ന്യൂഡല്‍ഹി: സൈന്യത്തില്‍ മേജര്‍ റാങ്കിലുള്ള 2,094 ഉദ്യോഗസ്ഥരുടെയും ക്യാപ്റ്റന്‍ റാങ്കിലുള്ള 4,734 ഉദ്യോഗസ്ഥരുടെയും കുറവുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. കരസേന, നാവികസേന, വ്യോമസേന എന്നിവിടങ്ങളില്‍ ഡോക്ടര്‍മാരുടെയും ദന്തഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും കുറവുണ്ടെന്നും പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് രാജ്യസഭയില്‍ വ്യക്തമാക്കി. ഒഴിവുകള്‍ നികത്തുന്നതിന് ഷോര്‍ട്ട് സര്‍വീസ് എന്‍ട്രി കൂടുതല്‍ ആകര്‍ഷകമാക്കാനുള്ള നിര്‍ദേശം പരിഗണനയിലാണെന്നും മന്ത്രി അറിയിച്ചു.
മൂന്ന് സേനകളിലുമായി 630 ഡോക്ടര്‍മാരുടെയും 73 ദന്തഡോക്ടര്‍മാരുടെയും 701 നഴ്‌സുമാരുടെയും കുറവാണുള്ളത്. കരസേനയിലാണ് ഏറ്റവും കൂടുതല്‍ ഒഴിവ്. 598 ഡോക്ടര്‍മാരും 56 ദന്തഡോക്ടര്‍മാരും 528 നഴ്‌സുമാരും. നാവികസേനയില്‍ 20 ഡോക്ടര്‍മാരുടെയും 11 ദന്തഡോക്ടര്‍മാരുടെയും 86 നഴ്‌സുമാരുടെയും കുറവുണ്ട്. വ്യോമസേനയില്‍ 12 ഡോക്ടര്‍മാരുടെയും ആറ് ദന്തഡോക്ടര്‍മാരുടെയും 87 നഴ്‌സുമാരുടെയും കുറവാണുള്ളത്. കരസേനയില്‍ 1,495 പാരാമെഡിക്കല്‍ ജീവനക്കാരുടെയും നാവികസേനയിലും വ്യോമസേനയിലും യഥാക്രമം 392 ഉം 73 ഉം പാരാമെഡിക്കല്‍ ജീവനക്കാരുടെ കുറവുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കോവിഡ് കാരണം 2021, 2022 വര്‍ഷങ്ങളില്‍ മറ്റ് മെഡിക്കല്‍ സ്റ്റാഫുകളുടെ റിക്രൂട്ട്‌മെന്റിനെയും ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.