X

സംസ്ഥാനത്ത് 5723 അണ്‍ ഇക്കണോമിക് സ്‌കൂളുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് 5723 അണ്‍ ഇക്കണോമിക് സ്‌കൂളുകളുണ്ടെന്ന് റിപ്പോര്‍ട്ട്. 2016-17 വര്‍ഷത്തെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടിലാണ് ഈ കണക്ക് പുറത്തുവിട്ടത്. തൊട്ടു മുന്‍വര്‍ഷത്തേക്കാള്‍ 142 സ്‌കൂളുകള്‍കൂടി അണ്‍ ഇക്കണോമിക് പട്ടികയില്‍ എത്തി. ഒരു ക്ലാസില്‍ ശരാശരി 15 കുട്ടികളില്‍ കുറവുണ്ടെങ്കില്‍ ആ സ്‌കൂളുകളെയാണ് അണ്‍ ഇക്കണോമിക് പട്ടികയില്‍ പെടുത്തുക. ആകെയുള്ള അനാദായകര സ്‌കൂളുകളില്‍ 2589 എണ്ണം സര്‍ക്കാര്‍ സ്‌കൂളുകളും 3134 എയ്ഡഡ് സ്‌കൂളുകളുമാണ്.

ഏറ്റവും കൂടുതല്‍ അണ്‍ ഇക്കണോമിക് സ്‌കൂളുകള്‍ സ്ഥിതി ചെയ്യുന്നത് കണ്ണൂര്‍ ജില്ലയിലാണ്. 737 സ്‌കൂളുകള്‍ ഇവിടെ അനാദായകരമായുള്ളതാണെങ്കില്‍ കോഴിക്കോട് 603ഉം കോട്ടയത്ത് 562 ഉം സ്‌കൂളുകളും അണ്‍ ഇക്കണോമിക് പട്ടികയില്‍ പെടുന്നു. എയ്ഡഡ് മേഖലയില്‍ ഏറ്റവും കൂടുതല്‍ അനാദായകര സ്‌കൂളുകളുള്ളതും കണ്ണൂരിലാണ്. 583 സ്‌കൂളുകള്‍ ഇവിടെ അനാദായകര പട്ടികയില്‍ പെടുമ്പോള്‍ കോഴിക്കോട്ട് 426 സ്‌കൂളുകളാണ് ഈ പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. 283 സ്‌കൂളുകള്‍ അനാദായകരമായി പ്രവര്‍ത്തിക്കുന്ന എറണാകുളത്താണ് സര്‍ക്കാര്‍ സ്‌കൂളുകള്‍ ഏറ്റവും കൂടുതല്‍ ഈ പട്ടികയില്‍ പെടുന്നത്. 281 സ്‌കൂളുകളുമായി തിരുവനന്തപുരമാണ് രണ്ടാം സ്ഥാനത്ത്.

സര്‍ക്കാര്‍ മേഖലയിലെ അണ്‍ ഇക്കണോമിക് സ്‌കൂളുകളില്‍ 73.23 ശതമാനവും എല്‍.പി സ്‌കൂളുകളാണ്. എയ്ഡഡ് മേഖലയിലെ അനാദായകര സ്‌കൂളുകളില്‍ 78.05 ശതമാനവും എല്‍.പി സ്‌കൂളുകളാണ്.

ജില്ല തിരിച്ചുള്ള അനാദായകര സ്‌കൂളുകളുടെ കണക്ക് (എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ആകെ എന്ന ക്രമത്തില്‍)- തിരുവനന്തപുരം: 301-74-23-398, കൊല്ലം: 309-73-29-411, പത്തനംതിട്ട: 361-94-39-494, ആലപ്പുഴ: 297-91-26-414, കോട്ടയം: 356-139-67-562, ഇടുക്കി:152-56-41-249, എറണാകുളം: 313-122-61-496, തൃശൂര്‍: 307-93-30-430, പാലക്കാട് :335-43-2-380, മലപ്പുറം: 237-4-0-241, കോഴിക്കോട്: 526-69-8-603, വയനാട്: 84-15-0-99, കണ്ണൂര്‍: 597-134-6-737, കാസര്‍കോട്: 167-42-0-209.

chandrika: