പത്തനംതിട്ട: ശബരിമലയില്‍ സന്നിധാനത്ത് നിരോധനാജ്ഞ ലംഘിച്ച നടപടിയില്‍ ഇന്നലെ അറസ്റ്റ് ചെയ്ത 68 പേരെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്റ് ചെയ്തത്. പത്തനംതിട്ട മുന്‍സിഫ് കോടതിയുടേതാണ് നടപടി. ജാമ്യാപേക്ഷ ബുധനാഴ്ച പത്തനംതിട്ട കോടതി പരിഗണിക്കും. സന്നിധാനത്തുനിന്ന് അറസ്റ്റ് ചെയ്തവരെ മണിയാര്‍ പോലീസ് ക്യാമ്പിലേക്കാണ് കൊണ്ടുപോയിരുന്നത്. ഇവിടെ നിന്നാണ് കോടതിയില്‍ എത്തിച്ചത്.
സുരക്ഷാ പ്രശ്‌നങ്ങള്‍ ഉളളതിനാല്‍ ഇവരെ പല ഘട്ടങ്ങളായാണ് കോടതിയില്‍ ഹാജരാക്കിയത്. തങ്ങള്‍ ശരണം വിളിക്കുക മാത്രമാണ് ചെയ്തത് എന്ന് ഇവര്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ കോടതി ഇവരെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു. റിമാന്‍ഡിലായവരെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും.
അര്‍ദ്ധരാത്രി വിലക്ക് ലംഘിച്ച് ശബരിമലയില്‍ പ്രതിഷേധിച്ച 69 പേരെയാണ് പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. കണ്ടാലറിയാവുന്ന 150 പേര്‍ക്കെതിരെ കേസെടുത്തു. പിടിയിലായവരില്‍ നേരത്തെ പൊലീസ് ലിസ്റ്റില്‍ ഉള്‍പ്പെട്ട 15 പേരുമുണ്ട്. അറസ്റ്റിലായ സംഘത്തില്‍ 18 വയസില്‍ താഴെയുള്ള ഭക്തനുമുണ്ടായിരുന്നു. ഇയാളെ പിന്നീട് മണിയാര്‍ ക്യാമ്പില്‍ എത്തിയതിന് ശേഷം വിട്ടയച്ചു.
ഇന്നലെ രാത്രി പത്തരയോടെയാണ് സന്നിധാനത്ത് നാടകീയ സംഭവങ്ങള്‍ക്ക് തുടക്കമായത്. വിരി വയ്ക്കുന്നതിനുളള നിയന്ത്രണത്തിനെതിരെ ഇരുന്നൂറിലേറെപ്പേര്‍ വലിയ നടപ്പന്തലിലേക്ക് ശരണം വിളിച്ച് നീങ്ങി. തുടര്‍ന്ന് കുത്തിയിരുന്ന് പ്രതിഷേധം. നട അടയ്ക്കുന്നതോടെ പിരിഞ്ഞ് പോകാമെന്ന് പൊലീസുമായുളള ചര്‍ച്ചയില്‍ സമരക്കാര്‍ ഉറപ്പ് നല്‍കി. പക്ഷേ നട അടച്ചതോടെ രംഗം മാറി.
പ്രതിഷേധത്തിന് നേതൃത്വം നല്‍കിയവരെ അറസ്റ്റ് ചെയ്യേണ്ടി വരുമെന്ന് പൊലീസ് വ്യക്തമാക്കുകയും ചെയ്തു. നേതാക്കളെ മാത്രം അറസ്റ്റ് ചെയ്യാനാകില്ലെന്ന് പ്രതിഷേധക്കാരും നിലപാടെടുത്തതോടെ രംഗം വഷളായി. പ്രതിഷേധക്കാര്‍ മാളികപ്പുറം ക്ഷേത്രത്തിന് അടുത്തേക്ക് നീങ്ങിയപ്പോഴായിരുന്നു കൂട്ട അറസ്റ്റ്. എതിര്‍ത്തവരെ പൊലീസ് ബലംപ്രയോഗിച്ച് കീഴടക്കി. പ്രതിഷേധത്തിനിടയില്‍ ഒരാള്‍ക്ക് പരിക്കേറ്റു.
സന്നിധാനത്ത് നിന്ന് പന്പയിലെത്തിച്ച പ്രതിഷേധക്കാരെ വാഹനങ്ങളില്‍ കയറ്റി. എങ്ങോട്ട് കൊണ്ടു പോകണമെന്ന കാര്യത്തില്‍ പൊലീസ് തീരുമാനം പിന്നെയും വൈകി. ഒരു മണിക്കൂറിലേറെ വാഹനങ്ങള്‍ ചാലക്കയത്ത് നിര്‍ത്തിയ ശേഷം മണിയാര്‍ കെ എപി അഞ്ചാം ബറ്റാലിയന്‍ ക്യാംപിലേക്ക് മാറ്റുകയായിരുന്നു. എന്നാല് പൊലീസ് ക്യാമ്പിന് മുന്നിലും പ്രതിഷേധം തുടര്‍ന്നു.
നിരോധനാജ്ഞ ലംഘിച്ചതിനും, പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് ജാമ്യമില്ലാവകുപ്പ് പ്രകാരവുമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.
എറണാകുളത്ത് ആര്‍എസ്എസ് സംഘടനാ ചുമതലയുള്ള ആര്‍ രാജേഷ് ആണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയതെന്ന് പിന്നീട് തിരിച്ചറിഞ്ഞു. ചിത്തിര ആട്ട വിശേഷ സമയത്തും ഇയാള്‍ സന്നിധാനത്ത് സജീവമായിരുന്നു.