ഭോപാല്‍: 28 വര്‍ഷം നീണ്ട സാമൂഹ്യ ബഹിഷ്‌കരണത്തില്‍ മനംമടുത്ത് 51-കാരനും കുടുംബവും ഇസ്ലാം മതം സ്വീകരിച്ചു. മധ്യപ്രദേശിലെ ബുണ്ഡേല്‍ഖണ്ഡ് ജില്ലയിലെ രാജ്‌നഗര്‍ സ്വദേശി വിനോദ് പ്രകാശ് ഖാരെയാണ് ഹിന്ദുമതം വിട്ട് ഇസ്ലാം സ്വീകരിച്ചത്. മുസ്ലിം യുവതിയെ വിവാഹം ചെയ്തതിനെ തുടര്‍ന്നാണ് തന്നെ കുടുംബവും നാട്ടുകാരും ബഹിഷ്‌കരിച്ചതെന്ന് ഖാരെ പറയുന്നു.
വിവാഹം ചെയ്ത മുസ്ലിം യുവതിയെ ഹിന്ദു മതത്തിലേക്ക് മതംമാറ്റിയിരുന്നെങ്കിലും ഈ ബന്ധം അംഗീകരിക്കാന്‍ കുടുംബവും സമൂഹവും തയാറായില്ല. ബഹിഷ്‌കരണം കാരണം ജീവിതത്തിന്റെ പല ഘട്ടങ്ങളിലും വിഷമം അനുഭവപ്പെട്ടു. ഇതേ തുടര്‍ന്നാണ് കുടുംബവുമായി കൂടിയാലോചിച്ച് ഇസ്ലാം വിശ്വസിക്കാന്‍ തീരുമാനിച്ചത്. ഭാര്യക്കും മകള്‍ക്കും രണ്ട് ആണ്‍മക്കള്‍ക്കുമൊപ്പമാണ് കഴിഞ്ഞയാഴ്ച ഇസ്ലാം സ്വീകരിച്ചത്.
‘ഹിന്ദു സമൂഹം ഞങ്ങളെ പിന്തുണച്ചില്ല. ആരും ഞങ്ങളെ വിവാഹങ്ങള്‍ക്ക് ക്ഷണിച്ചിരുന്നുമില്ല. എന്റെ അച്ഛന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോലും എന്നെ അനുവദിച്ചില്ല. ഇത്തരം ഘട്ടങ്ങളില്‍ മുസ്ലിംകളാണ് ഞങ്ങളെ സഹായിച്ചത്. അതുകൊണ്ട് ഞങ്ങള്‍ ഇസ്ലാം സ്വീകരിക്കുകയാണ്.’ – ഇസ്ലാം വിശ്വസിച്ച് ഗുലാം മുഹമ്മദ് എന്ന പേര് സ്വീകരിച്ച വിനോദ് കുമാര്‍ ഖാരെ പറഞ്ഞു.
മതപരിവര്‍ത്തനത്തെപ്പറ്റി അറിഞ്ഞിരുന്നുവെന്നും ഇതുസംബന്ധിച്ച് തര്‍ക്കങ്ങള്‍ ഉണ്ടായാല്‍ ഇടപെടുമെന്നും രാജ്‌നഗര്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് രവീന്ദ്ര ചൗസ്‌കെ പറഞ്ഞു. അതേസമയം, ഗുലാം മുഹമ്മദിന്റെയും കുടുംബത്തിന്റെയും തീരുമാനം പുനഃപരിശോധിക്കാന്‍ ഇടപെടുമെന്ന് വിശ്വഹിന്ദു പരിഷത്ത് വ്യക്തമാക്കി. കുടുംബവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമത്തിലാണെന്നും മതംമാറാനുള്ള തീരുമാനം പുനഃപരിശോധിക്കുമെന്ന് കുടുംബം ഉറപ്പ് നല്‍കിയതായും വി.എച്ച്.പിയുടെ പ്രാദേശിക നേതൃത്വം പറഞ്ഞു.