X
    Categories: indiaNews

27 വര്‍ഷത്തിനിടെ മോഷ്ടിച്ചത് 5,000 കാറുകള്‍; ഒടുവില്‍ വിലങ്ങ് വീണു

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ മോഷ്ടാവ് ഡല്‍ഹിയില്‍ പിടിയില്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അയ്യായിരത്തിലധികം കാറുകള്‍ മോഷ്ടിച്ച അനില്‍ ചൗഹാന്‍ എന്ന 52 കാരനാണ് പിടിയിലായത്. രഹസ്യവിവരത്തെത്തുടര്‍ന്ന് സെന്‍ട്രല്‍ ഡല്‍ഹി പൊലീസിന്റെ സ്‌പെഷ്യല്‍ സ്‌ക്വാഡ് ദേശ് ബന്ധു ഗുപ്ത റോഡ് ഏരിയയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.

27 വര്‍ഷത്തിനിടെയാണ് ചൗഹാന്‍ ഇത്രയും മോഷണങ്ങള്‍ നടത്തിയതെന്ന് പൊലീസ് അറിയിച്ചു. ഡല്‍ഹി, മുംബൈ, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ വന്‍തോതില്‍ സ്വത്ത് വാരിക്കൂട്ടിയ ഇയാള്‍ ആഡംബര ജീവിതമായിരുന്നു നയിച്ചിരുന്നത്. ആയുധക്കടത്തും ചൗഹാന്‍ നടത്തിയിരുന്നു. ഉത്തര്‍പ്രദേശില്‍ നിന്ന് ആയുധങ്ങള്‍ കൊണ്ടുവന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ നിരോധിത സംഘടനകള്‍ക്ക് എത്തിച്ചുനല്‍കുകയായിരുന്നു. ഡല്‍ഹിയിലെ ഖാന്‍പൂര്‍ പ്രദേശത്ത് ഓട്ടോറിക്ഷ ഓടിച്ചിരുന്ന ചൗഹാന്‍ 1995 ന് ശേഷമാണ് കാറുകള്‍ മോഷ്ടിക്കാന്‍ തുടങ്ങിയത്. അക്കാലത്ത് മാരുതി 800 കാറുകളാണ് കൂടുതലും മോഷ്ടിച്ചിരുന്നത്. കാറുകള്‍ നേപ്പാള്‍, ജമ്മു കശ്മീര്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലാണ് വിറ്റിരുന്നത്. മോഷണത്തിനിടെ ചില ടാക്‌സി ഡ്രൈവര്‍മാരെയും ഇയാള്‍ കൊലപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. ഒടുവില്‍ അസമിലേക്ക് താമസം മാറി.

കോടികള്‍ സമ്പാദിച്ച ഇയാള്‍ക്കെതിരെ ഇ.ഡി കള്ളപ്പണം വെളുപ്പിക്കല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ചൗഹാനെതിരെ 180 കേസുകളാണുള്ളത്. ഒരു എം.എല്‍.എക്കൊപ്പം 2015ല്‍ ജയിലിലായെങ്കിലും 2020ല്‍ മോചിതനായി. മൂന്ന് ഭാര്യമാരും ഏഴ് കുട്ടികളും ഇയാള്‍ക്കുണ്ടെന്ന് പൊലീസ് പറഞ്ഞു.

Test User: