സ്കൂൾ കായികമേളയിൽ വുഷു മത്സരത്തിൽ 68 വിദ്യാർത്ഥികൾക്ക് പരിക്ക്; പത്ത്‌ പേർ ആശുപത്രിയിൽ

സംസ്ഥാന സ്കൂൾ കായിക മേളയിലെ വുഷു മത്സരങ്ങൾക്കിടെ 68 വിദ്യാർത്ഥികള്‍ക്ക് പരിക്കേറ്റു. ഇവരിൽ 10 പേരെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ എണ്ണം കൂടിയതോടെ മത്സരം രണ്ടരമണിക്കൂറോളം നിർത്തിവക്കേണ്ടിവന്നു.

കോലഞ്ചേരി സെന്റ് പീറ്റേഴ്സ് വിഎച്ച്എസിലാണ് വുഷു മത്സരം നടന്നത്. ബുധനാഴ്ച വൈകിട്ട് മൂന്നോടെയാണ് മത്സരങ്ങൾ നിർത്തിവച്ചത്. 5.30ന് മത്സരങ്ങൾ പുനരാരംഭിച്ചു. വിവിധ വിഭാഗങ്ങളിലായി 192 മത്സരങ്ങൾ പൂർത്തിയായപ്പോഴാണ് 68 പേർക്ക് പരിക്കേറ്റത്. തലയ്ക്കും വയറ്റിലും കാലിലും കയ്യിലും മൂക്കിലും ഉൾപ്പെടെ പലഭാഗത്തും പരിക്കുണ്ട്. ഇതോടെ പലരും മത്സരവേദി വിട്ടു.

കാസർഗോഡ് സ്വദേശികളായ ആൽബർട്ട് ബിജു (14), കിരൺ എസ് കുമാർ (16), കണ്ണൂർ സ്വദേശികളായ കെ ദൃശ്യ (14), പി ജുമദ് (14), കൃഷ്ണപ്രിയ (16), എം ആദിനാഥ് (12), എം തീർത്ഥ (17), ഇടുക്കി സ്വദേശി ആൻമി സാറാ ബിജു(13) എന്നിവരെയാണ് കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇതിനിടെ ആശുപത്രി ചെലവുകൾ സംബന്ധിച്ച് തർക്കമുണ്ടായി. എന്നാൽ ചെലവ് സർക്കാർ വഹിക്കാമെന്ന് മന്ത്രി തന്നെ അറിയിക്കുകയായിരുന്നു.

webdesk13:
whatsapp
line