X

ഇനിയെല്ലാം വെംബ്ലിയില്‍ :ആദ്യ സെമിയില്‍ സ്‌പെയിന്‍ ഇറ്റലിക്കെതിരെ

റോം: യൂറോയിലും സെമി ചിത്രം പൂര്‍ണം. ആദ്യ പോരാട്ടത്തില്‍ സ്‌പെയിന്‍ ഇറ്റലിക്കെതിരെ കളിക്കുമ്പോള്‍ രണ്ടാം സെമിയില്‍ ഇംഗ്ലണ്ട് ഡെന്മാര്‍ക്കുമായി കളിക്കും. രണ്ട് നാള്‍ വിശ്രമത്തിന് ശേഷം നാളെ മുതല്‍ കിടിലന്‍ പോരാട്ടങ്ങള്‍. നായകന്‍ ഹാരി കെയിന്‍ തകര്‍പ്പന്‍ ഫോമിലേക്ക് വന്ന റോം പോരാട്ടത്തില്‍ ഉക്രൈനെ നാല് ഗോളിന് തകര്‍ത്താണ് ഇംഗ്ലണ്ട് അവസാന നാലില്‍ ഇടം നേടിയത്. വന്‍കരാ ചാമ്പ്യന്‍ഷിപ്പില്‍ ഇതാദ്യമായി സെമി കളിക്കുന്ന ഇംഗ്ലണ്ടിന് ഇനിയുള്ള മല്‍സരങ്ങളെല്ലാം സ്വന്തം വേദിയായ വെംബ്ലിയിലാണ്. 1966 ലെ ലോകകപ്പ് നേട്ടത്തിന് ശേഷം രാജ്യാന്തര ഫുട്‌ബോളില്‍ കാര്യമായ നേട്ടങ്ങളൊന്നും സമ്പാദിക്കാന്‍ കഴിയാതിരുന്ന ഇംഗ്ലണ്ടിന് യൂറോയില്‍ മുത്തമിടാനുള്ള സുവര്‍ണാവസരമാണ് മുന്നില്‍.

പ്രി ക്വാര്‍ട്ടറില്‍ ജര്‍മനിക്കെതിരെ നേടാനായ തകര്‍പ്പന്‍ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇംഗ്ലണ്ട് ഉക്രൈനെതിരെ കളിച്ചത്. ജര്‍മനിക്കെതിരായ മല്‍സരം സ്വന്തം വേദിയായ വെംബ്ലിയിലായിരുന്നെങ്കില്‍ ഉക്രൈനെതിരായ പോരാട്ടം റോമിലെ ഒളിംപിക് സ്‌റ്റേഡിയത്തിലായിരുന്നു.

കോവിഡ് തരംഗം നിലനില്‍ക്കുന്നതിനാല്‍ യാത്ര ഒഴിവാക്കാന്‍ ഇംഗ്ലീഷ് ഭരണകൂടം സ്വന്തം ആരാധകരോട് അഭ്യര്‍ത്ഥിച്ചിരുന്നതിനാല്‍ സ്‌റ്റേഡിയത്തിലേക്ക് പതിവ് ഒഴുക്കുണ്ടായിരുന്നില്ല. പക്ഷേ നാലാം മിനുട്ടില്‍ തന്നെ ഇംഗ്ലണ്ട് ഉക്രൈനെ ഞെട്ടിച്ചു. ചാമ്പ്യന്‍ഷിപ്പിലുടനീളം അതിമനോഹരമായി കളിക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റി താരം റഹിം സ്‌റ്റെര്‍ലിങ് നല്‍കിയ ക്രോസില്‍ നിന്ന് നായകന്‍ ഹാരി കെയിനായിരുന്നു ആദ്യ വെടി പൊട്ടിച്ചത്. തിരിച്ചടിക്കാന്‍ കാര്യമായ ശ്രമങ്ങളൊന്നും നടത്താന്‍ ഉക്രൈനായില്ല.

ആദ്യ പകുതിക്ക് പിരിയുമ്പോള്‍ സ്‌ക്കോര്‍ ഇംഗ്ലണ്ടിന് അനുകൂലമായി 1-0. രണ്ടാം പകുതി തുടങ്ങിയതും ഡിഫന്‍ഡര്‍ ഹാരി മക്‌ഗെയറുടെ ഗോളെത്തി. ലൂക്ക് ഷായുടെ കോര്‍ണറിന് മക്‌ഗെയര്‍ തലവെച്ചപ്പോള്‍ ഒരിക്കല്‍ കൂടി ഉക്രൈന്‍ ഗോള്‍ക്കീപ്പര്‍ പരാജിതനായി. നാല് മിനുട്ടിനിടെ അതാ വരുന്നു ഹാരിയുടെ രണ്ടാം ഗോള്‍. ഇത്തവണയും പന്ത് നല്‍കിയത് ലുക് ഷാ. ഡിഫന്‍ഡര്‍ ഹെന്‍ഡേഴ്‌സണ്‍ നാലാം ഗോള്‍ നേടുന്നത് അറുപതിമൂന്നാം മിനുട്ടില്‍. ഇതോടെ ഉക്രൈന്‍ പൂര്‍ണമായും ചിത്രത്തില്‍ നിന്ന് പുറത്തായി.

Test User: