X
    Categories: MoreViews

ആധുനിക സംവിധാനങ്ങളുടെ കുതിച്ചുചാട്ടമായി യുഎഇയില്‍ 5ജി സംവിധാനം വരുന്നു

 

അബുദാബി: യുഎഇയില്‍ താമസിയാതെ 5ജി സംവിധാനം പ്രാബല്യത്തില്‍ വരും. ഈ വര്‍ഷം ആദ്യത്തില്‍ ഏറ്റവും ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി വാര്‍ത്താ വിനിമയ രംഗം വിപുലമാക്കാനാണ് യുഎഇ തയാറെടുക്കുന്നത്. എത്ര വലിയ ഫയലുകളും നിമിഷങ്ങള്‍ക്കകം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കൈമാറാനുള്ള സൗകര്യം 5ജി സംവിധനത്തിലൂടെ ലഭ്യമാകും.
5ജി സംവിധാനം നടപ്പാക്കുന്ന ആദ്യ രാജ്യങ്ങളുടെ പട്ടികയില്‍ യുഎഇ ഇടം പിടിക്കുന്നുവെന്നത് അഭിമാനകരമാണെന്ന് ടെലികമ്യൂണികേഷന്‍ റഗുലേറ്ററി അഥോറിറ്റി (ട്രാ) ഡയറക്ടര്‍ ജനറല്‍ ഹാമിദ് ഉബൈദ് അല്‍ മന്‍സൂരി പറഞ്ഞു. 2021ലേക്കുള്ള കുതിപ്പിനിടയില്‍ കൈവരിക്കുന്ന നേട്ടങ്ങളിലൊന്നാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി. ഏതാനും വര്‍ഷമായി വാര്‍ത്താ വിനിമയ രംഗത്ത് വന്‍ നേട്ടമാണ് കൈവരിച്ചിട്ടുള്ളത്. ശാസ്ത്ര-സാങ്കേതികം, സാമ്പത്തികം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ രാജ്യം കൈവരിച്ച നേട്ടം തുല്യതയില്ലാത്തതാണ്. 5ജി വ്യാപകമാകുന്നതോടെ ആരോഗ്യ മേഖലയുള്‍പ്പെടെ വന്‍ മുന്നേറ്റം നടത്തുമെന്നു തന്നെയാണ് കരുതുന്നത്. നിലവിലുള്ള എല്ലാ സാങ്കേതിക സംവിധാനങ്ങളെയും പിന്നിലാക്കുന്ന വിധത്തിലാണ് 5ജി കടന്നു വരുന്നത്.
സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ളവക്ക് പുതിയ മാനം കൈവരുകയും അത്യാധുനിക രീതികള്‍ കൈവരിക്കുകയും ചെയ്യും. കഴിഞ്ഞ 10 വര്‍ഷങ്ങള്‍ക്കു മുമ്പ് ചിന്തിക്കാന്‍ പോലും കഴിയാതിരുന്ന സംവിധാനങ്ങള്‍ നിലവില്‍ വന്നതിനെക്കാള്‍ പതിന്മടങ്ങ് വേഗത്തിലാണ് പുതിയ സാങ്കേതിയ വിദ്യ വളര്‍ന്നു കൊണ്ടിരിക്കുന്നതെന്ന് ഈ രംഗത്തെ പ്രമുഖര്‍ അഭിപ്രായപ്പെട്ടു.
ഏറ്റവും കുറഞ്ഞ ചെലവില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാകുമെന്നത് ഈ രംഗത്തെ എടുത്തു പറയേണ്ട നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. ലോകത്തെ അത്ഭുതപ്പെടുത്തിക്കൊണ്ടാണ് നേരത്തെ ഫാക്‌സ് സംവിധാനം വന്നത്. എന്നാല്‍, അധിക കാലം ഫാക്‌സിന്റെ പ്രതാപം നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. ഇമെയില്‍ സംവിധാനം വ്യാപകമായതോടെയാണ് ഫാക്‌സിന് ശനിദശ ആരംഭിച്ചത്. അതേസമയം, നിലവിലുള്ള ഇമെയില്‍ സംവിധാനവും പഴഞ്ചനായി മാറുന്ന സാങ്കേതിക വിദ്യ ലോകത്തിന്റെ വിരല്‍ തുമ്പിലേക്ക് സമര്‍പ്പിക്കപ്പെടാനുള്ള തയാറെടുപ്പുകളാണ് നടന്നു കൊണ്ടിരിക്കുന്നത്.

chandrika: