കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് പരിശോധന ശക്തമാക്കിയതോടെ സ്വര്‍ണക്കടത്ത് സംഘം പിടിയിലാകുന്നത് നിത്യ സംഭവമായിട്ടുണ്ട്. തുടര്‍ച്ചയായ ഏഴാം ദിവസവും കരിപ്പൂരില്‍ സ്വര്‍ണം പിടികൂടി. അനധികൃതമായി കടത്താന്‍ ശ്രമിച്ച 1,19,77,400 രൂപയുടെ സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്.
ഇതോടെ കഴിഞ്ഞ ഒരാഴ്ചക്കിടെ 52 കോടിയിലേറെ രൂപ മൂല്യമുള്ള സ്വര്‍ണ മിശ്രിതമാണ് കസ്റ്റംസ് പിടികൂടിയത്. സ്വര്‍ണക്കടത്തിന് ഒത്താശ ചെയ്ത സി.ഐ.എസ്.എഫ് കമാന്‍ഡന്റ് നവീനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ സസ്‌പെന്‍ഷനിലാണ്.
എന്നാല്‍ ഇപ്പോഴും സ്വര്‍ണക്കടത്തിന് ഒരു മാറ്റവുമില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സൗദി അറേബ്യ, ബഹ്റൈന്‍, ദുബൈ എന്നിവിടങ്ങളില്‍ നിന്നെത്തിയ 3 യാത്രികരില്‍ നിന്നാണ് ശനിയാഴ്ച സ്വര്‍ണ മിശ്രിതം പിടികൂടിയത്. റിയാദില്‍ നിന്ന് വിമാനത്തിലെത്തിയ പുലാമന്തോള്‍ ചെമ്മലശ്ശേരി മുഹമ്മദ് റഫീഖ് എന്ന 34കാരന്‍ 57,69,600 രൂപയുടെ സ്വര്‍ണവുമായാണ് പിടിയിലായത്.
നാല് ക്യാപ്സ്യൂളുകളായി 960 ഗ്രാം സ്വര്‍ണ മിശ്രിതമാണ് ഇയാള്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ചതെന്ന് കസ്റ്റംസ് അധികൃതര്‍ പറഞ്ഞു. ബഹ്റൈനില്‍ നിന്ന് വന്ന വടകര വില്യാപ്പള്ളി ഈങ്ങാട്ട് താഴക്കുനി സല്‍മാന്‍ ഫാരിസില്‍ (24) നിന്ന് 46,87,800 രൂപയുടെ സ്വര്‍ണമാണ് പിടിച്ചെടുത്തത്. മൂന്ന് ക്യാപ്‌സ്യൂളുകളിലായി 877 ഗ്രാം സ്വര്‍ണ മിശ്രിതമാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്.
വടകര മുട്ടുങ്ങല്‍ തൈക്കണ്ടിയില്‍ ഖദീമിനെ (33) 15,20,000 രൂപയുടെ സ്വര്‍ണവുമായി കസ്റ്റംസ് അറസ്റ്റ് ചെയ്തു. 250 ഗ്രാം സ്വര്‍ണമാണ് തൊപ്പിക്കടിയിലും അടിവസ്ത്രത്തിനുള്ളിലുമായി കടത്താന്‍ ശ്രമിച്ചത്. ദുബൈയില്‍ നിന്ന് സ്പൈസ് ജെറ്റ് വിമാനത്തിലാണ് ഇയാള്‍ എത്തിയത്. ഒരാഴ്ചക്കിടെ 52,54,360 രൂപയുടെ സ്വര്‍ണമാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് കസ്റ്റംസ് പിടികൂടിയത്.