പൂര്‍വവിദ്യാര്‍ഥി സംഗമത്തില്‍ വീണ്ടും കണ്ടുമുട്ടിയ കമിതാക്കള്‍ കുടുംബം ഉപേക്ഷിച്ച് ഒളിച്ചോടി. മൂവാറ്റുപുഴയില്‍ നടന്ന 1987 ബാച്ച് പത്താംക്ലാസുകാരുടെ സംഗമത്തിലാണ് അന്‍പതു വയസ്സു പിന്നിട്ട ഇടുക്കി കരിമണ്ണൂര്‍ സ്വദേശിനിയും മൂവാറ്റുപുഴ സ്വദേശിയും 35 വര്‍ഷത്തിനുശേഷം വീണ്ടും കണ്ടുമുട്ടിയത്.
ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ചാണ് വീട്ടമ്മ ഇയാള്‍ക്കൊപ്പം പോയത്. കാമുകനും ഭാര്യയും കുട്ടികളുമുണ്ട്. വീട്ടമ്മയെ കാണാനില്ലെന്ന് ഭര്‍ത്താവ് കരിമണ്ണൂര്‍ പൊലീസില്‍ പരാതി നല്‍കി. ഭര്‍ത്താവിനെ കാണാനില്ലെന്നു കാമുകന്റെ ഭാര്യ മൂവാറ്റുപുഴ പൊലീസിലും പരാതി നല്‍കി.
സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ഇരുവരും തിരുവനന്തപുരം, പാലക്കാട്, വേളാങ്കണ്ണി എന്നിവിടങ്ങളിലൂടെ സഞ്ചരിക്കുന്നതായി വിവരം ലഭിച്ചു. മൂവാറ്റുപുഴ പൊലീസ് ഇവരോട് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചു. ഇവര്‍ പിന്നീട് പൊലീസ് സ്റ്റേഷനില്‍ എത്തി. രണ്ടുപേരെയും കാണാതായതു സംബന്ധിച്ച് അതത് പൊലീസ് സ്റ്റേഷനുകളില്‍ കേസ് റജിസ്റ്റര്‍ ചെയ്തു.