X

പുതിയ സൈനിക സ്‌കൂളുകളില്‍ 62 ശതമാനവും കേന്ദ്രം നല്‍കിയത് ആര്‍എസ്എസിനും ബിജെപി നേതാക്കള്‍ക്കും

രാജ്യത്ത് പുതിയതായി ആരംഭിച്ച സൈനിക സ്കൂളുകളിൽ 62 ശതമാനവും സംഘ്പരിവാർ-ബി.ജെ.പി ബന്ധമുള്ളവർക്കും സഖ്യകക്ഷികൾക്കും അനുവദിച്ചുനൽകിയതായി കണ്ടെത്തൽ. സ്വതന്ത്ര മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ‘ദ റിപ്പോർട്ടേഴ്സ് കലക്ടീവ്’ ആണ് ഇക്കാര്യം പുറത്തുവിട്ടത്.

2021ലാണ് കേന്ദ്ര സർക്കാർ സൈനിക സ്കൂളുകൾ ആരംഭിക്കാൻ സ്വകാര്യ മേഖലയിൽ നിന്നുള്ളവർക്ക് അനുവാദം നൽകിയത്. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ സൈനിക സ്കൂളുകൾ ആരംഭിക്കാമെന്നായിരുന്നു വ്യവസ്ഥ. രാജ്യത്തുടനീളം 100 പുതിയ സൈനിക സ്കൂളുകൾ ആരംഭിക്കുമെന്ന് ആ വർഷത്തെ ബജറ്റിൽ വാഗ്ദാനവും നൽകി.

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ സ്വയംഭരണാധികാരമുള്ള സ്ഥാപനമായ സൈനിക് സ്കൂൾ സൊസൈറ്റിക്കാണ് (എസ്.എസ്.എസ്) സൈനിക സ്കൂളുകളുടെ ചുമതല. എസ്.എസ്.എസ് മുന്നോട്ടുവെച്ചിട്ടുള്ള മാനദണ്ഡങ്ങൾ അനുസരിക്കുന്ന ഏത് സ്കൂളിനും സൈനിക സ്കൂളായി മാറാനുള്ള അനുമതി തേടാം. ഭൂമി, ഭൗതിക സൗകര്യങ്ങൾ, വിവരസാങ്കേതിക സൗകര്യങ്ങൾ, സാമ്പത്തിക സ്രോതസ്സ്, ജീവനക്കാർ തുടങ്ങിയ സൗകര്യങ്ങളുള്ള സ്വകാര്യ സ്കൂളുകൾ സൈനിക സ്കൂളുകളായി മാറാൻ യോഗ്യതയുള്ളവയാണ്. ഇത് വഴിയാണ് സംഘ്പരിവാർ സ്ഥാപനങ്ങളും സംഘ്പരിവാർ ബന്ധമുള്ളവരുടെ സ്ഥാപനങ്ങളും വലിയ തോതിൽ സൈനിക സ്കൂളുകളായി മാറിയത്.

സൈനിക സ്കൂളുകളുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പുറത്തിറക്കിയ വാർത്താക്കുറിപ്പിലെയും വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലെയും വിവരങ്ങൾ ഏറെ ആശങ്കയുണ്ടാക്കുന്നതാണെന്ന് ‘ദ റിപ്പോർട്ടേഴ്സ് കലക്ടീവി’ന്‍റെ റിപ്പോർട്ടിൽ പറയുന്നു. സൈനിക് സ്കൂൾ സൊസൈറ്റിയുമായി ഇതുവരെ ധാരണാപത്രം ഒപ്പിട്ട 40 സൈനിക് സ്കൂളുകളിൽ 62 ശതമാനവും ആർ.എസ്.എസ്സുമായോ അതിന്‍റെ ഉപസംഘടനകളുമായോ ബി.ജെ.പി നേതാക്കളുമായോ സഖ്യകക്ഷികളുമായോ ബന്ധമുള്ള സ്കൂളുകളാണ്. ഹിന്ദുത്വ സംഘടനകളുടെയും ഹിന്ദുത്വ നേതാക്കളുടെയും സ്കൂളുകളും ഇതിൽ ഉൾപ്പെടുന്നു.

സൈനിക സ്കൂൾ മേഖലയിലെ പുതിയ പൊതു-സ്വകാര്യ പങ്കാളിത്തം സായുധസേനയിലേക്കുള്ള റിക്രൂട്ട്മെന്‍റുകളെ കൂടുതൽ ഫലപ്രദമാക്കുമെന്ന് കേന്ദ്ര സർക്കാർ അവകാശപ്പെടുമ്പോൾ, രാഷ്ട്രീയക്കാരെയും ഹിന്ദുത്വ വാദികളേയും സൈനിക സംവിധാനത്തിലേക്ക് അടുപ്പിക്കുന്ന ഒന്നായി മാറുമോയെന്ന ആശങ്കയാണ് മറുവശത്ത് ഉയരുന്നത്.

സൈനിക സ്കൂൾ വിദ്യാഭ്യാസ രീതിയുടെ ചരിത്രത്തിൽ ആദ്യമായാണ് സ്വകാര്യ പങ്കാളിത്തത്തോടെ സ്കൂളുകൾ തുടങ്ങാനുള്ള അനുമതി സർക്കാർ നൽകുന്നത്. 2021 ഒക്ടോബർ 12ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭയാണ് ഇതിനുള്ള തീരുമാനം കൈക്കൊണ്ടത്. കേന്ദ്ര സർക്കാർനയപ്രകാരം ഇത്തരം സ്കൂളുകളിലെ ആറാം ക്ലാസ് മുതൽ 12ാം ക്ലാസ് വരെയുള്ള വിദ്യാർഥികളുടെ വാർഷിക ഫീസ് 50 ശതമാനം സർക്കാർ വഹിക്കും.

പരമാവധി 50 വിദ്യാർഥികൾക്കാണ് ഇത് ലഭിക്കുക. അതായത്, ആറാം ക്ലാസ് മുതൽ 12ാം ക്ലാസ് വരെയുള്ള ഒരു സ്കൂളിന് വർഷത്തിൽ 1.2 കോടിയുടെ ഇളവ് ലഭിക്കും. വിദ്യാർഥികൾക്കുള്ള ഭാഗികമായ സാമ്പത്തിക സഹായമെന്ന നിലയിലാണ് ഇത്. ഇതിന് പുറമേ 12ാം ക്ലാസ് വിദ്യാർഥികളുടെ പഠനനിലവാരമനുസരിച്ച് സ്കൂളുകൾക്ക് ട്രെയിനിങ് ഗ്രാന്‍റായി വർഷം 10 ലക്ഷം ലഭിക്കും. സർക്കാറിന്‍റെ പിന്തുണയും സഹായവും ഉണ്ടായിട്ടും സൈനിക സ്കൂളുകളിൽ 13,800 മുതൽ 2,47,900 വരെ വാർഷിക ഫീസായി വാങ്ങുന്നുണ്ടെന്നും ഫീസ് ഘടനയിൽ കാര്യമായ അസമത്വമുണ്ടെന്നും റിപ്പോർട്ടേഴ്സ് കലക്ടീവ് ചൂണ്ടിക്കാട്ടുന്നു.

2022 മേയ്, 2023 ഡിസംബർ മാസങ്ങൾക്കിടയിൽ 40 സ്കൂളുകളാണ് സൈനിക് സ്കൂൾ സൊസൈറ്റിയുമായി ധാരണാപത്രം ഒപ്പിട്ടത്. ഇതിൽ 11 സ്കൂളുകൾ ബി.ജെ.പി നേതാക്കൾ ഉടമസ്ഥരായുള്ളതോ, അവരുടെ നേതൃത്വത്തിലുള്ള ട്രസ്റ്റിന് കീഴിലുള്ളതോ, ബി.ജെ.പി സഖ്യകക്ഷികളുമായി ബന്ധമുള്ളവയോ ആണ്.

എട്ട് സ്കൂളുകൾ ആർ.എസ്.എസോ അതിന്‍റെ ഉപസംഘടനകളോ നേതൃത്വം നൽകുന്നവയാണ്. ആറ് സ്കൂളുകൾ ഹിന്ദുത്വ, മത സംഘടനകളുമായി വളരെയടുത്ത ബന്ധമുള്ളവയാണ്. അതേസമയം, ഇവയിൽ ഒന്നുപോലും മുസ്ലിം, ക്രിസ്ത്യൻ മതസംഘടനകളുമായോ, മറ്റ് ന്യൂനപക്ഷ സംഘടനകളുമായോ ബന്ധമുള്ള സ്കൂളുകളല്ല.

അരുണാചൽ പ്രദേശിലെ തവാങ് പബ്ലിക് സ്കൂൾ സംസ്ഥാനത്തെ ഒരേയൊരു സൈനിക സ്കൂളാണ്. മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ പേമ ഖണ്ഡുവിന്‍റെ ഉടമസ്ഥതയിലുള്ളതാണ് സ്കൂൾ. പേമ ഖണ്ഡു സ്കൂൾ ചെയർമാനും സഹോദരനും ബി.ജെ.പി എം.എൽ.എയുമായ സെരിങ് താഷി മാനേജിങ് ഡയറക്ടറുമാണ്.

ഗുജറാത്തിലെ സൈനിക സ്കൂളായ മോത്തിഭായി ആർ. ചൗധരി സാഗർ സൈനിക സ്കൂൾ മുൻ ബി.ജെ.പി ജനറൽ സെക്രട്ടറി അശോക് കുമാർ ഭവ്സംഗ്ഭായിയുമായി ബന്ധമുള്ളതാണ്. കഴിഞ്ഞ വർഷം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് സ്കൂളിന് തറക്കല്ലിട്ടിരുന്നത്. ഗുജറാത്തിലെ മറ്റൊരു സൈനിക സ്കൂളായ ബനാസ് സൈനിക് സ്കൂൾ ഗൽഭാബായി നാൻജിബായി ചാരിറ്റബിൾ സൊസൈറ്റിക്ക് കീഴിലുള്ളതാണ്.

ഗുജറാത്ത് നിയമസഭ സ്പീക്കറും ബി.ജെ.പി നേതാവുമായ ശങ്കർ ചൗധരിയാണ് സൊസൈറ്റിക്ക് നേതൃത്വം നൽകുന്നത്. സമാനരീതിയിൽ, യു.പി, ഹരിയാന, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെയും പുതിയ സൈനിക സ്കൂളുകൾ ബി.ജെ.പി നേതൃത്വവുമായി അടുത്ത ബന്ധമുള്ളവയാണെന്ന് ദ റിപ്പോർട്ടേഴ്സ് കലക്ടീവ് ചൂണ്ടിക്കാട്ടുന്നു.

ആന്ധ്രപ്രദേശിലെ നെല്ലൂരിലെ അദാനി വേൾഡ് സ്കൂളും സൈനിക് സ്കൂളായി അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. അദാനി കമ്യൂണിറ്റി എംപവർമെന്‍റ് ഫൗണ്ടേഷന് കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ആർ.എസ്.എസിന് കീഴിലെ വിദ്യാഭ്യാസ സംഘടനയായ വിദ്യാഭാരതിക്ക് ഏഴ് സൈനിക് സ്കൂളുകളാണുള്ളത്. ഇതിൽ മൂന്നെണ്ണം ബിഹാറിലും ഓരോന്ന് വീതം മധ്യപ്രദേശ്, പഞ്ചാബ്, കേരളം, ദാദ്ര നാഗർ ഹവേലി എന്നിവിടങ്ങളിലുമാണ്.

ആർ.എസ്.എസിന് കീഴിലെ മറ്റൊരു സംഘടനയായ രാഷ്ട്രീയ സേവാ ഭാരതിയാണ് ഹോസംഗബാദിലെ സരസ്വതി ഗ്രാമോദയ് ഹയർ സെക്കൻഡറി സ്കൂൾ നടത്തിപ്പ്. ഇതിനും സൈനിക് സ്കൂളായി അനുമതി ലഭിച്ചിട്ടുണ്ട്. സെൻട്രൽ ഹിന്ദു മിലിട്ടറി എജുക്കേഷൻ സൊസൈറ്റിക്ക് കീഴിൽ നാഗ്പൂരിൽ പ്രവർത്തിക്കുന്ന ഭോൻസാല മിലിട്ടറി സ്കൂളിനും സൈനിക സ്കൂൾ പദവി ലഭിച്ചിട്ടുണ്ട്.

2006ലെ നന്ദേഡ് ബോംബ് സ്ഫോടനം, 2008ലെ മലേഗാവ് സ്ഫോടനം എന്നീ കേസുകളിലെ പ്രതികൾക്ക് ഭോൻസാല മിലിട്ടറി സ്കൂളിൽ നിന്ന് പരിശീലനം ലഭിച്ചിരുന്നുവെന്ന ആരോപണം മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന അന്വേഷിച്ചിരുന്നു. കേരളത്തിൽ എറണാകുളത്തെ ശ്രീ ശാരദ വിദ്യാലയമാണ് പുതിയ സൈനിക സ്കൂൾ പദവി ലഭിച്ച വിദ്യാലയം. ഹിന്ദു മതസംഘടനയായ ആദിശങ്കര ട്രസ്റ്റാണ് സ്കൂളിന്‍റെ നടത്തിപ്പുകാർ.

webdesk13: