കൊല്ലം: 500 കോടി രൂപയുടെ അഴിമതിക്കേസില്‍ ആരോപണവിധേയനായ ഉദ്യോഗസ്ഥന്റെ ശമ്പളം സര്‍ക്കാര്‍ രണ്ട് ലക്ഷത്തോളമാക്കി ഉയര്‍ത്തി. കശുവണ്ടി കോര്‍പറേഷന്‍ മുന്‍ എംഡി കെ.എ. രതീഷിന്റെ ശമ്പളമാണ് ഇരട്ടിയിലധികമാക്കി ഉയര്‍ത്തിയത്. അഴിമതിക്കേസിലെ പ്രോസിക്യൂഷന്‍ നടപടി ഒഴിവാക്കിയതിന് പിന്നാലെയാണ് ശമ്പളം കൂട്ടുന്നത്. 80,000ല്‍ നിന്ന് 1,70,000 ആയാണ് ശമ്പളം വര്‍ധിപ്പിക്കുന്നത്. ഒപ്പം മറ്റ് അലവന്‍സുകളും ലഭിക്കും. ഇതോടെ രണ്ട് ലക്ഷത്തോളം രൂപ ഇദ്ദേഹത്തിന് ഒരു മാസം ലഭിക്കും. നിലവില്‍ ഖാദി ബോര്‍ഡ് സെക്രട്ടറിയാണ് രതീഷ്.
2005ലാണ് രതീഷ് കശുവണ്ടി കോര്‍പറേഷന്‍ എംഡിയാകുന്നത്. 2015 വരെ അദ്ദേഹം ആ സ്ഥാനത്ത് തുടര്‍ന്നു. പത്ത് വര്‍ഷത്തോളം ഈ സ്ഥാനത്തിരുന്ന രതീഷ് 500 കോടി രൂപയുടെ അഴിമതി നടത്തിയെന്നായിരുന്നു സിബിഐ കണ്ടെത്തിയത്. ഈ കേസില്‍ രതീഷിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സിബിഐ എല്‍ഡിഎഫ് സര്‍ക്കാരിന്റെ അനുമതി തേടിയെങ്കിലും സര്‍ക്കാര്‍ നല്‍കിയില്ല.
മന്ത്രി ജെ. മെഴ്സിക്കുട്ടിയമ്മ പ്രോസിക്യൂഷന് അനുമതി കൊടുക്കണമെന്ന് ഫയലില്‍ കുറിച്ചിരുന്നു. പക്ഷേ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് പ്രോസിക്യൂഷന് അനുമതി നല്‍കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. അതിന് ശേഷമാണ് ഖാദി ബോര്‍ഡ് സെക്രട്ടറി എന്ന നിലയില്‍ ശമ്പളം മൂന്ന് ലക്ഷമായി വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് രതീഷ് സര്‍ക്കാരിന് കത്ത് കൊടുത്തത്. അത് ഇരട്ടിയിലധികമാക്കി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറായി. ഖാദി ബോര്‍ഡ് ചെയര്‍മാനായ വ്യവസായ മന്ത്രിയുടെ കൂടി അനുമതിയോടെയാണ് ശമ്പളം വര്‍ധിപ്പിച്ചിരിക്കുന്നത്.