ഫാദര്‍ സ്റ്റാന്‍ സ്വാമി കസ്റ്റഡിയില്‍ മരണമടഞ്ഞിരിക്കുന്നു. തന്റെ ആരോഗ്യസ്ഥിതി അതീവ മോശമാണെന്നും ജാമ്യമനുവദിക്കണമെന്നുമുള്ള 84 വയസ്സുകാരന്റെ നിരന്തര അഭ്യര്‍ത്ഥന കേള്‍ക്കാന്‍ കഴിയാതെപോയ രാജ്യത്തെ നിയമസംവിധാനങ്ങള്‍ നീതി ലഭ്യമാക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുന്നു. മാവോവാദിയെന്ന് മുദ്രയടിക്കപ്പെട്ട് കഴിഞ്ഞ ഒക്ടോബറിലാണ് ഈശോസഭാംഗമായ സ്റ്റാന്‍ സ്വാമിയെ അറസ്റ്റ് ചെയ്യുന്നത്. ഭീമകൊറഗാവ് കേസ് മുന്‍നിര്‍ത്തിയായിരുന്നു അറസ്റ്റ്. എതിര്‍ ശബ്ദങ്ങളെ ജയിലിലടച്ച് നിശബ്ദമാക്കാമെന്ന് കരുതുന്ന സംഘ്പരിവാരമാണ് രാജ്യം ഭരിക്കുന്നത്. ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ മരണം അതുകൊണ്ടുതന്നെ ഭരണകൂടത്തിന്റെ കണ്ണ് തുറപ്പിക്കാനിടയില്ല. പക്ഷേ, ഒരു രാഷ്ട്ര സമൂഹമെന്ന നിലയില്‍ നാം അദ്ദേഹത്തിന്റെ മരണത്തില്‍ ആകുലപ്പെടുന്നില്ലെങ്കില്‍ നീതിയും ന്യായവും ഇവിടെ അനാഥമായിരിക്കുന്നു എന്നുവേണം കരുതാന്‍.
സാധാരണക്കാര്‍ക്കിടയില്‍
പ്രവര്‍ത്തിച്ച വൈദികന്‍
മനുഷ്യവേദനകള്‍ക്ക് പരിഹാരം കാണലാണ് യഥാര്‍ത്ഥ മാനവസേവയെന്ന് തിരിച്ചറിഞ്ഞ വൈദികനായിരുന്നു സ്റ്റാന്‍ സ്വാമി. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലാണ് ജനനം. പഠനശേഷം മധ്യഇന്ത്യയിലെ ആദിവാസികള്‍ക്കിടയിലാണ് സാമൂഹ്യപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടത്. ദൈവവിളി ജനങ്ങളിലേക്കെത്തിക്കാന്‍ ഇറങ്ങിത്തിരിച്ച അദ്ദേഹം ജീവിതം മുന്നോട്ട്‌കൊണ്ടുപോകാന്‍പോലും സാധിക്കാത്ത ദരിദ്രനാരായണന്‍മാരുടെ ജീവല്‍പ്രശ്‌നങ്ങളിലാണ് പിന്നീട് കൂടുതല്‍ ശ്രദ്ധചെലുത്തിയത്. ഝാര്‍ഖണ്ഡിലെ ആദിവാസികളടക്കമുള്ളവരുടെ അവകാശങ്ങള്‍ക്ക്‌വേണ്ടിയുള്ള നിരന്തര പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തെ അധീശ അധികാരവര്‍ഗത്തിന്റെ കണ്ണിലെ കരടാക്കിമാറ്റി. ഭരണഘടനയുടെ അഞ്ചാം ഷെഡ്യൂള്‍ പ്രകാരം ആദിവാസികള്‍ക്ക് ലഭിക്കേണ്ട അവകാശങ്ങള്‍ റദ്ദ് ചെയ്യപ്പെടുന്നതിനെതിരെയും യു.എ.പി.എ ചുമത്തി ആദിവാസികളെ ജാമ്യം ലഭിക്കാതെ ജയിലിലടയ്ക്കുന്നതിനെതിരെയും അദ്ദേഹം നിരന്തരം പോരാടി. ജനാധിപത്യപോരാട്ടങ്ങളെ ദേശവിരുദ്ധമായാണ് ഭരണകൂടം കണ്ടത്. 2010ലാണ് അദ്ദേഹം വിചാരണതടവുകാരും യാഥാര്‍ത്ഥ്യവും എന്ന പുസ്തകം പ്രസിദ്ധീകരിച്ചത്. ആദിവാസി കുടുംബങ്ങളില്‍ 97 ശതമാനം പേരുടെയും മാസവരുമാനം 5000 രൂപയുടെ താഴെയാണെന്നും യു.എ.പി.എ പോലുള്ള നിയമങ്ങളില്‍ തടവിലാക്കപ്പെട്ടവര്‍ക്ക് നിയമസഹായം ലഭ്യമാക്കാന്‍ അതുകൊണ്ട്തന്നെ കുടുംബങ്ങള്‍ക്ക് കഴിയില്ലെന്നും അദ്ദേഹം വാദിച്ചു. പലര്‍ക്കും നിയമസഹായം ലഭ്യമാക്കുകയും ചെയ്തു.
യു.എ.പി.എയ്‌ക്കെതിരെയുള്ള പോരാട്ടം
ഝാര്‍ഖണ്ഡിലെ മാവോയിസ്റ്റ് സാന്നിധ്യം മറയാക്കി ആദിവാസികളെയടക്കം അന്യായമായി ജയിലിലടയ്ക്കുന്നതിനെതിരെ നിയമപോരാട്ടം നടത്തിയ കുറ്റത്തിനാണ് തന്നെ ഭീമകൊറഗാവ് കേസില്‍പെടുത്തിയെതെന്ന് അറസ്റ്റിലാവുന്നതിന് മുമ്പ് സ്റ്റാന്‍ സ്വാമി പറഞ്ഞിരുന്നു. 2017ലാണ് പട്ടികജാതി/വര്‍ഗ/പിന്നാക്ക വിഭാഗങ്ങളില്‍പെടുന്ന എഴുപത്തിരണ്ട് യുവാക്കളെ യു.എ.പി.എ പ്രകാരം ജാമ്യം ലഭിക്കാതെ തടവിലാക്കിയതിനെതിരെ സ്റ്റാന്‍ സ്വാമി ഝാര്‍ഖണ്ഡ് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹരജി ഫയല്‍ ചെയ്യുന്നത്. യു.എ.പി.എയ്‌ക്കെതിരെ നിയമപോരാട്ടത്തിനിറങ്ങിയ അദ്ദേഹത്തിനെതിരെതന്നെ പിന്നീട് അതേ നിയമം പ്രയോഗിക്കുന്നതാണ് കണ്ടത്. ഭീമകൊറഗാവ് പരിപാടിയില്‍ പങ്കെടുക്കുകപോലും ചെയ്യാത്ത സ്റ്റാന്‍ സ്വാമിയെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് പ്രാഥമിക ചോദ്യംചെയ്യലിന് വിളിപ്പിച്ചു എന്നതല്ലാതെ അദ്ദേഹത്തെ അറസ്റ്റ് ചെയ്തതിന്‌ശേഷം എന്‍.ഐ.എ ഒരു തവണപോലും അദ്ദേഹത്തിന്റെ കസ്റ്റഡി ആവശ്യപ്പെട്ടില്ല എന്നത് കേസ് തെളിയിക്കുക എന്നതല്ല നിയമപ്രശ്‌നങ്ങളില്‍ കുരുക്കി പണിഷ്‌മെന്റ് ബൈ പ്രോസസ് നടപ്പാക്കുകയെന്നതാണ് ലക്ഷ്യമെന്നത് വ്യക്തമാണ്. അന്തിമവിധിയില്‍ ആരോപണവിധേയന്‍ ശിക്ഷിക്കപ്പെടില്ല എന്ന ബോധ്യത്തോടെ തന്നെ തങ്ങള്‍ക്ക് ശല്യമാവുന്നവരെ നിയമവ്യവഹാരങ്ങളില്‍ കരുക്കി ശിക്ഷിക്കുന്ന അന്യായ രീതിയാണിത്.
പാര്‍ക്കിന്‍സണ്‍ രോഗം കാരണം തന്റെ വക്കാലത്തില്‍ ഒപ്പിടാന്‍ കഴിയാതെ വിറയലനുഭവിക്കുന്ന മനുഷ്യനാണ് സ്റ്റാന്‍ സ്വാമിയെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ അതൊന്നും പരിഗണിക്കാതെ സ്റ്റാന്‍ സ്വാമി ജയിലിടയ്ക്കപ്പെട്ടു. വിറയല്‍ കാരണം ഗ്ലാസ് കയ്യില്‍പിടിക്കാന്‍ കഴിയാത്തത് കാരണം വെള്ളം കുടിക്കാന്‍ സ്‌ട്രോയുപയോഗിക്കാറുണ്ടായിരുന്നു അദ്ദേഹം. എന്നാല്‍ ഒക്ടോബര്‍ 9ന് അദ്ദേഹം ജയിലിലടയ്ക്കപ്പെട്ടപ്പോള്‍ സ്‌ട്രോ അനുവദിക്കാന്‍ അധികൃതര്‍ തയ്യാറായില്ലെന്ന് മാത്രമല്ല നവംബര്‍ ആറിന് കോടതിയോട് ഇതേ ആവശ്യം ആവര്‍ത്തിച്ചിട്ടും ഫലമുണ്ടായില്ല.
പൊതുനന്മയും
വ്യക്തിസ്വാതന്ത്ര്യവും
ഈ വര്‍ഷം മാര്‍ച്ച് 22ന് കോടതി ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷ തള്ളി പുറപ്പെടുവിച്ച പരാമര്‍ശം ഇപ്രകാരമായിരുന്നു: ‘സമൂഹത്തിന്റെ പൊതുതാല്‍പര്യവും വ്യക്തിസ്വാതന്ത്ര്യവും വരുമ്പോള്‍ സമൂഹത്തിന്റെ താല്‍പര്യത്തിനാണ് പ്രാധാന്യം ലഭിക്കേണ്ടത്. അവിടെ പ്രായാധിക്യമോ പറയപ്പെടുന്ന ആരോഗ്യപ്രശ്‌നങ്ങളോ താങ്കള്‍ക്ക് അനുകൂലമാവില്ല’. ആദ്യമായല്ല ‘സമൂഹത്തിന്റെ നന്മയും താല്‍പര്യവും’ മുന്‍നിര്‍ത്തി വ്യക്തി സ്വാതന്ത്ര്യം നിഷേധിക്കാന്‍ ന്യായീകരണങ്ങളുണ്ടാവുന്നത്. ഏത് സമൂഹത്തിന്റെ നന്മയെ പറ്റിയാണ് ഈ പറയുന്നത് എന്നത് മറ്റൊരു വിഷയമാണ്. യൂട്ടിലിറ്റേറിയന്‍ ചിന്താധാരയുടെ ഭൂരിപക്ഷ നീതിയാണ് ഇവിടെ നീതിന്യായ സംവിധാനങ്ങള്‍ പോലും ആശ്രയിക്കുന്നത്. അഫ്‌സല്‍ ഗുരുവിനെ വധശിക്ഷക്ക് വിധിച്ചത് പൊതുമനഃസാക്ഷിയെ തൃപ്തിപ്പെടുത്താന്‍ കൂടിയാണെന്ന വിധിന്യായം ഇതിനോട് ചേര്‍ത്ത് വായിക്കാം. ജോണ്‍ റോള്‍സിനെ പോലെയുള്ള തത്വചിന്തകര്‍ നീതിയെന്നാല്‍ ഓരോ വ്യക്തിക്കും ഉറപ്പാക്കപ്പെടേണ്ടതാണെന്നും അല്ലത്താതൊന്നും നീതിയല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
കൂട്ടിലടച്ച കിളികള്‍
താന്‍ ജയിലിലടക്കപ്പെട്ടതിന്റെ നൂറാം ദിനത്തില്‍ ഫാദര്‍ സ്റ്റാന്‍ തന്റെ സഹപ്രവര്‍ത്തകരായ ഈശോ സഭാംഗങ്ങള്‍ക്ക് എഴുതിയ കത്ത് പ്രസക്തമാണ്. തങ്ങള്‍ക്ക്‌മേല്‍ ചുമത്തപ്പെട്ട കുറ്റമെന്തെന്നറിയാത്ത നിരവധി പട്ടിണിപാവങ്ങളാണ് തനിക്കൊപ്പം ജയിലില്‍ കഴിയുന്നതെന്ന് അദ്ദേഹം എഴുതി. ഭീമകൊറഗാവ് കേസില്‍ തനിക്കൊപ്പം പ്രതിചേര്‍ക്കപ്പെട്ട മറ്റ് പതിനഞ്ച്് പേരും ഒരേ ജയിലിലാണെങ്കിലും താന്‍ കാണാറില്ലെന്നും പക്ഷേ ഞങ്ങള്‍ പാടുന്നത് ഒന്നിച്ചാണെന്നും അദ്ദേഹമെഴുതി. കൂട്ടിലടച്ച കിളികള്‍ക്ക് പാടാന്‍ കഴിയുമെന്ന് അദ്ദേഹം ആ കത്തില്‍ മനസ്ഥൈര്യത്തോടെ പ്രഖ്യാപിച്ചു. ഭീമകൊറഗാവ് കേസായാലും സിദ്ദീഖ് കാപ്പന്റെ കേസായാലും ഷര്‍ജീല്‍ ഇമാമായാലുമൊന്നും ഒറ്റപ്പെട്ട സംഭവങ്ങളല്ല. കേസില്‍ മെറിറ്റില്ലെന്ന് കാണുമ്പോള്‍ യു.എ.പി.എ ചാര്‍ത്തി പണിഷ്‌മെന്റ് ബൈ പ്രൊസസ് നടപ്പാക്കുന്ന ഭരണകൂടയുക്തി വ്യക്തമായ അനീതിതന്നെയാണ്. മലയാളികളായ പ്രൊഫ. ഹാനിബാവുവും റോണാവില്‍സനും ഭീമാകൊറഗാവ് കേസില്‍ പ്രതികളാക്കപ്പെട്ടത് തെളിവുകള്‍ വളച്ചൊടിച്ചും ഒളിച്ചുകടത്തിയുമാണെന്നുമുള്ള ആരോപണം ശക്തമാണ്. അവരുടെ മോചനത്തിനായുള്ള ജനാധിപത്യ പ്രതിഷേധങ്ങള്‍ ശക്തമാവേണ്ടതുണ്ട്.
(ജെ.എന്‍.യു ഗവേഷകനാണ് ലേഖകന്‍)