ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമന കോഴ ആരോപണത്തില്‍ പരാതിക്കാരനെ അറിയില്ലെന്ന ഇടനിലക്കാരനെന്ന് ആരോപിക്കപ്പെടുന്ന അഖില്‍ സജീവന്റെ വാദം പൊളിഞ്ഞു. പരാതിക്കാരന്‍ ഹരിദാസിന് അഖില്‍ സജീവ് അയച്ച സന്ദേശങ്ങള്‍ പുറത്തുവന്നിരിക്കുകയാണ് ഇപ്പോള്‍.
നിയമനം നല്‍കാമെന്നും ഇതിന് സാവകാശം വേണമെന്നും അഖില്‍ സജീവ് സംഭാഷണത്തില്‍ പറയുന്നു. പൊലീസില്‍ പരാതി നല്‍കരുതെന്നും അഭ്യര്‍ത്ഥിക്കുന്നുണ്ട്. ഇനിയും കാത്തിരിക്കാന്‍ ആകില്ലെന്നും പൊലീസിനെ സമീപിക്കേണ്ടി വരുമെന്നും ഹരിദാസ് പറയുന്നതും സംഭാഷണത്തില്‍ ഉണ്ട്. ഹരിദാസിനെ പരിചയമില്ലെന്ന് അഖില്‍ സജീവ് പറഞ്ഞതിന് പിന്നാലെയാണ് ഹരിദാസ് സംഭാഷണത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
നടപ്പ് വശമുള്ള കാര്യമാണ്. മാഷ് പറഞ്ഞ പോലെ അല്ല. അവിടെ ഒഴിവുണ്ട്. കേസ് കാര്യങ്ങളുമായി പോയിട്ട് എന്ത് നേട്ടം. ചില പ്രശ്‌നങ്ങള്‍ ഉള്ളത് കൊണ്ടാണ് കുറച്ചു സമയം ആവശ്യപ്പെട്ടത്. പരാതിയുമായി പോകുക ആണെങ്കില്‍ മാഷ് എന്താണെങ്കില്‍ ചെയ്‌തോ. കൈകാര്യം ചെയ്തു തരാന്‍ പറ്റുന്നവര്‍ ചെയ്ത് തരാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അഖില്‍ സജീവ് ഹരിദാസനോട് പറയുന്നതായി സംഭാഷണത്തില്‍ കേള്‍ക്കാം.