എം.വി.ഡി ഓഫിസുകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍. ഒന്‍പത് മാസത്തെ സേവനത്തുക കുടിശ്ശികയായതോടെ എം.വി.ഡിക്കുള്ള ഫെസിലിറ്റി മാനേജ്‌മെന്റ് സേവനങ്ങള്‍ സിഡിറ്റ് നിര്‍ത്തി ജീവനക്കാരെ പിന്‍വലിച്ചു. എം.വി.ഡി ഓഫിസുകളിലെ കംപ്യൂട്ടറും ഇന്റര്‍നെറ്റ് സേവനങ്ങളും തകരാറിലായാല്‍ ശരിയാക്കാന്‍ പോലും ഇനി ആളില്ല.
ഒമ്പതു മാസത്തെ കുടിശ്ശികയാണ് വകുപ്പ് നൽകാനുള്ളതെന്ന് സി-ഡിറ്റ് ഇക്കഴിഞ്ഞ ശനിയാഴ്ച പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കി. സമാന രീതിയിൽ 2021ലും സി-ഡിറ്റ് മോട്ടോർ വാഹന വകുപ്പിന്‍റെ സേവനങ്ങൾ നിർത്തിയിരുന്നു. പിന്നീട് സർക്കാർ ഇടപെട്ടാണ് ഇത് പുനരാരംഭിച്ചത്. കരാറുമായി മുന്നോട്ടുപോകവെയാണ് വീണ്ടും വൻ തുക കുടിശ്ശിക വന്നത്.
കുടിശ്ശിക തീര്‍ക്കണമെന്ന് കാണിച്ച് പല തവണ എം.വി.ഡിക്ക് കത്തയച്ചെങ്കിലും തീരുമാനമില്ലാതെ നീണ്ടതോടെയാണ് ഈ മാസം 17ന് ജീവനക്കാരെ ഉള്‍പ്പെടെ സി-ഡിറ്റ് പിന്‍വലിച്ചത്.