X

ആഗോളതലത്തില്‍ അറുപതു ശതമാനം വന്യജീവികളും ഇല്ലാതായതായി റിപ്പോര്‍ട്ട്

മനുഷ്യചെയ്തികളെ തുടര്‍ന്ന് ലോകത്ത് 60ശതമാനം വന്യജീവികളും നശിച്ചതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം പുറത്തിറങ്ങിയ ലിവിംഗ് പ്ലാനെറ്റ് റിപ്പോര്‍ട്ട് പ്രകാരം ലോകത്തില്‍ മല്‍സ്യം, പക്ഷികള്‍, സസ്തനികള്‍, ഉഭയജീവികള്‍, ഉരഗജീവികള്‍ തുടങ്ങിയവയെല്ലാം ആഗോളതലത്തില്‍ നിന്നും ഇല്ലാതായതായി പറയുന്നു. വനനശീകരണം, മലിനീകരണം, വര്‍ദ്ധിച്ചതോതിലുള്ള മത്സ്യബന്ധനം, അനധികൃതമായിട്ടുള്ള വന്യജീവികളുടെ വില്‍പ്പന തുടങ്ങിയവയാണ് വന്യജീവികളെ ഭൂലോകത്ത് നിന്ന് ഇല്ലാതാക്കുന്നതിന് കാരണമായത്.

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്താരാഷ്ട്ര തലത്തില്‍ മറ്റു പരിസ്ഥിതി സംഘടനകളും വ്യക്തമാക്കുന്നത് ജീവികളുടെ നാശത്തിന് പ്രധാനമായും അഞ്ച് കാരണങ്ങളാണെന്നാണ്. ജീവികളുടെ വാസസ്ഥലം നഷ്ടപ്പെടല്‍, അമിത ഉപഭോഗം, മലിനീകരണം, ജീവികള്‍ക്കെതിരെയുള്ള ആക്രമണങ്ങളും അവക്കുണ്ടാകുന്ന രോഗങ്ങളുമാണ് അവ.

’65 ദശലക്ഷം വര്‍ഷം മുമ്പ് ദിനോസറുകള്‍ ഇല്ലാതായ ശേഷം ഇതാദ്യമായാണ് കൂട്ടത്തോടെ ഇത്രയധികം ജീവിവര്‍ഗങ്ങള്‍ ഭൂമുഖത്തുനിന്ന് ഇല്ലാതാവുന്നത്. നമ്മുടെ ചെയ്തികള്‍ കാരണം മറ്റ് ജീവിവര്‍ഗങ്ങള്‍ ഇല്ലാതാകുന്നത് നാം ശ്രദ്ധിക്കുന്നില്ല.’ വേള്‍ഡ് വൈല്‍ഡ് ഫണ്ട് യുകെ വിഭാഗം ഡയറക്ടര്‍ മൈക്ക് ബാരറ്റ് പറയുന്നു.

3000 സ്പീഷ്‌സുകളില്‍ നിന്ന് അപ്രത്യക്ഷമായ 14,000 ജീവികളില്‍ നടത്തിയ ദീര്‍ഘകാല പഠനത്തിലാണ് കണ്ടെത്തല്‍. ഗോറില്ലകള്‍, മനുഷ്യക്കുരങ്ങ്, കണ്ടാമൃഗം, ആനകള്‍, കടുവകള്‍, ഹിമപ്പുലി തുടങ്ങിയവ വംശനാശം നേരിടുന്ന ജീവികളാണ്. വാണിജ്യാടിസ്ഥാനത്തിലുള്ള മത്സ്യബന്ധനം നാല്‍പ്പത് ശതമാനത്തോളം മത്സ്യസമ്പത്ത് ഇല്ലാതാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Web Desk: