ന്യൂഡല്‍ഹി: രാജ്യത്ത് പുതുതായി 50 മെഡിക്കല്‍ കോളജുകള്‍ അനുവദിച്ചപ്പോള്‍ കേരളത്തെ തഴഞ്ഞ് കേന്ദ്രസര്‍ക്കാര്‍. പുതുതായി അനുവദിച്ച അമ്പതു മെഡിക്കല്‍ കോളജുകളില്‍ ഒന്നു പോലും കേരളത്തിനില്ല. വയനാട്ടില്‍ ഒരുമെഡിക്കല്‍ കോളജ് അനുവദിക്കണമെന്ന് കേന്ദ്രത്തോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യവും അംഗീകരിക്കപ്പെട്ടില്ല.
രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളും പുതിയ മെഡിക്കല്‍ കോളജുകള്‍ അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യമുന്നയിച്ചിരുന്നു. ഇത് പരിഗണിച്ചാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ മെഡിക്കല്‍ കോളജുകള്‍ അനുവദിച്ചത്. തെലങ്കാനയില്‍ മാത്രം 12 പുതിയ മെഡിക്കല്‍ കോളജുകള്‍ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശില്‍ അഞ്ച്, അസമിലും ഗുജറാത്തിലും മൂന്ന്, ഹരിയാന, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ രണ്ട് വീതം, കര്‍ണാടകയില്‍ മൂന്ന്, മഹാരാഷ്ട്രയില്‍ നാല്, മധ്യപ്രദേശില്‍ ഒന്ന്, നാഗാലന്‍ഡില്‍ ഒന്ന്, ഒഡീഷയില്‍ രണ്ട്, രാജസ്ഥാനില്‍ അഞ്ച്, തമിഴ്‌നാട്ടില്‍ മൂന്ന്, ബംഗാളില്‍ രണ്ട്, യുപിയില്‍ ഒന്ന് എന്നിങ്ങനെയാണ് മെഡിക്കല്‍ കോളജുകള്‍ അനുവദിച്ചിരിക്കുന്നത്.
നേരത്തെ നഴ്‌സിങ് കോളജുകള്‍ അനുവദിച്ചുകൊണ്ടുള്ള പ്രഖ്യാപനത്തിലും കേരളത്തെ കേന്ദ്രം അവഗണിച്ചിരുന്നു. അത് വലിയ വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചിരുന്നു. ഇപ്പോള്‍ അനുവദിച്ച കോളജുകളില്‍ 30 സര്‍ക്കാര്‍ കോളജുകളും 20 സ്വകാര്യ കോളജുകളുമാണ്. ഇവയില്‍ ട്രസ്റ്റുകള്‍ക്ക് അനുവദിച്ചതുമുണ്ട്. പട്ടിക ഔദ്യോഗികമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല. കേരളത്തിന്റെ ആരോഗ്യ രംഗത്തിന് കേന്ദ്രം പരിഗണന നല്‍കുന്നില്ലെന്ന വിമര്‍ശനം നിലനില്‍ക്കെയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഇപ്പോഴത്തെ നടപടി. പുതുതായി 8195 എംബിബിഎസ് സീറ്റുകളും അനുവദിച്ചിട്ടുണ്ട്.