അമേരിക്കന്‍ നാവിക സേനയുടെ യുദ്ധക്കപ്പല്‍ ഫിലിപ്പീന്‍ ചരക്കുകപ്പലുമായി കൂട്ടിയിടിച്ച് ഏഴു യു.എസ് നാവികരെ കാണാതായി. പരിക്കേറ്റ ഒരാളെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
യു.എസ് നേവിയുടെ യു.എസ്.എസ് ഫിറ്റ്‌സ്‌ജെറാള്‍ഡാണ് ഫിലിപ്പീന്‍സിന്റെ എ.സി.എക്‌സ് ക്രിസ്റ്റല്‍ എന്ന ചരക്കുകപ്പലുമായി കൂട്ടിയിടിച്ചത്. ജപ്പാനിലെ യോകാസുക തീരത്തുനിന്ന് 56 നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടം. 80 അന്തര്‍വാഹിനികളും കപ്പലുകളും അടങ്ങിയ ഏഴാമത് യു.എസ് കപ്പല്‍ പടയുടെ ഭാഗമാണ് യു.എസ്.എസ് ഫിറ്റ്‌സ്‌ജെറാള്‍ഡ്. ജപ്പാനിലെ നെഗോയ നഗരത്തില്‍നിന്ന് ടോക്കിയോയിലേക്ക് പോകുകയായിരുന്ന ഫിലിപ്പീന്‍ കപ്പല്‍ മുന്നറിയിപ്പൊന്നും കൂടാതെ പെട്ടെന്ന് തിരിച്ചതാണ് അപകടത്തിന് കാരണം. കപ്പല്‍ എന്തിനാണ് യാത്രാഗതി മാറ്റിയതെന്ന് വ്യക്തമല്ല. യു.എസ് കപ്പലുമായി കൂട്ടിയിടിക്കുമ്പോള്‍ മണിക്കൂറില്‍ 27 കിലോമീറ്റര്‍ വേഗതയിലാണ് കപ്പല്‍ സഞ്ചരിച്ചിരുന്നത്. 154 മീറ്റര്‍ നീളമുള്ള യു.എസ് മിസൈല്‍ വാഹിനി കപ്പല്‍ എവിടേക്ക് പോകുകയായിരുന്നുവെന്നതും അവ്യക്തമാണ്. ഇടിയുടെ ആഘാതത്തില്‍ കപ്പലിന്റെ ഒരു ഭാഗം തകര്‍ന്നു. കാണാതായ യു.എസ് നാവികര്‍ക്കുവേണ്ടി യു.എസ് സംഘവുമായി ജാപ്പനീസ് തീരദേശ സേന തെരച്ചില്‍ തുടരുകയാണ്. അമേരിക്കയുടെ യുദ്ധക്കപ്പലിലേക്ക് വെള്ളം കയറിയെങ്കിലും മുങ്ങല്‍ ഭീഷണി ഒഴിവായിട്ടുണ്ട്. യു.എസ്.എസ് ഫിറ്റ്‌സ്‌ജെറാള്‍ഡിനെക്കാള്‍ ഫിലിപ്പീന്‍ കപ്പലിന്റെ ഭാരം മൂന്ന് മടങ്ങ് കുറവായിരുന്നു.
222 മീറ്റര്‍ നീളമുള്ള ഫിലിപ്പീന്‍ കപ്പലിന് കാര്യമായി കേടുപാടൊന്നും സംഭവിച്ചിട്ടില്ല. തിരക്കേറിയ കപ്പല്‍ പാതയിലാണ് അപകടമുണ്ടായത്. ലോകത്തിലെ യുദ്ധക്കപ്പലുകളിലൊന്നായ യു.എസ് ഫിറ്റ്‌സ്‌ജെറാള്‍ഡിന് എന്തുകൊണ്ടാണ് അപകടം മുന്‍കൂട്ടി കണ്ട് കൂട്ടിയിടിയില്‍നിന്ന് രക്ഷപ്പെടാന്‍ സാധിക്കാതിരുന്നത് എന്നതിനെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.