X

കെ.എം സീതി സാഹിബിന്റെ വേര്‍പാടിന് ഇന്നേക്ക് 62 വര്‍ഷം

കേരളത്തിലെ മുസ്ലിം നവോത്ഥാന നായകരില്‍ പ്രമുഖന്‍, മുസ്ലിം ലീഗ് സ്ഥാപക നേതാക്കളില്‍ പ്രധാനി, കേരള നിയമസഭയില്‍ മുസ്ലിംലീഗിന്റെ ആദ്യ നിയമസഭ സ്പീക്കര്‍. ബ്രിട്ടീഷുകാര്‍ സീതിസാഹിബ് ബഹദൂറെന്നും കേരളജനത ഷേര്‍ എ കേരളയെന്നും വിളിച്ചിരുന്ന കെ.എം സീതി സാഹിബിന്റെ വേര്‍പാടിന് ഇന്നേക്ക് 62 വര്‍ഷം.

20-ാം നൂറ്റാണ്ടിന്റെ മധ്യശതകങ്ങളില്‍ കേരളത്തിന്റെ സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ വിഹായസില്‍ അതുല്യ കാന്തിയോടെ കത്തിജ്വലിച്ച് നിന്ന മഹാനായിരുന്നു കോട്ടപ്പുറത്ത് മുഹമ്മദ് സീതിയെന്ന കെ.എം സീതി സാഹിബ്. തേച്ചുമിനുക്കാത്ത മുറിക്കയ്യന്‍ ഷര്‍ട്ടും അതിനിണങ്ങും ഖദര്‍മുണ്ടും നരകയറിയ തലയില്‍ ജിന്നാകേപ്പുമായി അരനൂറ്റാണ്ടുകാലം കേരളീയ മുസ്ലിം സാമൂഹിക ജീവിതത്തോടൊപ്പം അദ്ദേഹവുമുണ്ടായിരുന്നു.

കേരളത്തിന്റെ പൈതൃക നഗരിയായ തലശ്ശേരി പട്ടണവുമായി അഭേദ്യ ബന്ധമായിരുന്നു സീതി സാഹിബിന്. പ്രമാദമായ ഒരു മതപരിവര്‍ത്തന കേസുമായി ബന്ധപ്പെട്ടാണ് തലശ്ശേരിയിലെ മുസ്ലിം പ്രമാണിമാരുടെ അഭ്യര്‍ഥന മാനിച്ച് എറണാകുളത്തെ പ്രഗല്‍ഭ അഭിഭാഷകനായ സീതിസാഹിബ് 1931 ല്‍ എത്തിയത്. പിന്നീട് തലശ്ശേരിയെ തന്റെ രണ്ടാം ജന്മഗൃഹമായി അദ്ദേഹം ഏറ്റെടുക്കുകയായിരുന്നു. തലശ്ശേരി തിരുവങ്ങാട്ടെ വാടകവീട്ടിലായിരുന്നു താമസം.

തലശ്ശേരി മുസ്ലിം ക്ലബിന്റെ ജീവനാഡിയും ക്ലബ്ബിനെ ചര്‍ച്ചാ വേദിയാക്കി പരിവര്‍ത്തിപ്പിച്ച എ.കെ കുഞ്ഞി മായിന്‍ഹാജി, ഉപ്പി സാഹിബ്, സി.പി മമ്മുക്കേയി, ടി.എം മൂസ സാഹിബ് എന്നിവരോടൊപ്പം സീതി സാഹിബുമുണ്ടായിരുന്നു. തലശ്ശേരിയില്‍ ഡിസ്ട്രിക്ട് സെഷന്‍സ് ജഡ്ജിയായിരുന്ന മീര്‍ സൈനുദ്ദീനും അന്ന് ക്ലബുമായി സഹകരിച്ച് സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായിരുന്നു. സീതി സാഹിബ് ഉള്‍പ്പെടെ പ്രധാനികളുടെ സംഗമ വേദിയായിരുന്നു തലശ്ശേരിയിലെ ആലിഹാജി പള്ളി. ഇവിടെ ഒരു ദിവസം സീതിസാഹിബും കൂടി പങ്കെടുത്ത ചര്‍ച്ചയുടെ ഫലമാണ് 1934 മാര്‍ച്ച് 26ന് ചന്ദ്രിക പ്രതിവാര പത്രമായി പ്രസിദ്ധീകരിക്കുന്നതിലെത്തിയത്.

1934ല്‍ തലശ്ശേരിയില്‍ നടന്ന സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ ഒമ്പതാം വാര്‍ഷിക സമ്മേളന അധ്യക്ഷന്‍ സീതിസാഹിബായിരുന്നു. 1935ല്‍ അറക്കല്‍ അബ്ദുറഹ്മാന്‍ രാജാവ് പ്രസിഡന്റും സത്താര്‍ സേട്ടു സെക്രട്ടറിയുമായി രൂപീകരിച്ച മലബാര്‍ മുസ്ലിംലീഗ് കമ്മിറ്റിയുടെ സഹഭാരവാഹികളായ എ.കെ കുഞ്ഞി മായിന്‍ഹാജി, കെ.എം സീതി സാഹിബ്, ബി പോക്കര്‍ സാഹിബ്, ചെയര്‍മാന്‍ മമ്മുക്കേയി, കോട്ടാല്‍ ഉപ്പിസാഹിബ് തുടങ്ങിയ പ്രഗല്‍ഭരുടെ തലശ്ശേരി കേന്ദ്രീകരിച്ചുണ്ടായ പ്രവര്‍ത്തനങ്ങളുടെ ഫലമായി ഒരു കൊടുങ്കാറ്റുപോലെ മുസ്ലിംലീഗ് മലബാര്‍ മുഴുവന്‍ വ്യാപിപ്പിക്കുകയുണ്ടായി.

മുസ്ലിംലീഗിനെതിരെ ഉയരുന്ന എതിര്‍പ്പുകളെ ഗുണകരമായി നേരിടാന്‍ സീതിസാഹിബ് മലബാറിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പ്രസംഗങ്ങള്‍ അന്ന് ചന്ദ്രിക ദിനപത്രത്തില്‍ മാത്രമേ പ്രസിദ്ധീകരിച്ചുള്ളൂ. ചന്ദ്രികയില്‍ പ്രസിദ്ധീകരിച്ച സീതിസാഹിബിന്റെ പ്രസംഗങ്ങള്‍ ലഘുകുറിപ്പുകളായി മുസ്ലിംലീഗ് കമ്മിറ്റികള്‍ക്ക് അയച്ച് കൊടുക്കുകയെന്ന പ്രധാന ചുമതല വഹിച്ചിരുന്നത് പണ്ഡിതനും മുസ് ലിംലീഗ് നേതാവുമായിരുന്ന കെ.എന്‍ ഇബ്രാഹിം മൗലവി കല്ലിക്കണ്ടിയായിരുന്നു.

തലശ്ശേരി ഗവ.ബ്രണ്ണന്‍ കോളജ്, തലശ്ശേരി മദ്രസത്തുല്‍ മുബാറക് ഹൈസ്‌കൂള്‍, തഅലീമുല്‍ ഇസ്ലാം മദ്രസ, തലശ്ശേരി ടൗണ്‍ മാപ്പിള യുപി സ്‌കൂള്‍, തലശ്ശേരി ദാറുസലാം യതീംഖാന, വടകര ബുസ്താനുല്‍ ഉലൂം മദ്രസ, എം.വി.എം ഉള്‍പ്പെടെ സീതിസാഹിബിന്റെ കയ്യൊപ്പും പരിലാളനയും പതിഞ്ഞ തലശ്ശേരിയിലെയും പരിസര പ്രദേശങ്ങളിലെയും ചില സ്ഥാപനങ്ങള്‍ മാത്രമാണ്. 1931 മുതല്‍ 1956 വരെ രണ്ട് പതിറ്റാണ്ടിലേറെ തലശ്ശേരിയില്‍ കഴിഞ്ഞ സീതി സാഹിബിന്റെ വിട്ടുപിരിയാത്ത കൂട്ടുകാരനായിരുന്നു ഉപ്പി സാഹിബ്.

തലശ്ശേരിയിലെ വാസമുപേക്ഷിച്ച് എറണാകുളത്തേക്ക് താമസം മാറ്റാന്‍ തീരുമാനിച്ച അദ്ദേഹത്തെ 1956 ഏപ്രില്‍ അഞ്ചിന് തലശ്ശേരി റെയില്‍വെ സ്റ്റേഷനില്‍ യാത്രയയക്കാനെത്തിയത് വന്‍ ജനക്കൂട്ടമാണ്. പിന്നീട് 1958ലെ നഗസഭ തിരഞ്ഞെടുപ്പ് വേളയിലും 1960ലെ പൊതുതെരഞ്ഞെടുപ്പ് വേളയിലും കേരള നിയമസഭ സ്പീക്കറായപ്പോള്‍ 1996 മെയ് ആറിനും ഏഴിനും നഗരസഭ കൗണ്‍സിലിലും മറ്റ് വിവിധ കമ്മിറ്റികളും നല്‍കിയ സ്വീകരണ സമ്മേളനങ്ങളില്‍ പങ്കെടുക്കാനും സീതിസാഹിബ് തലശ്ശേരിയില്‍ എത്തിയിരുന്നു.

 

webdesk11: