പട്‌ന: ജാര്‍ഖണ്ഡിലെ ആദിവാസി മേഖലയില്‍ ബോധവത്കരണ കാമ്പയിന്‍ സംഘടിപ്പിച്ച അഞ്ച് വനിതാ ആക്ടിവിസ്റ്റുകളെ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗം ചെയ്തു.
കൂടെയുണ്ടായിരുന്ന ആണ്‍ സുഹൃത്തുക്കളെ മര്‍ദ്ദിച്ച് അവശരാക്കിയാണ് യുവതികളെ തോക്കിന്‍മുനയില്‍ നിര്‍ത്തി ക്രൂര പീഡനത്തിനിരയാക്കിയത്. തലസ്ഥാനമായ റാഞ്ചിയില്‍ നിന്നും 50 കിലോ മീറ്റര്‍ അകലെ കുന്തി ജില്ലയിലായിരുന്നു മനുഷ്യമന:സാക്ഷിയെ ഞെട്ടിച്ച സംഭവം.
ചൊവ്വാഴ്ച വൈകുന്നേരം കോച്ചാങ് ബ്ലോക്കിലെ ആര്‍.സി മിഷന്‍ സ്‌കൂളിനു സമീപം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട തെരുവുനാടകം കളിക്കാനെത്തിയതായിരുന്നു 11 പേരടങ്ങുന്ന സംഘം. നാടകം അവതരിപ്പിക്കാനുള്ള അവസാന ഘട്ട ജോലികളില്‍ ഏര്‍പ്പെട്ട സമയത്ത് ബൈക്കുകളിലെത്തിയ ആയുധധാരികള്‍ സംഘത്തെ ആക്രമിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന യുവാക്കളെ മര്‍ദ്ദിച്ച് കീഴ്‌പ്പെടുത്തുകയും യുവതികളെ തോക്കുചൂണ്ടി കടത്തിക്കൊണ്ടുപോവുകയായിരുന്നു.
മൂന്ന് മണിക്കുറുകള്‍ക്ക് ശേഷം അഞ്ച് പേരെയും സമീപത്തെ വനത്തില്‍ ഉപേക്ഷിച്ച് അക്രമികള്‍ രക്ഷപ്പെട്ടു. സംഘത്തിലുണ്ടായിരുന്ന രണ്ട് കന്യാസ്ത്രീകളെ ഇവര്‍ ഉപദ്രവിക്കാതെ വിട്ടയച്ചിരുന്നു. ബലാത്സംഗ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും സംഭവം പുറത്തു പറഞ്ഞാല്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. വൈദ്യ പരിശോധനയില്‍ യുവതികള്‍ പീഡിപ്പിക്കപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ഒമ്പത് പേരെ കസ്റ്റഡിയിലെടുത്തതായി റാഞ്ചി ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ എവി ഹോംകര്‍ പറഞ്ഞു.
പ്രതികള്‍ ജാര്‍ഖണ്ഡിലെ പതല്‍ഗഡി ഗോത്ര വിഭാഗക്കാരാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ജനാധിപത്യ സര്‍ക്കാരുകളെ നിരാകരിക്കുന്ന ഈ കൂട്ടം തങ്ങളുടെ ഗ്രാമസഭയാണ് പരമാധികാരം എന്നു വിശ്വസിക്കുന്നവരാണ്. ഇവര്‍ സര്‍ക്കാര്‍ പ്രതിനിധികളെ ഗ്രാമത്തിലേക്ക് പ്രവേശിപ്പിക്കാറില്ല.