സംസ്ഥാനത്ത് ട്രോളിങിന് നിരോധനം നിലനില്‍ക്കെ ട്രെയിനില്‍ കൊല്‍ക്കത്തിയില്‍ നിന്നെത്തിച്ച 73 പെട്ടി മീനിനെ ചൊല്ലി റെയില്‍വെയും സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പും തമ്മില്‍ തര്‍ക്കം. കൊല്‍ക്കത്തയില്‍ നിന്നുള്ള ഷാലിമാര്‍ എക്‌സ്പ്രസിന്റെ ചരക്ക് ബോഗിയിലാണ് മീന്‍ കൊണ്ടുവന്നത്. തൃശ്ശൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് പാഴ്‌സലുകള്‍ പരിശോധിക്കാനെത്തി. എന്നാല്‍ റെയില്‍വെ അധികൃതര്‍ ഈ നീക്കം തടഞ്ഞു.
ഖാലിദ് എന്ന സ്വകാര്യ വ്യക്തിയുടെ പേരിലെത്തിയ പാഴ്‌സലുകള്‍ റെയില്‍വെ സ്‌റ്റേഷനില്‍ നിന്ന് പുറത്തിറക്കാതെ സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന് പരിശോധിക്കാന്‍ കഴിയില്ല. അതിനാല്‍ തന്നെ സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലബോറട്ടറി റെയില്‍വെ സ്‌റ്റേഷന് പുറത്തിട്ടിരിക്കുകയാണ്. തൃശൂര്‍ സര്‍ക്കിള്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ രേഖാ മോഹന്റെ നേതൃത്വത്തിലുള്ള സംഘം മീന്‍ പരിശോധിക്കാതെ പിന്മാറില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്. ഇവര്‍ റെയില്‍വേ സ്‌റ്റേഷന് പുറത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
ആരുടെ പേരിലാണ് പാഴ്‌സലുകള്‍ എത്തിയതെന്ന് പറയാന്‍ റെയില്‍വേ ഇതുവരെ തയ്യാറായിട്ടില്ല. വിവരങ്ങള്‍ കിട്ടിയാല്‍ മാത്രമേ ഭക്ഷ്യ സുരക്ഷാ വകുപ്പിന് തുടര്‍ നടപടികളിലേക്ക് കടക്കാനാവൂ. റെയില്‍വേയുടെ നിസ്സഹകരണമാണ് പരിശോധനയ്ക്ക് വിലങ്ങുതടിയായിരിക്കുന്നത്.