• കാസര്‍കോട്ട് അഞ്ചു പേര്‍ അറസ്റ്റില്‍
• ആറുലക്ഷം രൂപ കണ്ടെടുത്തു
കാസര്‍കോട്: അസാധുവാക്കിയ നോട്ടുകള്‍ക്ക് കുറച്ച് നോട്ടുകള്‍ പകരം നല്‍കി വെളുപ്പിക്കാന്‍ സഹായിക്കുന്ന അഞ്ചംഗ സംഘം കാസര്‍കോട്ട് അറസ്റ്റിലായി. നീലേശ്വരം നെടുങ്കണ്ടയിലെ പി. ഹാരിസ് (39), നീലേശ്വരത്തെ പി. നിസാര്‍ (42) സഹോദരന്‍ എം. നൗഷാദ് (39), നീലേശ്വരം ചിറമ്മലിലെ സി.എച്ച്. സിദ്ദീഖ് (39) പാലക്കുന്ന് അങ്കകളരിയിലെ മുഹമ്മദ് ഷഫീഖ് (30) എന്നിവരെയാണ് ജില്ലാ പൊലീസ് ചീഫ് തോംസണ്‍ ജോസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് സി.ഐ അബ്ദുല്‍ റഹീമിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം മേല്‍പറമ്പില്‍ വെച്ച് അറസ്റ്റുചെയ്തത്.
1000, 500 രൂപയുടെ നോട്ടുകളുടെ പത്ത് ലക്ഷം രൂപയ്ക്ക് പകരം 2,000 രൂപയുടെ ഏഴു ലക്ഷം രൂപ നല്‍കുന്നതാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. പണം എത്തിച്ച എര്‍ടിക കാറും ആറു ലക്ഷത്തിന്റെ പുതിയ 2,000ന്റെ നോട്ടുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നോട്ടു മാറാനെന്നുള്ള വ്യാജേന പ്രതികളെ സമീപിക്കുകയായിരുന്നു. ഇത്തരത്തില്‍ നോട്ട് മാറി കൊടുക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സംഘത്തെ സമീപിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ നീലേശ്വരത്തെ ഹാരിസ് കാറില്‍ 4.80ലക്ഷം രൂപയുമായി എത്തിയപ്പോള്‍ തടഞ്ഞുവെച്ച് പിടികൂടിയത്. പിന്നീട് പൊലീസ് സ്റ്റേഷനില്‍ വെച്ചുള്ള പരിശോധനക്കിടെ വസ്ത്രത്തില്‍ ഒളിപ്പിച്ച നിലയില്‍ 1.20 രൂപ കണ്ടെടുക്കുകയായിരുന്നു.
2,000 രൂപ മാത്രമാണ് ബാങ്കുകളില്‍ നിന്നും ഒരാള്‍ക്ക് മാറ്റിയെടുക്കാന്‍ കഴിയുന്നത്. ഇവര്‍ക്ക് ഇത്രയും വലിയ തുകയും പുതിയ 2,000 രൂപ നോട്ടുകള്‍ എങ്ങനെ ലഭിച്ചു എന്ന കാര്യത്തെ കുറിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. അതേസമയം, പിടിയിലായ അഞ്ചംഗ സംഘത്തിന് പണം എത്തിച്ചുകൊടുത്ത കാഞ്ഞങ്ങാട്ടെ വ്യാപാരിയെ കുറിച്ച് പൊലീസ് അന്വേഷിച്ചുവരുന്നു. അറസ്റ്റിലായ അഞ്ചുപേരെയും ഇന്ന് ആദായവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാക്കുമെന്നും പൊലീസ് പറഞ്ഞു.