങനെയാണ് ഇനി തീര്‍പ്പുകല്‍പ്പിക്കാനുള്ള മറ്റു രാജ്യങ്ങളില്‍ നിന്നുള്ള അപേക്ഷകളെന്നും മന്ത്രി പറഞ്ഞു. ചൈനയില്‍ നിന്ന് 10 അപേക്ഷകള്‍ ലഭിച്ചതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ പൗരത്വം നല്‍കാനുള്ള അധികാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനാണ്. അപേക്ഷകളില്‍ വിശദമായ അന്വേഷണവും സൂക്ഷ്മ പരിശോധനയും നടത്തിയ ശേഷമേ ആഭ്യന്തര മന്ത്രാലയം പൗരത്വം അനുവദിക്കുകയുള്ളൂ.2018 മുതല്‍ 2021 വരെയുള്ള കാലയളവില്‍ പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളിലെ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള 3117 പേര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കിയതായും മന്ത്രി വ്യക്തമാക്കി. ഇതുസംബന്ധിച്ച കേശവാനന്ദ റാവു എം.പിയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
‘കര്‍ഷക സമരം: പൊലീസ്
നടപടിയില്‍ ആരും മരിച്ചിട്ടില്ല’
ന്യൂഡല്‍ഹി: സമരത്തില്‍ പങ്കെടുത്ത കര്‍ഷകര്‍ക്കെതിരെ ചുമത്തിയ കേസുകളെ പറ്റിയോ കര്‍ഷകസമരത്തിനിടയില്‍ മരണമടഞ്ഞ കര്‍ഷകരെപ്പറ്റിയോ ഉള്ള യാതൊരു തരത്തിലുള്ള വിവരങ്ങളും കേന്ദ്ര സര്‍ക്കാരിന്റെ പക്കലില്ലെന്ന് കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍.
കര്‍ഷക സമരത്തിനിടെ ഉണ്ടായ പൊലീസ് നടപടി മൂലം ഒരൊറ്റ കര്‍ഷകന്‍ പോലും മരിച്ചിട്ടില്ലെന്നും അദ്ദേഹം രാജ്യസഭയില്‍ അറിയിച്ചു. കര്‍ഷകര്‍ക്കെതിരെ ചുമത്തിയ കേസുകള്‍ പിന്‍വലിക്കുന്നതിനെ സംബന്ധിച്ചു കേന്ദ്ര സര്‍ക്കാര്‍ എന്ത് തീരുമാനം കൈകൊണ്ടു എന്ന മുസ്്‌ലിം ലീഗ് രാജ്യസഭാ നേതാവ് പി.വി അബ്ദുല്‍ വഹാബ് എം.പിയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കാര്‍ഷിക നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ പിന്‍വലിച്ച സാഹചര്യത്തില്‍ മരണപ്പെട്ട കര്‍ഷകര്‍ക്ക് രക്തസാക്ഷിത്വ പദവിയും അവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരവും കൊടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണോ എന്ന പി.വി അബ്ദുല്‍ വഹാബ് എംപിയുടെ ചോദ്യത്തിന് നഷ്ടപരിഹാരം കൊടുക്കേണ്ടത് അതാതു സംസഥാന സര്‍ക്കാരുകള്‍ ആണെന്നായിരുന്നു മന്ത്രിയുടെ മറുപടി.