ന്യൂഡല്‍ഹി: ചില പ്രത്യേക രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ മാത്രം മോദി സര്‍ക്കാറും, കേന്ദ്ര അന്വേഷണ ഏജന്‍സികളും റെയ്ഡും അന്വേഷണവുമായി മുന്നോട്ടു പോകുമ്പോള്‍ അഴിമതി ആരോപണങ്ങളില്‍ മുങ്ങിക്കിടക്കുന്ന ബി.ജെ.പി നേതാക്കന്‍മാര്‍ ഭരണ ചക്രം തിരിക്കുന്നു. ഇതോടെ മുന്‍ ആഭ്യന്തര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ അറസ്റ്റ് രാഷ്ട്രീയ വേട്ടയാണെന്ന ആരോപണം കൂടുതല്‍ ശക്തമാകുകയാണ്.
സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഇപ്പോഴത്തെ ആഭ്യന്തര മന്ത്രിയായ അമിത് ഷായെ സി.ബി.ഐ കൊലക്കുറ്റം ചുമത്തി അറസ്റ്റു ചെയ്യുമ്പോള്‍ അന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്നു പി. ചിദംബരം. 2014ല്‍ ഒന്നാം മോദി സര്‍ക്കാര്‍ വന്നതിന് പിന്നാലെയാണ് രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ നിരന്തര റെയ്ഡുകളും അന്വേഷണവും ആരംഭിച്ചത്. അതേ സമയം തന്നെ ബി.ജെ.പി നേതാക്കള്‍ക്കെതിരായ അഴിമതി കേസുകളില്‍ സര്‍ക്കാര്‍ മൗനം തുടരുകയുമാണ്. ഇതോടെ മോദി സര്‍ക്കാറിന്റേത് അഴിമതി വിരുദ്ധ പോരാട്ടമല്ല, രാഷ്ട്രീയ പകപോക്കലാണെന്നത് പകല്‍ പോലെ വ്യക്തവുമാണ്.
മോദി സര്‍ക്കാറിനെതിരെ നിരവധി അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും ഒന്നില്‍ പോലും അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാവാത്തതും എടുത്തു പറയേണ്ട വസ്തുതയാണ്. ചിദംബരത്തേക്കാളും ഗുരുതരമായ അഴിമതി ആരോപണം നേരിടുന്ന ബി.ജെ.പി നേതാക്കള്‍ക്കെതിരെ സി.ബി.ഐയും അന്വേഷണ ഏജന്‍സികളും മൃതു സമീപനമാണെടുക്കുന്നത്.
ഇത്തരത്തില്‍ അഴിമതി ആരോപണം നേരിടുന്ന പ്രധാന ബി.ജെ.പി നേതാക്കള്‍ ഇവരാണ്.
- യെദിയൂരപ്പ
അഴിമതിക്കേസില്‍ ഒരിക്കല്‍ മുഖ്യമന്ത്രി പദം പോലും നഷ്ടമായ യെദിയൂരപ്പ നിലവില്‍ കര്‍ണാടക മുഖ്യമന്ത്രിയാണ്. ഇദ്ദേഹത്തിനെതിരെ ഭൂമി കുംഭകോണം, ഖനന അഴിമതി തുടങ്ങിയ കേസുകള്‍ നിലവിലുണ്ട്. ഇതു സംബന്ധിച്ച നിര്‍ണായക വിവരങ്ങളടങ്ങിയ ഡയറിയും യെദിയൂരപ്പയില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ക്കും, ജഡ്ജിമാര്‍ക്കും, അഭിഭാഷകര്‍ക്കും പണം നല്‍കിയതിന്റെ രേഖകള്‍ ഡയറിക്കുറിപ്പുകളില്‍ നിന്നും അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിരുന്നു.
എന്നാല്‍ മോദി സര്‍ക്കാര്‍ വന്നതിന് ശേഷം മിക്ക കേസുകളിലും വെറുതെ വിട്ട യെദിയൂരപ്പക്കെതിരെ സി.ബി.ഐ വര്‍ഷങ്ങളോളം അന്വേഷണം നടത്തിയിട്ടും വേണ്ടത്ര തെളിവുകള്‍ ഹാജരാക്കാതെ ഒത്തു കളിക്കുകയായിരുന്നു. ഭൂമി കുംഭകോണ കേസില്‍ യെദിയൂരപ്പക്കെതിരായ പരാതി കോടതിയുടെ പരിഗണനയിലുമാണ്. - റെഡ്ഢി
സഹോദരന്‍മാര്‍
ബെല്ലാരി സഹോദരന്‍മാര്‍ എന്നറിയപ്പെടുന്ന റെഡ്ഢി സഹോദരന്‍മാര്‍ക്കെതിരെ 16,500 കോടി രൂപയുടെ ഖനി കുംഭകോണ കേസില്‍ അന്വേഷണം നടത്തിയ സി.ബി.ഐ 2018ലെ കര്‍ണാടക തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് അന്വേഷണം പൊടുന്നനെ അവസാനിപ്പിക്കുകയായിരുന്നു. രാജ്യത്തിന്റെ വന്‍ തോതിലുള്ള സ്വത്ത് അപഹരിക്കപ്പെട്ടിട്ടും മോദി സര്‍ക്കാര്‍ ബെല്ലാരി സഹോദരന്‍മാരെ ബി.ജെ.പി നേതാക്കള്‍ എന്ന ഒറ്റ കാരണത്തിലാണ് മുക്തരാക്കിയത്. ഇതിനായി ഇവര്‍ക്കെതിരെ തെളിവ് നല്‍കിയ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്നും പിരിച്ചു വിട്ടാണ് മോദി സര്‍ക്കാര്‍ റെഡ്ഢി സഹോദരന്‍മാരെ വെളുപ്പിച്ചെടുത്തത്. - ഹിമന്ത ബിശ്വ
ശര്‍മ
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ അമിത് ഷാ എന്നറിയപ്പെടുന്നു. നേരത്തെ കോണ്‍ഗ്രസ് നേതാവായിരുന്ന ഇയാള്‍ക്കെതിരെ നിരവധി അഴിതി ആരോപണങ്ങളാണുള്ളത്. കോണ്‍ഗ്രസിലായിരുന്ന സമയത്ത് ഹിമന്ത ബിശ്വ ശര്‍മക്കെതിരെ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചു കൊണ്ട് ബി.ജെ.പി ബുക്കലെറ്റ് തന്നെ ഇറക്കിയിരുന്നു.
ഗുവാഹത്തി ജല വിതരണ കുംഭകോണത്തിലെ മുഖ്യ ആസൂത്രകനായാണ് ഇദ്ദേഹത്തെ ബി.ജെ.പി തന്നെ വിശേഷിപ്പിച്ചിരുന്നത്. അമേരിക്കന്‍ നിര്‍മാണ കമ്പനിയായ ലൂയിസ് ബെര്‍ഗറുമായി ചേര്‍ന്ന് വന്‍ തോതില്‍ വെട്ടിപ്പു നടത്തിയെന്നാണ് ആരോപണം. അജ്ഞാതനായ മന്ത്രിക്ക് കൈക്കൂലി നല്‍കിയെന്നാരോപിച്ച് അമേരിക്കയില്‍ കമ്പനിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ബിശ്വ ശര്‍മയാണ് ഈ മന്ത്രിയെന്ന് പകല്‍ പോലെ വ്യക്തമായിരുന്നു. പക്ഷേ ബി.ജെ.പിയില്‍ ചേര്‍്ന്നതോടെ ശര്‍മ സുരക്ഷിതനായി. ശര്‍മക്കെതിരായ കേസുകളിലെല്ലാം മെല്ലേപോക്ക് നയമായി. പലതും സി.ബി.ഐക്കു പോലും കൈമാറാന്‍ ബി.ജെ.പി സര്‍ക്കാര്‍ തയാറായതുമില്ല. - ശിവരാജ് സിങ് ചൗഹാന്‍
വ്യാപം അഴിമതിക്കേസില്‍ മുങ്ങിക്കുളിച്ച മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയായ ശിവരാജ് സിങിന് മോദി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം 2017 ല്‍ സി. ബി. ഐയുടെ ക്ലീന്‍ ചിറ്റ്. മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയും ബി. ജെ. പിയിലെ സമുന്നതനും. രാജ്യം കണ്ട ഏറ്റവും വലിയ പ്രവേശന പരീക്ഷാ അഴിമതിക്കേസ് നടക്കുന്നതിനിടെ, ഇത് പുറത്തുകൊണ്ടു വന്നവരും സാക്ഷികളും ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെടുകയും ചെയ്തു.
40ല്‍ അധികം പേരാണ് ഇത്തരത്തില്‍ കൊല്ലപ്പെട്ടത്. ശിവരാജ് സിങ് ചൗഹാന്‍ മറ്റൊരു പാര്‍ട്ടിയിലാണ് ഇന്ന് പ്രവര്‍ത്തിച്ചിരുന്നതെങ്കില്‍ അദ്ദേഹത്തിന് കേസും കോടതിയും കഴിഞ്ഞ് ഒരിടവേള പോലും ലഭിക്കുമായിരുന്നില്ല. - മുകുള്‍ റോയ്
ശാരദ ചിട്ടി തട്ടിപ്പില്‍ ഏറ്റവും കൂടുതല്‍ ആരോപണ വിധേയനായ മുന്‍ തൃണമൂല്‍ നേതാവ്. പശ്ചിമബംഗാളില്‍ ബി.ജെ.പിയെ വളര്‍ത്താന്‍ കിട്ടിയ കച്ചിത്തുരുമ്പ്. നാരദ സ്റ്റിങ് ഓപ്പറേഷനില്‍ പെട്ട് പ്രതിക്കൂട്ടിലായിരുന്നു. ഇതെല്ലാം നേരിട്ടുകൊണ്ടിരിക്കെ, ബി.ജെ.പിയില്‍ ചേര്‍ന്നു. ശേഷം ഇദ്ദേഹത്തിനെതിരായ എല്ലാം കേസുകളും ഒതുക്കി. - രമേശ്
പൊഖ്റിയാല്‍
കേന്ദ്ര മാനവ വിഭവ ശേഷി വികസന മന്ത്രി. ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായിരിക്കെ, രണ്ട് വന്‍ അഴിമതിക്കേസുകളുടെ കേന്ദ്രം. അഴിമതി ആരോപണത്തില്‍ മുങ്ങിക്കുളിച്ചതിനെ തുടര്‍ന്ന് 2011 ല്‍ രാജിവച്ചു. എന്നാല്‍ സി. ബി.ഐയോ സംസ്ഥാന സര്‍ക്കാരോ അദ്ദേഹത്തിന്റെ കേസില്‍ തൊട്ടില്ല. അഴിമതിക്കേസി ല്‍ അന്വേഷണമില്ലെന്നു മാത്രമല്ല, മോദി സര്‍ക്കാരില്‍ സുപ്രധാന വകുപ്പ് കൂടി കൈകാര്യം ചെയ്യുകയാണ് അദ്ദേഹം. - നാരായണ്‍ റാണെ
മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന നാരായണ്‍ റാണെക്കെതിരെ നിരവധിയായ അഴിമതിക്കേസും തട്ടിപ്പുകേസുകളും നിലവിലുണ്ട്.
കഴിഞ്ഞ വര്‍ഷം ബി.ജെ.പിയില്‍ ചേര്‍ന്ന റാണെ നിലവില്‍ ബി.ജെ.പിയുടെ രാജ്യസഭാംഗമാണ്. സി.ബി.ഐയോ, ഇ.ഡിയോ ഇദ്ദേഹത്തിനെതിരെ ഒരു തരത്തിലുള്ള റെയ്‌ഡോ, അന്വേഷണമോ ഇപ്പോള്‍ നടത്തുന്നില്ല. ഭൂമി തട്ടിപ്പ് കുംഭകോണം, പണാപഹരണം എന്നീ കേസുകളില്‍ ഗുരുതരമായ ആരോപണമാണ് റാണെക്കെതിരെയുള്ളത്.