സംസ്ഥാനത്തെ റോഡ് നിര്‍മാണത്തില്‍ വ്യാപക ക്രമക്കേട്. ടാറിംഗിലെ അപാകത കണ്ടെത്താന്‍ ഓപ്പറേഷന്‍ ‘സരള്‍ രാസ്ത’യുടെ ഭാഗമായി വിജിലന്‍സ് നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. പുതുതായി നിര്‍മിക്കുന്ന റോഡുകളില്‍ പകുതിയോളം റോഡിലും കുഴികള്‍ കണ്ടെത്തി. ആറുമാസത്തിനിടെ ടാറിങ് നടന്ന 67 റോഡുകളില്‍ കുഴികള്‍ കണ്ടെത്തിയ വിജിലന്‍സ്, 19 റോഡുകളില്‍ വേണ്ടത്ര ടാര്‍ ഉപയോഗിച്ചിട്ടില്ലെന്നും തിരിച്ചറിഞ്ഞു. ടാറും റോഡ് ഡോളറും ഉപയോഗിക്കാതെവരെ റോഡ് നിര്‍മിച്ചുവെന്നും കണ്ടെത്തി.
കഴിഞ്ഞ ആറ് മാസത്തിനിടെ നിര്‍മാണം പൂര്‍ത്തിയാക്കിയ റോഡുകള്‍ തിരഞ്ഞെടുത്താണ് വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പൂര്‍ത്തികരിച്ച 115 റോഡുകളും പൊതുമരാമത്ത് വകുപ്പ് പൂര്‍ത്തികരിച്ച 24 റോഡുകളും കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് പ്രോജക്റ്റ് പൂര്‍ത്തികരിച്ച ഒമ്പതു റോഡുകളും ഉള്‍പ്പെടെ 148 റോഡുകളിലായിരുന്നു പരിശോധന. ഇതില്‍ 67 റോഡുകളിലും നിര്‍മാണം പൂര്‍ത്തിയാക്കി മാസങ്ങള്‍ക്കകം തന്നെ കുഴികള്‍ രൂപപ്പെട്ടു. തിരുവനന്തപുരം-18, കൊല്ലം-10, പത്തനംതിട്ട-6, കോട്ടയം, കണ്ണൂര്‍, കാസര്‍കോട്, പാലക്കാട് ജില്ലകളില്‍ നാലു വീതവും ആലപ്പുഴ, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളില്‍ മൂന്നു വീതവും ഇടുക്കിയില്‍ രണ്ടും മലപ്പുറത്ത് ഒരു റോഡിലുമാണ് കുഴികള്‍ രൂപപ്പെട്ടതായി വിജിലന്‍സ് കണ്ടെത്തിയത്.
കൂടാതെ 19 റോഡുകളില്‍ നിശ്ചിത അളവിനേക്കാള്‍ കുറഞ്ഞ കനത്തിലാണ് ടാര്‍ ഉപയോഗിച്ചിട്ടുള്ളതെന്നും കണ്ടെത്തി. തിരുവനന്തപുരം, കൊല്ലം, വയനാട് ജില്ലകളിലെ മൂന്നു വീതവും കോട്ടയം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലെ രണ്ടു വീതവും പത്തനംതിട്ട, എറണാകുളം, കാസര്‍കോഡ്, കണ്ണൂര്‍ ജില്ലകളില്‍ ഓരോ റോഡും മതിയായ കനത്തില്‍ ടാര്‍ ഉപയോഗിക്കാതെയാണ് നിര്‍മിച്ചത്. എറണാകുളത്ത് ഒരു റോഡ് മതിയായ രീതിയില്‍ ടാര്‍ ഉപയോഗിക്കാതെയും കൊല്ലത്തെ ഒരു റോഡില്‍ ആവശ്യമായ വിധത്തില്‍ റോളര്‍ ഉപയോഗിക്കാതെയുമാണ് നിര്‍മിച്ചത്. കോഴിക്കോട് ഒരു റോഡ് നിര്‍മാണം പൂര്‍ത്തിയാക്കി മാസങ്ങള്‍ക്കകം പരിപൂര്‍ണമായും പൊട്ടിപ്പൊളിഞ്ഞതായും കണ്ടെത്തി.
മിന്നല്‍ പരിശോധനാ വേളയില്‍ റോഡുകളില്‍ നിന്നും കോര്‍ കട്ട് മുഖേന ശേഖരിച്ച സാമ്പിളുകള്‍ ലാബുകളിലയച്ച് നിര്‍മാണത്തിനായി ഉപയോഗിച്ച, ടാര്‍, മെറ്റല്‍, സാന്‍ഡ്, ചിപ്‌സ് തുടങ്ങിയവയുടെ അനുപാതം കണ്ടെത്തി വിശദമായ ഗുണപരിശോധന നടത്തും. രണ്ടാഴ്ച മുമ്പും റോഡുകളില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നലെത്തെ പരിശോധന. പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ 1064 ലോ 8592900900 ലോ അറിയിക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ര്‍ മനോജ് എബ്രഹാം അറിയിച്ചു.