X

യുപിയിൽ 600 ഗ്രാമങ്ങൾ പ്രളയ ഭീഷണിയില്‍; വെള്ളപ്പൊക്കത്തിലും മിന്നലിലും 52 പേർ മരിച്ചു

ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും മഴക്കെടുതി രൂക്ഷം. യുപിയിൽ 600 ഗ്രാമങ്ങൾ പ്രളയ ഭീഷണിയിലാണ്. ഗുജറാത്ത്, ഗോവ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

മൺസൂൺ മഴ ശക്തമായതിനെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുകയാണ്. മഹാരാഷ്ട്ര ഗുജറാത്ത് ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. വരുന്ന മൂന്നുദിവസം കൂടി മഹാരാഷ്ട്രയിൽ ശക്തമായ മഴ തുടരും എന്നാണ് ഐ.എം.ഡിയുടെ മുന്നറിയിപ്പ്.

യുപിയിൽ വെള്ളപ്പൊക്കത്തിലും മിന്നലിലും 52 പേർ മരിച്ചു. അസം ഉത്തരാഖണ്ഡ് ഉൾപ്പെടെയുള്ള വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷമാണ്. ഹിമാചലിലും ഉത്തരാഖണ്ഡിലും മണ്ണിടിച്ചിലിനെ തുടർന്ന് പലയിടങ്ങളിലും ഗതാഗതം തടസപ്പെട്ടു.

ഈ സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം അസമിൽ പലയിടങ്ങളിൽനിന്നും പ്രളയജലം ഇറങ്ങി തുടങ്ങി.

മധ്യപ്രദേശിലും ശക്തമായ മഴ തുടരുകയാണ്. ബിഹാറിലും ഹരിയാനയിലും ഡൽഹിയിലും ഇടവിട്ടുള്ള മഴ തുടരുകയാണ്.കർണാടക, തെലങ്കാന, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലും ജൂലൈ 15 വരെ ശക്തമായ മഴ തുടരണമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

webdesk13: