X
    Categories: Newsworld

രാജ്യംവിട്ട് 50 ലക്ഷം അഭയാര്‍ത്ഥികള്‍; മരിയുപോളില്‍ സഹായം കാത്ത് ആയിരങ്ങള്‍

റഷ്യന്‍ അധിനിവേശത്തിനുശേഷം 50 ലക്ഷത്തോളം യുക്രെയ്‌നികള്‍ രാജ്യംവിട്ടതായി യു.എന്‍ അഭയാര്‍ത്ഥി ഏജന്‍സി. രണ്ടു മാസമായി തുടരുന്ന യുദ്ധത്തില്‍ 70 ലക്ഷത്തോളം പേര്‍ രാജ്യത്തിന് അകത്തും അരക്ഷിതരായി കഴിയുന്നുണ്ട്.

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ അഭയാര്‍ത്ഥി പ്രവാഹത്തിനാണ് യൂറോപ്പ് സാക്ഷ്യംവഹിക്കുന്നത്. ഡോണ്‍ബാസ് മേഖലയില്‍ റഷ്യ ആക്രമണം ശക്തമാക്കിയ സാഹചര്യത്തില്‍ അഭയാര്‍ത്ഥി പ്രവാഹം തുടരാനാണ് സാധ്യത. മൂന്നാഴ്ച മുമ്പ് അഭയാര്‍ത്ഥികള്‍ 40 ലക്ഷത്തിലെത്തിയപ്പോള്‍ തന്നെ സ്ഥിതിഗതികള്‍ ഏറെ ദയനീയമാണെന്ന് യു. എന്‍ ചൂണ്ടിക്കാട്ടിയിരുന്നു. യുക്രെയ്ന്‍ അഭയാര്‍ത്ഥികളില്‍ പകുതിയോളം കുട്ടികളാണ്.

അതേസമയം മരിയുപോളില്‍ കുടുങ്ങിയ യുക്രെയ്ന്‍ സൈനികര്‍ക്ക് റഷ്യ നല്‍കിയ അന്ത്യശാസന കാലാവധി അവസാനിച്ചു. അസോവ്‌സ്റ്റാള്‍ സ്റ്റീല്‍ പ്ലാന്റിലുള്ള സൈനികരോട് ആയുധം വെച്ച് കീഴടങ്ങാനാണ് റഷ്യ ആവശ്യപ്പെട്ടിരിക്കുന്നത്. നൂറുകണക്കിന് പൊതുജനങ്ങളും കെട്ടിടത്തില്‍ അഭയം തേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സൈനികര്‍ക്കു പുറമെ റഷ്യയുടെ പൂര്‍ണ നിയന്ത്രണത്തിലുള്ള നഗരത്തില്‍ കുടുങ്ങിക്കിടക്കുന്ന ആറായിരത്തോളം സിവിലിയന്മാരെ ഒഴിപ്പിക്കാനും ശ്രമം നടക്കുന്നുണ്ട്.

പൊതുജനങ്ങള്‍ക്ക് സുരക്ഷിത ഇടനാഴി ഒരുക്കാന്‍ നേരത്തെ ധാരണയായിരുന്നു. സ്റ്റീല്‍ പ്ലാന്റില്‍ ദിവസങ്ങള്‍ എണ്ണിക്കഴിയുന്ന തങ്ങളെ എത്രയും പെട്ടെന്ന് രക്ഷപ്പെടുത്തണമെന്ന് യുക്രെയ്ന്‍ കമാന്‍ഡര്‍ സെര്‍ഹി വോലിന ആവശ്യപ്പെട്ടു.

പത്തിരട്ടി ശത്രുസേനയാണ് ചുറ്റുമുള്ളതെന്നും ലോകം അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ അപകടമാണെന്നും തങ്ങളുടെ ജീവിതം അന്ത്യത്തോട് അടുത്തുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. 2500 യുക്രെയ്ന്‍ സൈനികരും 400 വിദേശ പോരാളികളുമാണ് സ്റ്റീല്‍ പ്ലാന്റിലുള്ളതെന്ന് റഷ്യന്‍ വൃത്തങ്ങള്‍ പറയുന്നു. മരിയുപോളില്‍ വാര്‍ത്താ വിനിമയ സംവിധാനങ്ങളെല്ലാം വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. നഗരവും തുറമുഖവും തകര്‍ന്നിട്ടുണ്ട്. ഒരാഴ്ചയായി കിഴക്കന്‍ യുക്രെയ്‌നിലാണ് റഷ്യന്‍ സേന ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ക്രെമിന റഷ്യ പിടിച്ചെടുത്തിട്ടുണ്ട്. അതോടൊപ്പം രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും ആക്രമണം തുടരുകയാണ്.

Chandrika Web: