കൊച്ചി: സാധുവായ ടിക്കറ്റ് ഉണ്ടായിട്ടും ന്യായമായ കാരണമില്ലാതെ യാത്രവിലക്കിയ വിമാന കമ്പനി പരാതിക്കാരന് ഏഴര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ കോടതി ഉത്തരവിട്ടു. ഹൈക്കോടതി ജഡ്ജിയായ ബച്ചു കുര്യന്‍ തോമസ് ഖത്തര്‍ എയര്‍വെയ്‌സിനെതിരെ സമര്‍പ്പിച്ച പരാതിയിലാണ് ഡി.ബി ബിനു അധ്യക്ഷനായ എറണാകുളം ജില്ലാ ഉപഭോക്തൃ കോടതിയുടെ ഉത്തരവ്. ബച്ചു കുര്യന്‍ തോമസ് ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ ആയിരിക്കെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും സ്‌കോട്‌ലാന്റിലേക്കുള്ള വിമാനയാത്രക്കായി പരാതിക്കാരനും സുഹൃത്തുക്കളും നാലുമാസം മുമ്പ് തന്നെ ടിക്കറ്റ് എടുത്തിരുന്നു. കൊച്ചിയില്‍ നിന്നും ദോഹയിലേക്കും അവിടുന്ന് എഡിന്‍ബറോയിലേക്കും വിമാനകമ്പനി യാത്ര ടിക്കറ്റ് നല്‍കി. എന്നാല്‍ ദോഹയില്‍ നിന്നും എഡിന്‍ബറോയിലേക്കുള്ള യാത്ര വിമാന കമ്പനി വിലക്കി. ഓവര്‍ ബുക്കിങ് കാരണം പറഞ്ഞാണ് യാത്ര നിഷേധിച്ചത്.
ഇത് സേവനത്തിലെ അപര്യാപ്തതയാണ് എന്നായിരുന്നു പരാതി. നിശ്ചയിച്ച സമയത്ത് എത്താന്‍ കഴിയാതിരുന്നതു മൂലം വലിയ ബുദ്ധിമുട്ടുകളും കഷ്ടനഷ്ടങ്ങളുമാണ് ഉണ്ടായെന്നും പരാതിയില്‍ പറയുന്നു. തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണ് എതിര്‍കക്ഷികള്‍ ചെയ്തതെന്ന പരാതിക്കാരന്റെ വാദവും കമ്മീഷന്‍ സ്വീകരിച്ചു. കോടതിയെ സമീപിച്ചതിന്റെ പേരില്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച എതിര്‍കക്ഷികളുടെ നടപടി അന്യായവും അനുചിതവുമാണെന്ന് കോടതി വിലയിരുത്തി. 30 ദിവസത്തിനകം നഷ്ടപരിഹാരത്തുക നല്‍കണം.