മധ്യപ്രദേശില്‍ ഏഴു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം കാട്ടില്‍ ഉപേക്ഷിച്ചു; പ്രതി പിടിയില്‍

മന്ദ്‌സോര്‍: മധ്യപ്രദേശില്‍ ഏഴു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം കാട്ടില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റു ചെയ്തു. ചുമട്ടുതൊഴിലാളിയായ ഇര്‍ഫാനാണ് അറസ്റ്റിലായത്. രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ കുട്ടിയെ കാണിനില്ലെന്നു പറഞ്ഞ് കുട്ടിയുടെ മാതാപിതാക്കളില്‍ നിന്നും ചൊവ്വാഴ്ചയാണ് പൊലീസിന് പരാതി ലഭിക്കുന്നത്. തുടര്‍ന്നു പൊലീസ് നടത്തിയ പരിശോധനയില്‍ ഇന്നു രാവിലെ പത്തുമണിക്ക് കുട്ടി പഠിക്കുന്ന സ്‌കൂളിന് 700 മീറ്റര്‍ അകലെയുള്ള വനപ്രദേശത്തു നിന്നും കുട്ടിയെ കണ്ടെത്തുകയായിരുന്നു. പൊലീസ് കണ്ടെത്തുമ്പോള്‍ കുട്ടി അബോധാവസ്ഥയിലായിരുന്നു. സ്‌കൂള്‍ ബാഗ്, ചോറ്റുപാത്രം, ഒഴിഞ്ഞ ബീയര്‍ കുപ്പി എന്നിവയും സംഭവസ്ഥലത്തു നിന്നും പൊലീസ് കണ്ടെത്തി.

ശരീരത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഇന്‍ഡോറിലെ സ്വകാര്യ ആശുപത്രിയിലേക്ക് പൊലീസ് മാറ്റുകയായിരുന്നു. വൈദ്യപരിശോധനയില്‍ കുട്ടി പീഡനത്തിന് ഇരയായിട്ടുണ്ടെന്നു തെളിഞ്ഞതായും ഇപ്പോഴും ഗുരുതരാവസ്ഥയില്‍ തുടരുകയാണ് കുട്ടിയെന്നും പൊലീസ് പറഞ്ഞു. മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ചു കുട്ടിയെ മാരകമായി മുറിവേല്‍പ്പിച്ചിട്ടുണ്ട്. ഇത് കുട്ടിയെ കൊല്ലുവാന്‍ വേണ്ടിയാണോ എന്ന് പരിശോധിച്ച് വരികയാണെന്നും പൊലീസ് കുട്ടിച്ചേര്‍ത്തു.

വീട്ടില്‍ അത്യാവശ്യമായി കൂട്ടിക്കൊണ്ടു ചെല്ലാന്‍ തന്നെ മുത്തച്ഛന്‍ പറഞ്ഞയച്ചതാണ് എന്നു വിശ്വസിപ്പിച്ചാണ് ചുമട്ടുതൊഴിലാളിയായ ഇര്‍ഫാന്‍ കുട്ടിയെ സ്‌കൂളിന്റെ മുമ്പില്‍ നിന്ന് കുട്ടി തട്ടിക്കൊണ്ടുപോയത്. കുട്ടി ഇര്‍ഫാനൊപ്പം പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. അറസ്റ്റിലായ ഇര്‍ഫാനില്‍ നിന്നും രക്തക്കറ പുരണ്ട വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇത് പീഡിനത്തിന് ഇരയായ കുട്ടിയുടെ രക്തമാണോ എന്നറിയാന്‍ പരിശോധനക്കായ് അയച്ചിട്ടുണ്ട്. സംഭവത്തില്‍ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നു വരുന്നത്.

chandrika:
whatsapp
line