ലൈസന്‍സില്ല, ജീവന്‍രക്ഷാ ഉപകരണങ്ങളില്ല, അനധികൃതമായി മീന്‍പിടിത്തത്തിനിറങ്ങിയ 5 വള്ളങ്ങള്‍ ഫിഷറീസ് വകുപ്പ് കസ്റ്റഡിയിലെടുത്തു. മുന്‍കരുതലുകളില്ലാതെ കടലില്‍ മീന്‍പിടിത്തത്തിനിറങ്ങുന്നതു കര്‍ശനമായി വിലക്കിയിരിക്കുകയാണ്. ട്രോളിങ് നിരോധനമായതിനാല്‍ ബോട്ടുകളെല്ലാം കരയില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. പരമ്പരാഗത വള്ളങ്ങള്‍ മാത്രമാണു മീന്‍പിടിത്തത്തിനിറങ്ങുന്നത്. ചൊവ്വാഴ്ച രാവിലെ ആറിനു നടത്തിയ പരിശോധനയിലാണു വള്ളങ്ങള്‍ പിടികൂടിയത്.
പൊന്നാനി ഫിഷറീസ് സ്‌റ്റേഷന്‍ അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം ചൊവ്വാഴ്ച രാവിലെ മുതല്‍ പരിശോധനയ്ക്കിറങ്ങിയിരുന്നു. ട്രോളിങ് നിരോധന കാലത്തു പരമ്പരാഗത വള്ളക്കാര്‍ നടത്തിവരുന്ന പോത്തന്‍ വല ഉപയോഗിച്ചുള്ള അനധികൃത മീന്‍പിടിത്തം തടയുന്നതിനും പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്.