ന്യൂഡല്‍ഹി: അസാധുവാക്കപ്പെട്ട അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ക്ക് ആയുസ്സ് ഇന്നു അര്‍ദ്ധരാത്രി വരെ മാത്രം. പെട്രോള്‍ പമ്പുകളിലും റയില്‍വെ ടിക്കറ്റ് കൗണ്ടറുകളിലും ഉള്‍പ്പെടെ അടിയന്തരാവശ്യങ്ങള്‍ക്കു പഴയ 500, 1000 നോട്ടുകള്‍ ഉപയോഗിക്കാവുന്നതിന്റെ സമയപരിധിയാണ് ഇന്ന് അവസാനിക്കുന്നത്. അസാധു നോട്ടുകള്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാറിനു കീഴിലെ ചില വകുപ്പുകള്‍ക്ക് നല്‍കിയ അനുമതിയും ഇന്ന് അവസാനിക്കും. നോട്ടുകള്‍ അസാധുവാക്കപ്പെട്ടപ്പോള്‍ ജനങ്ങളുടെ ദുരിതം കണക്കിലെടുത്ത് അവശ്യസാധനങ്ങള്‍ക്കും സര്‍ക്കാര്‍ ഇടപാടുകള്‍ക്കും പഴയ നോട്ടുകള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ നാളെ മുതല്‍ വൈദ്യുതി, നിരക്ക്, ജലം, കെ.എസ്.ആര്‍.ടി.സി യാത്ര ടിക്കറ്റ് എന്നിവക്കു പുതിയ നോട്ടുകള്‍ നല്‍കേണ്ടി വരും. ഇതോടെ അസാധുവക്കപ്പെട്ട നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കാന്‍ മാത്രമേ സാധിക്കുകയുള്ളൂ. അതേസമയം കേന്ദ്രസര്‍ക്കാര്‍ ഇളവ് ദീര്‍ഘിപ്പിക്കുകയാണെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ സേവനങ്ങള്‍ക്കും ഇത് ബാധകമാകും.
എടിഎമ്മുകളില്‍ നിന്ന് ഒരു ദിവസം 2500 രൂപ മാത്രമാണ് പിന്‍വലിക്കാനാവുക. മതിയായ രേഖകളുണ്ടെങ്കില്‍ എത്ര രൂപ വരെയും സ്വന്തം അക്കൗണ്ടില്‍ നിക്ഷേപിക്കാം. എന്നാല്‍ ഡിസംബര്‍ 30 വരെയാണ് ഇതിനുള്ള കാലാവധി.