ന്യുഡല്‍ഹി: ഖൊരക്പുര്‍ രാഖവദാസ് ആശുപ്ത്രിയിലെ കൂട്ടശിശുമരണത്തിന് പിന്നാലെ മഹാരാഷ്ട്രയിലെ നാസിക്ക് സര്‍ക്കാര്‍ ആശുപത്രിയിലും കുട്ടികളുടെ കൂട്ട മരണം. നാസിക്കിലെ ജില്ലാ സിവില്‍ ആശുപത്രിയില്‍ കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ മാത്രം മരിച്ചത് 55 കുഞ്ഞുങ്ങള്‍.
നാസിക് ജില്ലാ സിവില്‍ ആശുപത്രിയില്‍ കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് അവസാനംവരെ നടന്ന, കുട്ടികളുടെ മരണനിരക്കാണു പുറത്തുവന്നിരിക്കുന്നത്. അഞ്ചുമാസത്തിനിടെ ആകെ മരിച്ചതു 187 കുഞ്ഞുങ്ങള്‍. ഇതില്‍ 55 കുട്ടികള്‍ മരിച്ചത് ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍. ഇതേ ആശുപത്രിയില്‍തന്നെ ജനിച്ച നവജാതശിശുക്കളും, അത്യാസന്നനിലയില്‍ ഇവിടെ പ്രവേശിപ്പിക്കപ്പെട്ട കുട്ടികളും ഇതില്‍ ഉള്‍പ്പെടും.
അതേസമയം, മരണം സംഭവിച്ചത് ആശുപത്രിയുടെ പിഴവുമൂലമല്ലെന്ന വിശദീകരണവുമായി അധികൃതര്‍ രംഗത്തെത്തി. കുട്ടികളുടെ മരണനിരക്ക് സംബന്ധിച്ച കണക്കുകള്‍ ആശുപത്രി സര്‍ജന്‍ സുരേഷ് ജഗ്ദാലെ സ്ഥിരീകരിച്ചു. കുട്ടികളെ പ്രവേശിപ്പിക്കുന്ന തീവ്രപരിചരണ വിഭാഗത്തില്‍ ഓക്‌സിജന്‍ സിലണ്ടറുകള്‍ ലഭ്യമാത്തതാണു മരണകാരണമെന്ന ആക്ഷേപം തള്ളിയ അദ്ദേഹം, ആശുപത്രിക്കു പിഴവു സംഭവിച്ചിട്ടില്ലെന്നു പറഞ്ഞു. അത്യാസന്ന നിലയില്‍ മറ്റു ആശുപത്രികളില്‍നിന്ന് എത്തിക്കുന്ന കുട്ടികളുടെകൂടി മരണനിരക്കാണിതെന്നും മാസം തികയാതെ നടക്കുന്ന പ്രസവവും ശ്വാസകോശ സംബന്ധമായ അസുഖവും മരണത്തിനു കാരണമാകുന്നതായും അധികൃതര്‍ പറയുന്നു.
എന്നാല്‍, ഒരുകുട്ടിക്കു മാത്രം സൗകര്യമുള്ള ഇന്‍ക്യുബേറ്ററില്‍ ഒന്നില്‍ കുടുതല്‍ കുട്ടികളെ പ്രവേശിപ്പിക്കേണ്ട സാഹചര്യമാണുള്ളതെന്ന് അധികൃതര്‍ വ്യക്തമാക്കി. ആശുപത്രി സന്ദര്‍ശിച്ച സ്ഥലം എംഎല്‍എ ജയ്‌വന്ത്ര ജാദവ്, അണുബാധയാണോ മരണകാരണമെന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ അടയന്തരമായി ഇടപടുമെന്ന് ആരോഗ്യമന്ത്രി ദീപക് സാവന്ത് പറഞ്ഞു.