മുംബൈ:1214 ല്‍ നിന്നും ഐ.പി.എല്‍ ലേലപ്പട്ടിക 590 ആയി കുറഞ്ഞിരിക്കുന്നു. പത്ത് ടീമുകളുടെ മനസിലിരിപ്പ് മനസിലാക്കി ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ഐ.പി.എല്‍ താരലേലപ്പട്ടികയുടെ അന്തിമ രൂപം പുറത്തിറക്കിയതോടെ ഈ മാസം 12, 13 ന് ബെംഗളൂരുവില്‍ നടക്കുന്ന ലേലത്തിന് അവസാന രൂപമായി.
ആരായിരിക്കും വിലയേറിയ താരമാവുക…? യുവ താരങ്ങളില്‍ നോട്ടപ്പുള്ളി ദക്ഷിണാഫ്രിക്കയുടെ സിക്‌സര്‍ വേട്ടക്കാരന്‍ ഡിവാല്‍ഡ് ബ്രെവിസാണ്. ഇപ്പോള്‍ വിന്‍ഡീസില്‍ പുരോഗമിക്കുന്ന അണ്ടര്‍ 19 ലോകകപ്പില്‍ ഇതിനകം 368 റണ്‍സാണ് കൗമാരക്കാരന്‍ അടിച്ചകൂട്ടിയത്. പതിനൊന്ന് തവണയാണ് ബ്രെവിസ് പന്തിനെ ഗ്യാലറിയില്‍ എത്തിച്ചത്. തന്റെ ലെഗ് സ്പിന്നുമായി ഏഴ് വിക്കറ്റുകളും നേടിയ സാഹചര്യത്തില്‍ കൗമാര വാഗ്ദാനത്തെ ഇതിനകം പലരും നോട്ടമിട്ടിട്ടുണ്ട്. ബേബി ഏബി എന്നാണ് ഇപ്പോള്‍ തന്നെ അദ്ദേഹത്തിന്റെ വിശേഷണം. എബി ഡി ഡിവില്ലിയേഴ്‌സിനെ പോലെ പന്തിനെ പ്രഹരിക്കുന്ന താരം.
ആര്‍.അശ്വിന്‍, ട്രെന്‍ഡ് ബോള്‍ട്ട്, പാറ്റ് കമിന്‍സ്, ക്വിന്റണ്‍ ഡി കോക്ക്, ശിഖര്‍ ധവാന്‍, ഫാഫ് ഡുപ്ലസി, ശ്രേയാംസ് അയ്യര്‍, കാഗിസോ റബാദ, മുഹമ്മദ് ഷമി, ഡേവിഡ് വാര്‍ണര്‍ എന്നീ പത്ത് പേരാണ് വിലയേറിയവരുടെ പട്ടികയിലുള്ളത്. ഇവരുള്‍പ്പെടുന്ന 590 താരങ്ങളുടെ അന്തിമ പട്ടികയില്‍ 44 പുതിയ താരങ്ങളുണ്ട്.
കേരളത്തില്‍ നിന്നുള്ള വെറ്ററന്‍ ശ്രീശാന്തിനും 590 ല്‍ ഇടം നല്‍കിയിട്ടുണ്ട്. 590 ല്‍ 228 പേര്‍ വിവിധ രാജ്യങ്ങള്‍ക്കായി കളിക്കുന്ന താരങ്ങളാണ്. 355 പേര്‍ പക്ഷേ ഇത് വരെ രാജ്യാന്തര രംഗത്ത് കളിക്കാത്തവരാണ്. പരുക്കില്‍ തളര്‍ന്നു നില്‍ക്കുന്ന ഇംഗ്ലീഷ് സീമര്‍ ജോഫ്രെ ആര്‍ച്ചറാണ് അന്തിമപട്ടികയിലെ അപ്രതീക്ഷിത താരം. ജൂണ്‍ വരെ അദ്ദേഹത്തിന് സജീവ ക്രിക്കറ്റില്‍ എത്താനാവില്ലെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയ സാഹചര്യത്തില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഈ സീമര്‍ എങ്ങനെ പട്ടികയിലെത്തി എന്നത് ആശ്ചര്യകരം. ഇംഗ്ലീഷ് ബോര്‍ഡിന്റെ അനുമതി ആര്‍ച്ചറുടെ കാര്യത്തിലുണ്ടെന്ന് ഐ.പി.എല്‍ സി.ഇ.ഒ നര്‍ഹാരി അമീന്‍ വ്യക്തമാക്കി. ഈ സീസണ്‍ മുന്‍നിര്‍ത്തിയല്ല അദ്ദേഹത്തിന്റെ പേര് ഉള്‍പ്പെടുത്തിയത്. അടുത്ത സീസണുകളെ മുന്‍ കണ്ടാണ്.
രണ്ട് പുതിയ ടീമുകള്‍ ലേലത്തിനുള്ളതിനാല്‍ ആവേശമുറപ്പാണ്. അവസാന സീസണില്‍ അതിഗംഭീര പ്രകടനവുമായി കരുത്തനായ ബെംഗളൂരുവിന്റെ ഹര്‍ഷല്‍ പട്ടേല്‍, യു.എ.ഇയില്‍ നടന്ന ടി-20 ലോകകപ്പ് ഫൈനലിലെ മാന്‍ ഓഫ് ദ മാച്ച് ഓസ്‌ട്രേലിയക്കാരന്‍ മിച്ചല്‍ മാര്‍ഷ്, വിന്‍ഡീസ് ഏകദിന ടീമിന്റെ ഉപനായകന്‍ നിക്കോളാസ് പുരാന്‍, ബെംഗളൂരുവിന്റെ യുവ ഓപ്പണര്‍ ദേവ്ദത്ത് പടിക്കല്‍, കഴിഞ്ഞ ദിവസം സമാപിച്ച ഇംഗ്ലണ്ടിനെതിരായ ടി-20 പരമ്പരയില്‍ കരുത്ത് തെളിയിച്ച കരിബീയന്‍ ഓള്‍റൗണ്ടര്‍ ജാസോണ്‍ ഹോള്‍ഡര്‍, സീനിയര്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്, വിന്‍ഡീസ് ഓള്‍റൗണ്ടര്‍ ഡ്വിന്‍ ബ്രാവോ, സുരേഷ് റൈന തുടങ്ങിയവരെല്ലാം വമ്പന്‍ വില പ്രതീക്ഷിക്കുന്നവരാണ്.