ന്യൂഡല്‍ഹി: രാജ്യത്തെ ഹൈക്കോടതികളില്‍ 30 വര്‍ഷത്തിലേറെയായി 71,000ല്‍ അധികം കേസുകള്‍ കെട്ടിക്കിടക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍. കീഴ്‌കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ 1.01 ലക്ഷം വരുമെന്നും കേന്ദ്ര നിയമ സഹമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍ ലോക്‌സഭയെ രേഖാമൂലം അറിയിച്ചു.
ഈ മാസം 24വരെ 71,204 കേസുകളാണ് വിചാരണ നടക്കാതെ കെട്ടിക്കിടക്കുന്നത്. 1,01,837 കേസുകള്‍ വിചാരണ കോടതികളിലും സമാന രീതിയിലുണ്ട്. രാജ്യത്തെ എല്ലാ കോടതികളിലുമായി അഞ്ച് കോടിയിലധികം കേസുകള്‍ തീര്‍പ്പാകാതെ കിടക്കുന്നുണ്ടെന്ന് ഈ മാസം 20ന് അദ്ദേഹം പാര്‍ലമെന്റിനെ അറിയിച്ചിരുന്നു. സുപ്രീം കോടതി, 25 ഹൈക്കോടതികള്‍ വിവിധ വിചാരണ കോടതികള്‍ എന്നിവയിലായി 5.02 കോടി കേസുകളാണ് തീര്‍പ്പാക്കാനുള്ളത്. ഇതില്‍ 69,766 കേസുക ള്‍ സുപ്രീം കോടതിയിലാണ്. ഹൈക്കോടതികളില്‍ ഇത് 60,62,953 കേസുകളും ജില്ലാ, വിചാരണ കോടതികളിലായി 4,41,35,357 കേസുകളും വിചാരണ കാത്തുകിടക്കുന്നു.