X

മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടിട്ട് 5 മാസം; വിവാദങ്ങളില്‍ പ്രതികരണമില്ല

മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളെ കണ്ടിട്ട് ഇന്നേക്ക് 150 ദിവസം. ഫെബ്രുവരി 09 നാണ് അദ്ദേഹം അവസാനമായി വാര്‍ത്താസമ്മേളനം നടത്തിയത്. ഇന്ധന സെസ്സിനെതിരെ പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചപ്പോളാണ് അദ്ദേഹം അവസാനമായി വാര്‍ത്താസമ്മേളനം നടത്തിയത്. മുമ്പൊരിക്കലും ഒരു മുഖ്യമന്ത്രിയും ഇത്ര നീണ്ടകാലം മാധ്യമങ്ങളില്‍ നിന്നും അകലം പാലിച്ചിട്ടില്ല.

നേരത്തെ മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണാറുള്ള അദ്ദേഹം പിന്നീട് അത് പത്രക്കുറിപ്പ് വഴി അറിയിക്കുകയായിരുന്നു. മറ്റു പ്രതികരണങ്ങളെല്ലാം സാമൂഹ്യ മാധ്യമങ്ങള്‍ വഴി അറിയിക്കുകയും ചെയ്യും. പത്രസമ്മേളനങ്ങളില്‍ അല്ലാതെ മാധ്യമങ്ങളോട് പ്രതികരിക്കില്ല എന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയനുള്ളത്. അദ്ദേഹത്തിനുള്ള അസാധാരണമായ സുരക്ഷാവിലയങ്ങളും മാധ്യമങ്ങളെ കൂടുതല്‍ അകറ്റുന്നുണ്ട്.

കോവിഡ് സമയത്ത് നിരന്തരം കണക്ക് പറയാന്‍ വാര്‍ത്താ സമ്മേളനം വിളിച്ച മുഖ്യമന്ത്രി കോവിഡ് പ്രതിസന്ധി ഒഴിഞ്ഞ് എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ എത്തിയപ്പോള്‍ മാധ്യമങ്ങളെ അകറ്റുന്ന രീതിയാണ് കാണുന്നത്. എ.ഐ ക്യാമറ ഇടപാട്, കെ ഫോണ്‍, ലോക കേരള സഭ, എസ്എഫ്‌ഐ ഉള്‍പ്പെട്ട കേസുകള്‍, മാധ്യമങ്ങള്‍ക്കെതിരെ നടക്കുന്ന വേട്ടയാടല്‍ തുടങ്ങിയ വിഷയങ്ങളില്‍ ഒന്നും അദ്ദേഹം ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

webdesk11: