അധിക ഇറക്കുമതി തീരുവ ചുമത്താനുള്ള യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തില്‍ ഇന്ത്യയുടെ കയറ്റുമതി മേഖല വെട്ടിലാകാന്‍ സാധ്യത. ഏപ്രില്‍ മുതല്‍ യു.എസ് അധിക നികുതി ഈടാക്കുകയാണെങ്കില്‍ ഇന്ത്യക്ക് 60,000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ട്രംപിന്റെ നടപടി ഇന്ത്യയുടെ ജി.ഡി.പി വളര്‍ച്ചയെ സാരമായി ബാധിക്കാനും സാധ്യതയുണ്ട്.
ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്ന യു.എസ് ഉത്പന്നങ്ങള്‍ക്ക് 11 ശതമാനം തീരുവയാണ് ഇന്ത്യ ചുമത്തുന്നത്. അതായത് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് യു.എസ് ചുമത്തുന്ന ശരാശരി നികുതിയേക്കാള്‍ 8.2 ശതമാനം അധികമാണിത്. അമേരിക്കയില്‍ നിന്നുള്ള ഭക്ഷ്യോത്പന്നങ്ങള്‍ക്ക് ഇന്ത്യ ചുമത്തുന്നത് 39 ശതമാനം തീരുവയാണ്. എന്നാല്‍ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് അമേരിക്ക ചുമത്തുന്നത് അഞ്ച് ശതമാനം തീരുവയും. വേണ്ടപ്പെട്ട രാജ്യങ്ങളെ പട്ടികപ്പെടുത്തുന്ന എം.എ. എഫ്.എന്‍ ലിസ്റ്റ് പ്രകാരമാണ് യു.എസ് നികുതി ഈടാക്കിയിരുന്നത്.
എന്നാല്‍ അധിക തീരുവ ചുമത്താനുള്ള ട്രംപിന്റെ തീരുമാനം ഇന്ത്യന്‍ കാര്‍ഷിക മേഖലയെ മോശമായി ബാധിക്കും. പകരത്തിന് പകരമെന്ന നിലപാടാണ് യു.എസ് ഇന്ത്യയോടും സ്വീകരിക്കുന്നതെങ്കില്‍ രാജ്യത്ത് നിന്നുള്ള കാര്‍ഷിക ഉത്പന്നങ്ങളുടെ കയറ്റുമതിക്ക് അത് തിരിച്ചടിയാകും. ഇതിനുപുറമെ രാസവസ്തുക്കള്‍, ലോഹോത്പന്നങ്ങള്‍, മരുന്നുകള്‍. ആഭരണങ്ങള്‍ എന്നിവയുടെ കയറ്റുമതിയും പ്രതിസന്ധി നേരിടും.
ഫെബ്രുവരി ആദ്യവാരത്തില്‍ യു.എസിലേക്കുള്ള സ്റ്റീല്‍/അലുമിനിയം ഇറക്കുമതികള്‍ക്ക് 25 ശതമാനം അധിക തീരുവ ചുമത്തുമെന്ന് ട്രംപ് അറിയിച്ചിരുന്നു. ഇത് ഇന്ത്യന്‍ കമ്പനികള്‍ക്കും ബാധകമാണ്. എന്നാല്‍ ട്രംപിന്റെ തീരുമാനം ഇന്ത്യയിലെ സ്റ്റീല്‍/അലുമിനിയം കമ്പനികള്‍ക്ക് തിരിച്ചടിയാകുമെന്നാണ് നിഗമനം.
500 മില്യണ്‍ ഡോളറിന്റെ വ്യാപാരമാണ് ഇന്ത്യയും യു.എസും തമ്മില്‍ ഈ വര്‍ഷം ലക്ഷ്യമിടുന്നത്. 2024ല്‍ ഏകദേശം 130 മില്യണ്‍ ഡോളറിന്റെ വ്യാപാരമാണ് ഇരുരാജ്യങ്ങളും തമ്മില്‍ നടന്നത്. 2024ലെ യു.എസിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതിയ്ക്ക് 7400 കോടി യു.എസ് ഡോളറിന്റെ മൂല്യവും ഉണ്ടായിരുന്നു.
നേരത്തെ യു.എസ് ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ വലിയ നികുതിയാണ് ഈടാക്കുന്നതെന്നും ഈ തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇറക്കുമതി തീരുവ അധികമായതിനാല്‍ തന്നെ ഇന്ത്യയില്‍ വ്യാപാരം നടത്തുന്നത് പ്രയാസകരമാണെന്നും ട്രംപ് പറഞ്ഞിരുന്നു. ഇതോടെ അമേരിക്കയുമായുള്ള ബന്ധം കൂടുതല്‍ മയപ്പെടുത്താന്‍ ഇന്ത്യ ശ്രമിക്കാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഇതിനുപിന്നാലെ കഴിഞ്ഞ ദിവസം കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയുഷ് ഗോയല്‍ വ്യാപാര ചര്‍ച്ചകള്‍ക്കായി യു.എസിലെത്തി. പുതിയ വ്യാപാര കരാറുകള്‍ ലക്ഷ്യമിട്ടാണ് കേന്ദ്രമന്ത്രിയുടെ യു.എസ് സന്ദര്‍ശനം. വാണിജ്യ പ്രതിനിധി ജാമീസന്‍ ഗ്രീറുമായുള്ള കൂടിക്കാഴ്ചക്കാണ് പിയുഷ് യു.എസിലെത്തിയത്.